പാരിസ്: ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ബെല്‍ജിയം-യൂറോകപ്പ് തുടങ്ങുന്നതിന് മുമ്പുള്ള പ്രവചനങ്ങളില്‍ അവസാന നാലിലേക്ക് കണക്കുകൂട്ടിയിരുന്നത് ഇവരെയായിരുന്നു. ബെല്‍ജിയത്തിന്‍െറ പ്രതീക്ഷകളെ അട്ടിമറിയിലൂടെ മറികടന്ന് വെയില്‍സും തുല്യശക്തികളുടെ പോരില്‍ ഇറ്റലിയെ മടക്കി ജര്‍മനിയും ഐസ്ലന്‍ഡിന്‍െറ പോസ്റ്റില്‍ ഗോള്‍ മഴ പെയ്യിച്ച് ഫ്രാന്‍സും സെമിയിലേക്കത്തെിയപ്പോള്‍ അപ്രതീക്ഷിത ലോട്ടറിയുമായി പോര്‍ചുഗലും പട്ടികയില്‍ ഇടംനേടിയിരിക്കുന്നു. ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ റയല്‍ മഡ്രിഡിലെ കളിക്കൂട്ടുകാരായ ക്രിസ്റ്റ്യാനോയുടെ പോര്‍ചുഗലും ബെയ്ലിന്‍െറ വെയില്‍സും നേര്‍ക്കുനേര്‍ പോരടിക്കും. കലാശപ്പോരിനായുള്ള യുദ്ധത്തില്‍ വ്യാഴാഴ്ച ജര്‍മനിക്ക് നേരിടേണ്ടത് ആതിഥേയരായ ഫ്രാന്‍സിനെയാണ്.
 പ്രവചനം അസാധ്യമാക്കുംവിധം തുല്യശക്തികളുടെ പോരാട്ടമാണ് രണ്ട് സെമിഫൈനലിലും അരങ്ങേറുക.

ഐസ്ലന്‍ഡിന് മടക്കം

വമ്പന്മാര്‍ പലരും കാലിടറിവീണ യൂറോകപ്പില്‍ ഓര്‍ത്തുവെക്കാന്‍ ഒരുപിടി മധുരസ്മരണകളുമായാണ് ഐസ്ലന്‍ഡ് യൂറോയില്‍നിന്ന് മടങ്ങുന്നത്. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെ 5-2ന് പരാജയമറിഞ്ഞെങ്കിലും എഴുതിത്തള്ളാനാവാത്ത കരുത്തരാണ് തങ്ങളെന്ന് എഴുതിവെച്ചാണ് ഐസ്ലന്‍ഡ് ടീമും 20,000 കാണികളും നാട്ടിലേക്ക് തിരിക്കുന്നത്. ക്രിസ്റ്റ്യാനോയുടെ പോര്‍ചുഗല്‍ മുതല്‍ വെയ്ന്‍ റൂണിയുടെ ഇംഗ്ളണ്ട് വരെ ഐസ്ലന്‍ഡിന്‍െറ തേരോട്ടത്തില്‍ വീണുപോയി. അതേസമയം, ടൂര്‍ണമെന്‍റിലെ ഒരുമത്സരത്തിലും ഒരുഗോളില്‍ കൂടുതല്‍ വഴങ്ങാതെ ക്വാര്‍ട്ടറിലത്തെിയ ഐസ്ലന്‍ഡിന്‍െറ നിഴല്‍മാത്രമായിരുന്നു ഞായറാഴ്ച ഫ്രാന്‍സിനെതിരെ കണ്ടത്. ഒലിവര്‍ ജിറൗഡിന്‍െറ ഇരട്ട ഗോളും പോള്‍ പൊഗ്ബെയുടെയും ദിമിത്രി പായെറ്റിന്‍െറയും ഗ്രീസ്മാന്‍െറയും മനോഹര ഗോളുകളും ഫ്രാന്‍സിന്‍െറ പട്ടിക നിറച്ചപ്പോള്‍ രണ്ടാം പകുതിയില്‍ കോള്‍ബെന്‍ സിഗ്തോര്‍സണും ബികിര്‍ ബര്‍നാന്‍സണും നേടിയ ഗോള്‍ മാത്രമാണ് ഐസ്ലന്‍ഡിന് ആശ്വസിക്കാന്‍ വക നല്‍കിയത്. ആദ്യ പകുതിയില്‍ നാലു ഗോള്‍ നേടിയ ഫ്രാന്‍സിനെ രണ്ടാം പകുതിയില്‍ പിട്ടിച്ചുകെട്ടിയതാണ് ഐസ്ലന്‍ഡിന്‍െറ മറ്റൊരാശ്വാസം.

