യൂറോകപ്പ് സെമിഫൈനല്‍ തേടി ബെല്‍ജിയവും വെയില്‍സും

ലില്‍ (ഫ്രാന്‍സ്): കഴിഞ്ഞവര്‍ഷം ജൂണില്‍ യൂറോകപ്പ് യോഗ്യതാമത്സരത്തില്‍ ബെല്‍ജിയത്തിലെ വലയില്‍ ഒരു ഗോള്‍ പിറന്നു. യൂറോകപ്പിന് യോഗ്യതനേടിയുള്ള ഗ്രൂപ് ബി പോരാട്ടത്തില്‍ വെയില്‍സിന്‍െറ സൂപ്പര്‍താരം ഗാരെത് ബെയ്ലായിരുന്നു ആ സ്കോറര്‍. കാഡിഫില്‍ നാട്ടുകാരുടെ മുന്നില്‍ നടന്ന അങ്കത്തില്‍ ബെയ്ല്‍ പന്ത് നെഞ്ചില്‍ സ്വീകരിച്ച് തൊടുത്ത ഷോട്ടാണ് തിബോ കോര്‍ട്ടുവയെന്ന ശ്രദ്ധേയ ഗോളിയെ മറികടന്ന് വലയിലത്തെിയത്. ഈ ജയത്തോടെയാണ് യൂറോകപ്പിലെ കന്നിപ്രവേശം വെയില്‍സ് ഏതാണ്ടുറപ്പിച്ചത്. കരിയറിലെ ഏറ്റവുംമികച്ച ഗോളായി ബെയ്ല്‍ വിശേഷിപ്പിച്ചതും അതുതന്നെയായിരുന്നു. യോഗ്യതനേടിയ ബെല്‍ജിയവും വെയില്‍സും ഒരു വര്‍ഷത്തിനിപ്പുറം യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ വെള്ളിയാഴ്ച ഇന്ത്യന്‍സമയം അര്‍ധരാത്രി 12.30ന് ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. സ്റ്റഡ് പിയറി മൗറോയിയില്‍ തീപാറുന്ന മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഫിഫ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയം നിരയില്‍ പരുകേട്ട താരങ്ങള്‍ ഏറെയാണ്. ക്യാപ്റ്റന്‍ ഏദന്‍ ഹസാര്‍ഡ്, കെവിന്‍ ഡിബ്രുയിന്‍, മൗറോനെ ഫെല്ലയ്നി, റൊമേലു ലുകാകു, ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടുവ തുടങ്ങിയ മിടുക്കരുണ്ട് മാര്‍ക് വില്‍മോട്സ് പരിശീലിപ്പിക്കുന്ന ടീമില്‍. 2013ല്‍ വെയില്‍സിനെ നേരിട്ട മത്സരത്തില്‍ ഒരു ഗോള്‍ നേടിയത് ഡിബ്രൂയിനായിരുന്നു.  മികച്ച ഫോമിലാണ് താരം. രാജ്യത്തിനായി കളിച്ച കഴിഞ്ഞ 12 മത്സരങ്ങളില്‍ അഞ്ചു ഗോളുകളും ഏഴു ഗോള്‍സഹായവുമായിരുന്നു ഡിബ്രുയിന്‍െറ സംഭാവന. ക്യാപ്റ്റന്‍ ഏദന്‍ ഹസാര്‍ഡും മോശക്കാരനല്ല. യൂറോകപ്പില്‍ നാലു ഗോളുകള്‍ക്ക് സഹായമേകിയത് ഹസാര്‍ഡായിരുന്നു. ഹംഗറിക്കെതിരെ 12 ഡ്രിബ്ളിങ്ങുമായി പന്തടക്കത്തിലും മുന്നില്‍ ഈ താരംതന്നെ. 