വെയ്ല്‍സിനെ കീഴടക്കി പോര്‍ചുഗല്‍ ഫൈനലില്‍

ലിയോണ്‍: ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ത്തി നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ പോര്‍ചുഗല്‍ യൂറോകപ്പ് ഫുട്ബാളിന്‍െറ ഫൈനലില്‍. റയല്‍ മഡ്രിഡ് ക്ളബില്‍ തന്‍െറ കളിക്കൂട്ടുകാരനായ ഗരെത് ബെയ്ല്‍ അണിനിരന്ന വെയ്ല്‍സിനെ 2-0ന് കീഴടക്കിയാണ് പറങ്കികള്‍ ഒരു വ്യാഴവട്ടത്തിന് ശേഷം യൂറോകപ്പിന്‍െറ കലാശപ്പോരിനര്‍ഹരായത്. സ്റ്റഡ് ഡി ലിയോണിലെ പോരാട്ടത്തില്‍ റൊണാള്‍ഡോയും നാനിയുമാണ് വിജയികള്‍ക്കായി ലക്ഷ്യം കണ്ടത്. നാല് യൂറോകപ്പ് മാമാങ്കത്തില്‍ അണിനിരന്ന റൊണാള്‍ഡോ മറ്റൊരു നേട്ടത്തിനുമൊപ്പമത്തെി.

ഒമ്പത് ഗോളുകള്‍ സ്വന്തമാക്കിയ റൊണാള്‍ഡോ, ഫ്രാന്‍സിന്‍െറ മിഷേല്‍ പ്ളാറ്റിനിയുടെ പേരിലുള്ള യൂറോകപ്പ് ചരിത്രത്തിലെ ഗോള്‍വേട്ടക്കാരന്‍ എന്ന പദവിക്കൊപ്പമത്തെി. 50ാം മിനിറ്റില്‍ ഹെഡറിലൂടെ റൊണാള്‍ഡോ ടീമിനെ മുന്നിലത്തെിച്ചു. മൂന്ന് മിനിറ്റിന് ശേഷം ക്യാപ്റ്റന്‍െറ പാസില്‍നിന്നായിരുന്നു നാനിയുടെ ഗോള്‍. 2004ല്‍ ഗ്രീസിന് മുന്നില്‍ കലാശപ്പോരില്‍ അടിയറവ് പറഞ്ഞ പോര്‍ചുഗലിന് ഫ്രാന്‍സ്-ജര്‍മനി മത്സരത്തിലെ വിജയികളാണ് ഫൈനലിലെ എതിരാളികള്‍. ഞായറാഴ്ചയാണ് ഫൈനല്‍.