12ാം മിനിറ്റില്‍ ഒലിവര്‍ ജിറൗഡാണ് ഫ്രഞ്ച് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. മറ്റൗഡിയുടെ ലോങ്പാസ് ഇടങ്കാലില്‍ സ്വീകരിച്ച ജിറൗഡ് ഗോളി മാത്രം മുന്നില്‍നില്‍ക്കെ ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോള്‍ ഫ്രാന്‍സിന്‍െറ സ്കോര്‍ബോര്‍ഡില്‍ ആദ്യ ഗോള്‍ തെളിഞ്ഞു. ഏഴ് മിനിറ്റിനപ്പുറം പൊഗ്ബെയുടെ പറക്കും ഹെഡറത്തെി. ഗ്രീസ്മാന്‍െറ കോര്‍ണറിനൊപ്പം പറന്നുയര്‍ന്ന പൊഗ്ബെ ഈ സീസണിലെ ആദ്യ അന്താരാഷ്ട്ര ഗോള്‍ കുറിച്ചു. ഇഞ്ച്വറി ടൈമിന് തൊട്ടുമുമ്പത്തെ രണ്ടു മിനിറ്റില്‍ പായെറ്റും ഗ്രീസ്മാനും ചേര്‍ന്ന് ഐസ്ലന്‍ഡിന് ഇരട്ടപ്രഹരമേല്‍പിച്ചു. ഗ്രീസ്മാന്‍ പിന്നിലേക്ക് തട്ടിക്കൊടുത്ത ബാക്ക് പാസ് പെനാല്‍റ്റി ബോക്സിന് പുറത്തുനിന്ന് ഐസ്ലന്‍ഡ് പ്രതിരോധത്തിനിടയിലൂടെ മനോഹരമായി വലക്കുള്ളിലാക്കി പായെറ്റ് ലീഡുയര്‍ത്തി. ഞെട്ടല്‍ മാറുംമുമ്പേ ഗ്രീസ്മാന്‍ വീണ്ടും അവതരിച്ചു. ഇക്കുറി ജിറൗഡാണ് പാസ് നല്‍കിയത്.

‘ഓട്ടമത്സരത്തില്‍’ ഐസ്ലന്‍ഡ് പ്രതിരോധനിരയെ പിന്നിലാക്കി മുന്നേറിയ ഗ്രീസ്മാന്‍ ഗോളി ഹാല്‍ഡോര്‍സണെ കബളിപ്പിച്ച് വലതുമൂലയിലേക്ക് പ്ളേസ് ചെയ്തു.
രണ്ടാം പകുതിയില്‍ ഐസ്ലന്‍ഡ് പൊരുതിനോക്കി. 55ാം മിനിറ്റില്‍ ആശ്വാസ ഗോളത്തെി. സിഗര്‍ഡ്സന്‍െറ ക്രോസില്‍  സിഗ്തോര്‍സണ്‍ ലക്ഷ്യത്തിലേക്ക് കാല്‍വെച്ചു. മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോള്‍ പായറ്റിന്‍െറ ഫ്രീകിക്കില്‍ ഹെഡര്‍ഗോള്‍ തീര്‍ത്ത് ഒളിവര്‍ ജിറൗഡ് ഫ്രാന്‍സിന്‍െറ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 84ാം മിനിറ്റില്‍ സ്കുലാസന്‍െറ ലോങ് പാസ് വലയിലാക്കി ബര്‍നാന്‍സണ്‍ ഐസ്ലന്‍ഡിന് ടൂര്‍ണമെന്‍റിലെ അവസാന ഗോള്‍ സമ്മാനിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.