ക്രിസ്റ്റ്യാനോ x ബെയ്ല്‍

ആധികാരിക ജയങ്ങളുമായി സെമിവരെയത്തെിയ യൂറോയിലെ കന്നിക്കാരായ വെയില്‍സും ഭാഗ്യ അകമ്പടിയില്‍ അവസാന നാലുപേരിലൊരാളായ പോര്‍ചുഗലും. റയലിലെ സഹതാരങ്ങളായ ക്രിസ്റ്റ്യാനോയും ബെയ്ലും മുഖാമുഖമെന്ന നിലയിലാണ് ഒളിമ്പിക് ല്യോണിസിലെ മത്സരം ശ്രദ്ധേയമാകുന്നത്.

ഗ്രൂപ് റൗണ്ടില്‍ ഇംഗ്ളണ്ടിനൊപ്പമായിരുന്നു വെയില്‍സിന്‍െറ സ്ഥാനം. മൂന്നില്‍ രണ്ട് ജയം (2-1 സ്ലോവാക്യ), (3-0 റഷ്യ),  ഒരു തോല്‍വി ( 1-2 ഇംഗ്ളണ്ട്). പ്രീക്വാര്‍ട്ടറില്‍ വടക്കന്‍ അയര്‍ലന്‍ഡിനെയും (1-0), ക്വാര്‍ട്ടറില്‍ കരുത്തരായ ബെല്‍ജിയത്തെയും (3-1) തകര്‍ത്താണ് ബെയ്ലും സംഘവും വെയില്‍സിന്‍െറ ചരിത്രത്തിലെ വലിയ പോരാട്ടത്തിനിറങ്ങുന്നത്.
പോര്‍ചുഗലാകട്ടെ തട്ടിയുംമുട്ടിയുമാണ് സെമിവരെ വരുന്നത്. 90 മിനിറ്റും എതിരാളിക്കുമേല്‍ മേധാവിത്വം സ്ഥാപിച്ചൊരു മത്സരമെന്ന് പറയാനില്ല. ഗ്രൂപ് ‘എഫി’ല്‍ മൂന്നും സമനില. ഐസ്ലന്‍ഡ് (1-1), ഓസ്ട്രിയ (0-0), ഹംഗറി (3-3) എന്നിങ്ങനെ പ്രകടനം. പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെ അധിക സമയത്തും (1-0), ക്വാര്‍ട്ടറില്‍ പോളണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലും വീഴ്ത്തിയായിരുന്നു കുതിപ്പ്.

സസ്പെന്‍ഷനില്‍ കുരുങ്ങി വെയില്‍സ്

മിഡ്ഫീല്‍ഡര്‍ ആരോണ്‍ റംസി, ഡിഫന്‍ഡര്‍ ബെന്‍ ഡേവിസ് എന്നിവരുടെ സസ്പെന്‍ഷന്‍ വെയില്‍സിന് തിരിച്ചടിയാകും. കഴിഞ്ഞ മത്സരങ്ങളിലെല്ലാം വെയില്‍സിന്‍െറ ആക്രമണങ്ങളിലെ സൂത്രധാരനായിരുന്നു ആഴ്സനല്‍ താരമായ റംസി. ഡേവിസിന് പകരം ജെയിംസ് കോളിനും റംസിക്ക് പകരം ആന്‍ഡി കിങ്ങും പ്ളെയില്‍ ഇലവനില്‍ ഇറങ്ങിയേക്കും. പോര്‍ചുഗല്‍ നിരയില്‍ പ്രതിരോധതാരം വില്യം കാര്‍വാലോയും കളിക്കില്ല.

അതേസമയം, ഓരോ മത്സരം കഴിയുമ്പോഴും ടീമെന്നനിലയില്‍ പോര്‍ചുഗല്‍ കൂടുതല്‍ ശക്തിപ്പെടുന്നത് പ്രതീക്ഷ നല്‍കുന്നു. ക്രിസ്റ്റ്യാനോക്കൊപ്പം നാനി, റിക്വാര്‍ഡോ കറെസ്മോ, കൗമാരതാരം റെനറ്റോ സാഞ്ചസ് എന്നിവരും ഏതു നിമിഷവും സ്കോര്‍ ചെയ്യാന്‍ മിടുക്കുള്ളവര്‍.
വെയില്‍സിനെ വീഴ്ത്തി ഫൈനലിലത്തെുമെന്നതില്‍ ക്രിസ്റ്റ്യാനോക്ക് സംശയമില്ല. 12 വര്‍ഷം മുമ്പ് നെതര്‍ലന്‍ഡ്സിനെ സെമിയില്‍ നേരിടുമ്പോള്‍ ക്രിസ്റ്റ്യാനോയുടെ ഗോളിലായിരുന്നു പോര്‍ചുഗല്‍ തുടങ്ങിയത്.
പക്ഷേ, ഫൈനലില്‍ ഗ്രീസിനോട് ഏകപക്ഷീയ ഗോളിന് തോല്‍വി വഴങ്ങി കിരീടം നഷ്ടമായി.  

