കുലുക്കമില്ലാതെ ബഫണ്‍

ബോര്‍ഡയോക്സ്: ഗോഡ്ഫാദര്‍ സിനിമയിലെ അഞ്ഞൂറാനെപ്പോലെയായിരുന്നു ജിയാന്‍ല്യൂഗി ബഫണ്‍. കാരണവര്‍ മക്കളോട് പറയുന്നപോലെ ഇറ്റാലിയന്‍ ഗോള്‍മുഖത്തുനിന്ന് ബഫണ്‍ കല്‍പിക്കും. ‘അടിയെടാ പിള്ളേരേ...’ അവര്‍ പന്തുമായി എതിരാളികളുടെ വലകുലുക്കി തിരിച്ചുവരുമ്പോള്‍ കപ്പിത്താനായി ആവേശം കൊള്ളിച്ച് ബഫണ്‍ ആര്‍ത്തുവിളിക്കും.ആവുന്നിടത്തോളം അടിക്കുക. പറ്റിയില്ളെങ്കില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വരെ കളി എത്തിക്കുക. അതുകഴിഞ്ഞാല്‍ ഞാന്‍ ഏറ്റൂ... ഇതാണ് ബഫണ്‍ സ്റ്റൈല്‍. ക്രോസ്ബാറിനു കീഴില്‍ തലകുത്തിമറിയുന്ന ബഫന്‍െറ കരുത്തില്‍ ലോക കപ്പുവരെ സ്വന്തമാക്കിയിട്ടുണ്ട് ഇറ്റലി. ബഫണ്‍ എന്നത് വെറുമൊരു ഗോളിയുടെ പേരല്ല, ഇറ്റലിയുടെ ആത്മവിശ്വാസത്തിന്‍െറ പേരാണ്.

യൂറോ കപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ പക്ഷേ, പെനാല്‍റ്റി കിക്ക് സഡന്‍ ഡത്തെിലേക്ക് നീട്ടിക്കൊണ്ടുപോകാനേ ബഫണ് കഴിഞ്ഞുള്ളൂ. ജോനാസ് ഹെക്ടറിന്‍െറ ഒടുവിലത്തെ കിക്ക്  കൈയിലുരുമ്മി വലയില്‍ പതിച്ചപ്പോള്‍ ബഫന്‍െറ കണ്ണുകള്‍ നിറഞ്ഞുപോയി. ‘ആ കണ്ണീരില്‍ എന്‍െറ നിരാശയുണ്ട്. പക്ഷേ, എനിക്ക് ഖേദമില്ല. ജര്‍മനിയെപോലൊരു ടീം അഞ്ച് പെനാല്‍റ്റി കിക്കില്‍ മൂന്നും പാഴാക്കിയിട്ടും കളി ജയിക്കാതിരിക്കുക എന്നത് നാണക്കേടാണ്. ചിലപ്പോള്‍ കളി നിങ്ങളുടെ വഴിക്കുവരും. മറ്റും ചിലപ്പോള്‍ നേരേ തിരിച്ചുമായിരിക്കും. അതാണ് കളി’ -കളിക്കുശേഷം ബഫണ്‍ പ്രതികരിച്ചതിങ്ങനെയായിരുന്നു. മുഴുവന്‍ സമയത്തും എക്സ്ട്രാ സമയത്തും 1-1 എന്ന നിലയില്‍ സമനിലയിലായപ്പോഴാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കളിയിലുടനീളം ക്യാപ്റ്റന്‍കൂടിയായ ബഫണ്‍ തന്‍െറ ക്ളാസ് കളത്തില്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പേരുകേട്ട പ്രതിരോധം പിളര്‍ന്നത്തെിയ ജര്‍മന്‍ പടയെ ബഫണ്‍ ഒറ്റക്ക് പ്രതിരോധിച്ച നിരവധി നിമിഷങ്ങളുണ്ടായി. അപ്പോഴൊന്നും 38 വയസ്സിന്‍െറ ഇടര്‍ച്ചകളൊന്നും ഈ യുവന്‍റസ് താരത്തില്‍നിന്ന് കാണാനേ കഴിഞ്ഞില്ല.

പെനാല്‍റ്റി ഷൂട്ടൗട്ടിലും പന്തിന്‍െറ നീക്കം മറ്റേതൊരു ഗോളിയെക്കാളും കൃത്യമായി ബഫണ്‍ മനസ്സിലാക്കിയിരുന്നു. ബഫണ്‍ ചാടിയ ദിക്കിലേക്കു തന്നെയായിരുന്നു എല്ലാ കിക്കും വന്നത്. ഒരെണ്ണം തടഞ്ഞിടുകയും ചെയ്തു. സെമി കാണാതെ ടീം പുറത്തായെങ്കിലും അതിന്‍െറ പേരില്‍ കളി അന്താരാഷ്ട്ര മത്സരം അവസാനിപ്പിക്കാനൊന്നും ബഫണില്ല. താനിപ്പോഴും ഉജ്ജ്വല ഫോമിലാണെന്ന് ബഫണ്‍ ഉറപ്പിച്ചു പറയുന്നു. അടുത്ത മോസ്കോ ലോക കപ്പ് ഫുട്ബാളിലും ക്രോസ്ബാറിന് കീഴില്‍ അഞ്ഞൂറാനായിനിന്ന് ‘അടിച്ചുകേറെടാ പിള്ളേരേ...’ കല്‍പിക്കാന്‍ താനുണ്ടാകുമെന്ന് ബഫണ്‍ ആത്്മവിശ്വാസം കൊള്ളുന്നു. അപ്പോള്‍ തനിക്ക് 40 വയസ്സാകുമെങ്കിലും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.