1980ന് ശേഷം യൂറോകപ്പിലെ ഡ്രിബ്ളിങ് റെക്കോഡും ഇതുതന്നെ. തുടക്ക് പരിക്കേറ്റ ഹസാര്‍ഡ് കളിക്കുമെന്നാണ് കോച്ച് പറയുന്നത്. ഹസാര്‍ഡ് വ്യാഴാഴ്ച പരിശീലനത്തിനിറങ്ങിയിരുന്നു. സസ്പെന്‍ഷന്‍ കാരണം ഡിഫന്‍ഡര്‍ തോമസ് വെര്‍മെയ്ലന്‍ കളിക്കില്ല. മരണഗ്രൂപ്പായ ‘ഇ’യില്‍ ഇറ്റലിയോട് 2-0ത്തിന് തോറ്റ ബെല്‍ജിയം പിന്നീട് ഗംഭീരമായാണ് മുന്നേറിയത്. കഴിഞ്ഞ മൂന്നുമത്സരങ്ങളില്‍ അടിച്ചുകൂട്ടിയത് എട്ടുഗോളുകളാണ്. 1986ലെ മെക്സികോ ലോകകപ്പിനുശേഷം സെമിപ്രതീക്ഷയേകുന്ന പ്രധാനഘടകവും ഈ മുന്നേറ്റമാണ്. 1980ല്‍ യൂറോകപ്പ് ഫൈനല്‍ പ്രവേശം ആവര്‍ത്തിക്കുകയാണ് പിന്നീടുള്ള ലക്ഷ്യം. കോച്ച് വില്‍മോട്സിനും ഹസാര്‍ഡിനുമെല്ലാം തികച്ചും വൈകാരികം കൂടിയാണ് ലിലിലെ സ്റ്റഡ് പിയറി മൗറോയിലെ മത്സരം. വില്‍മോട്സ് കളിച്ചതും കളിപഠിപ്പിച്ച് തുടങ്ങിയതും ഇവിടെനിന്നാണ്. ഹസാര്‍ഡ് പ്രഫഷനല്‍ ഫുട്ബാളിന് തുടക്കമിട്ടതും ഈ നഗരത്തില്‍നിന്നാണ്. വെറും 15 കി.മീറ്റര്‍ കടന്നാല്‍ ബെല്‍ജിയത്തിന്‍െറ മണ്ണിലത്തൊം. അതിനാല്‍ നാട്ടുകാരുടെ വന്‍പട ടീമിന് പിന്തുണയേകാനത്തെും.

ബെയ്ലിനെയാണ് പേടി
റയല്‍ മഡ്രിഡിന്‍െറ സൂപ്പര്‍താരമായ വെയില്‍സിന്‍െറ ബെയ്ലിനെ കൈകാര്യംചെയ്യാന്‍ പ്രത്യേകം ആളെ നിയമിക്കില്ളെന്നാണ് ബെല്‍ജിയം കോച്ച് ആണയിടുന്നത്. കൂട്ടായശ്രമം നടത്തും. എന്നാല്‍, വിങ്ങിലും മധ്യത്തിലുമെല്ലാം ഓടിനടക്കുന്ന ബെയ്ലിനെ നേരിടുന്നത് എളുപ്പമാവില്ല.
ഇംഗ്ളണ്ടും റഷ്യയുമടക്കമുള്ള ഗ്രൂപ്പില്‍നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയ വെയില്‍സ് ഉത്തര അയര്‍ലന്‍ഡിനെ ഉത്തരംമുട്ടിച്ചാണ് അവസാന എട്ടിലത്തെിയത്. ബെയ്ലിന് പുറമെ ആരോണ്‍ റാംസിയാണ് ടീമിലെ മറ്റൊരു പ്രമുഖതാരം. റാംസി, ബെന്‍ ഡേവിസ്, സാം വോക്സ് തുടങ്ങി നിരവധി താരങ്ങള്‍ക്ക് ഒരു മഞ്ഞക്കാര്‍ഡ് കിട്ടിക്കഴിഞ്ഞു. ഒന്നുകൂടി വാങ്ങിവെച്ചാല്‍ ജയിച്ചാലും സെമിയില്‍ തിരിച്ചടിയാകും. 12 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അഞ്ചുവട്ടം ബെല്‍ജിയം ജയിച്ചു. നാലെണ്ണം വെയില്‍സും. മൂന്നു മത്സരങ്ങള്‍ സമനിലയായി. 3-5-2 എന്ന ഫോര്‍മേഷനാണ് വെയില്‍സിന്‍െറ വിജയഗാഥക്ക് പ്രധാനകാരണം. ഇറ്റലിയുടെ മന്നേറ്റവും ഇതേ കളിശൈലിയില്‍തന്നെ. മറ്റാരും കാര്യമായി ഉപയോഗപ്പെടുത്താത്ത ഈ ഫോര്‍മേഷന്‍ വിട്ട് ഇടക്ക് 3-4-3ലേക്കും വെയില്‍സ് മാറാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.