ജര്‍മനിക്ക് ആതിഥേയ വെല്ലുവിളി

കിരീടമുയര്‍ത്താന്‍ ഇക്കുറി സാധ്യത കല്‍പിക്കുന്നവരില്‍ പ്രമുഖരാണ് ലോക ചാമ്പ്യന്മാരായ ജര്‍മനിയും ആതിഥേയരായ ഫ്രാന്‍സും. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിയെ ഷൂട്ടൗട്ടും കടന്ന്, സഡന്‍ഡത്തെിലെ ഭാഗ്യപരീക്ഷണത്തില്‍ വീഴ്ത്തിയ ജര്‍മനി ഇനി കപ്പുമായേ പറക്കൂ എന്ന തീരുമാനത്തിലാണ്. ആതിഥേയരെന്നനിലയില്‍ ഒന്നും കൈവിട്ടിട്ടില്ളെന്ന പാരമ്പര്യം ഫ്രാന്‍സിനുണ്ട്. ഫിഫ ലോകകപ്പ് (1998), കോണ്‍ഫെഡറേഷന്‍ കപ്പ് (2003), യൂറോകപ്പ് (1984) എന്നിവ സ്വന്തമാക്കിയത് സ്വന്തം മണ്ണില്‍വെച്ചാണ്. എന്നാല്‍, 1958നുശേഷം ഒരു ടൂര്‍ണമെന്‍റില്‍ ജര്‍മനിയെ ജയിച്ചിട്ടില്ളെന്ന ചരിത്രം മറികടന്നെങ്കിലേ ഇക്കുറി ഫ്രഞ്ചുപടയുടെ യൂറോ മോഹങ്ങള്‍ പൂക്കൂ.
ഗ്രൂപ് റൗണ്ടില്‍ ആധികാരികമായിരുന്നു ഇരുവരുടെയും വരവ്. ‘സി’യില്‍ ജര്‍മനി രണ്ട് ജയവും (2-0, യുക്രെയ്ന്‍), (1-0, വ. അയര്‍ലന്‍ഡ്), ഒരു സമനിലയും (0-0, പോളണ്ട്) ആയിരുന്നു ജര്‍മനിയുടെ സമ്പാദ്യം. പ്രീക്വാര്‍ട്ടറില്‍ സ്ലോവാക്യയെ 3-0ത്തിന് വീഴ്ത്തിയവര്‍ ക്വാര്‍ട്ടറില്‍ ഏറെ പാടുപെട്ടാണ് ജയിച്ചത്. സഡന്‍ഡത്തെില്‍ 6-5നായിരുന്നു ജയം. ഗ്രൂപ് ‘എ’യില്‍ ഫ്രാന്‍സിന് രണ്ട് ജയവും (2-1, റുമേനിയ), (2-0, അല്‍ബേനിയ), ഒരു സമനിലയും (0-0 സ്വിറ്റ്സര്‍ലന്‍ഡ്). പ്രീക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിനെ 2-1ന് തോല്‍പിച്ചവര്‍ ക്വാര്‍ട്ടറില്‍ അട്ടിമറിവീരന്മാരായ ഐസ്ലന്‍ഡിനെ തകര്‍ത്തത് 5-2ന്.

പരിക്കേറ്റ ജര്‍മനി

ഇറ്റലിക്കെതിരായ ക്വാര്‍ട്ടര്‍ കനത്ത തിരിച്ചടിയാണ് ജര്‍മന്‍ ക്യാമ്പിന് സമ്മാനിച്ചത്. മുന്‍നിരയിലെ മരിയോ ഗോമസിന് പരിക്ക് കാരണം ടൂര്‍ണമെന്‍റുതന്നെ നഷ്ടമായി. സമി ഖെദീര, ബാസ്റ്റ്യന്‍ ഷൈന്‍സ്റ്റീഗര്‍ എന്നിവരും ഫ്രാന്‍സിനെതിരെ കളത്തിലിറങ്ങുമോയെന്ന് കണ്ടറിയാം. പ്രതിരോധതാരം മാറ്റ് ഹുമ്മല്‍സ് സസ്പെന്‍ഷനിലും. ഗോമസിനു പകരം ഗോട്സെ പ്ളെയിങ് ഇലവനിലത്തെും. ഖെദീരക്കും ഷൈന്‍സ്റ്റീഗറിനും പകരമാരെന്നതാണ് വെല്ലുവിളി. പ്ളേമേക്കറുടെ റോളില്‍ ടോണി ക്രൂസിന്‍െറ മികവാണ് ടീമിന്‍െറ പ്രധാന കരുത്ത്. വലതുവിങ്ങില്‍ പുതുതാരം ജോഷ്വ കിമ്മിക്കിന്‍െറ സാന്നിധ്യംകൂടിയാകുന്നതോടെ ജര്‍മനിക്ക് കരുത്ത് ചോരുന്നില്ല.
ഒലിവര്‍ ജിറൂഡ്, അന്‍േറാണി ഗ്രീസ്മാന്‍, പോള്‍ പൊഗ്ബ, ദിമിത്രി പായെറ്റ് എന്നീ സ്കോറിങ് മെഷീനുകള്‍ താളത്തിലത്തെിയതോടെ ജര്‍മന്‍ മതിലുകളില്‍ ഫ്രാന്‍സ് ഡൈനാമിറ്റാകും.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.