നിശ്ചിതസമയത്തെ ജയം
തട്ടിമുട്ടി സെമിഫൈനലില്‍ എത്തിയ ടീമെന്ന വിമര്‍ശവും പേറിയാണ് ഫെര്‍ണാണ്ടോ സാന്‍േറാസ് പരിശീലിപ്പിക്കുന്ന പോര്‍ചുഗല്‍ പോരാട്ടത്തിനിറങ്ങിയത്. മറുഭാഗത്ത് വെയ്ല്‍സാകട്ടെ കന്നിയൂറോയില്‍തന്നെ അവസാന നാലിലത്തെിയത് ആധികാരികമായ ജയത്തോടെ. എന്നാല്‍, സെമിയില്‍ റൊണാള്‍ഡോ എന്ന അതിമാനുഷന്‍െറ മികവിന് മുന്നില്‍ വെല്‍ഷ് സംഘം കീഴടങ്ങി. ആദ്യ 15 മിനിറ്റിന് ശേഷം കുറച്ച് സമയം മികച്ചുനിന്നെങ്കിലും വെയ്ല്‍സിന് പിന്നീട് ഏറെയൊന്നും മുന്നോട്ടുപോകാനായില്ല. ബെയ്ലിന്‍െറ ചില ഷോട്ടുകള്‍ പോര്‍ചുഗല്‍ ഗോളി റുയി പട്രീഷ്യോ വിഫലമാക്കി. പറങ്കികളുടെ നിരയില്‍ സസ്പെന്‍ഷനിലായ വില്യം കാര്‍വാലോയും പരിക്കേറ്റ പെപെയും കളിച്ചില്ളെങ്കിലും ടീമിന്‍െറ ഒത്തൊരുമയെ അത് ബാധിച്ചില്ല. ആരോണ്‍ റംസിയും ബെന്‍ ഡേവിസും സസ്പെന്‍ഷന്‍ കാരണം കളിക്കാത്തത് വെയ്ല്‍സിനെ തളര്‍ത്തി. വെയ്ല്‍സിന്‍െറ ഗോളുകള്‍ക്ക് എന്നും സഹായമേകുന്നത് റംസിയായിരുന്നു.
കളിയുടെ ആദ്യ 15 മിനിറ്റില്‍ പോര്‍ചുഗീസ് പട പന്തടക്കവും വേഗവുംകൊണ്ട് എതിരാളികളെ സ്തബ്ധരാക്കി. 18ാം മിനിറ്റിലാണ് വെയ്ല്‍സിന്‍െറ ആദ്യനീക്കം കണ്ടത്. എന്നാല്‍, ബെയ്ലിന്‍െറ മുന്നേറ്റം പോര്‍ചുഗല്‍ ഡിഫന്‍ഡര്‍ ജോസ് ഫോണ്ടെ കോര്‍ണര്‍ വഴങ്ങി ഇല്ലാതാക്കി. അഞ്ച് മിനിറ്റിന് ശേഷം ബെയ്ലിന്‍െറ മറ്റൊരു ഷോട്ട് പോര്‍ചുഗല്‍ ഗോളി എളുപ്പം കൈയിലൊതുക്കി. റൊണാള്‍ഡോയുടെ മുന്നേറ്റങ്ങളെ വെയ്ല്‍സ് പ്രതിരോധനിര വട്ടമിട്ട് തടുത്തുനിര്‍ത്തുകയും ചെയ്തു. ഗോളിലേക്ക് വഴിതുറന്നുള്ള നീക്കങ്ങള്‍ കുറഞ്ഞതോടെ ആദ്യപകുതിയുടെ അന്ത്യനിമിഷങ്ങള്‍ കാണികളെ ബോറടിപ്പിച്ചു.

വിജയത്തിലേക്ക് കച്ചകെട്ടിയിറങ്ങിയ പോര്‍ചുഗല്‍ രണ്ടാംപകുതിയില്‍ വിശ്വരൂപം കാട്ടി. 50ാം മിനിറ്റില്‍ ആരാധകര്‍ കാത്തുനിന്ന ഗോള്‍ പിറന്നു. ഗ്വിറെയ്റോയുടെ പാസില്‍ നിന്നായിരുന്നു റൊണാള്‍ഡോയുടെ ഗംഭീര ഹെഡര്‍. വെയ്ല്‍സ് ഗോളി വെയ്ന്‍ ഹെന്നസിയെ കീഴടക്കുകയായിരുന്നു. ഇതേ വേദിയില്‍ റൊണാള്‍ഡോ ഹംഗറിക്കെതിരെ രണ്ട് ഗോള്‍ നേടിയിരുന്നു. ഗോളിന്‍െറ ആഘാതം മാറാതിരുന്ന വെയ്ല്‍സിന് മറ്റൊരു പ്രഹരമേല്‍പ്പിച്ച് നാനിയുടെ ഗോള്‍ വന്നു. 53ാം മിനിറ്റിലായിരുന്നു ഫൈനല്‍ പ്രവേശമുറപ്പിച്ച് പോര്‍ചുഗല്‍ ലീഡ് നേടിയത്. റൊണാള്‍ഡോയുടെ ഷോട്ടാണ് നാനി കാല്‍ നീട്ടി എതിര്‍വലയിലാക്കിയത്.

പത്ത് മിനിറ്റിന് ശേഷം റൊണാള്‍ഡോയുടെ പതിവ് പ്രഹരശേഷിയുള്ള ഫ്രീകിക്ക് ബാറിന് തൊട്ടുരുമ്മി പുറത്തേക്ക് പറന്നുപോയി. ജോവോ മാരിയോയും ഫോണ്ടെയുമടക്കം പോര്‍ചുഗീസ് സംഘം കൂട്ടമായി ആക്രമണം അഴിച്ചുവിടുന്ന സമയമായിരുന്നു ഇത്. 74ാം മിനിറ്റില്‍ റൊണാള്‍ഡോ മഞ്ഞക്കാര്‍ഡ് വാങ്ങി. വെയ്ല്‍സിന്‍െറ ഗോള്‍മുഖത്ത് എതിരാളികള്‍ വട്ടമിടുമ്പോള്‍ ഗരെത് ബെയ്ല്‍ 25 വാര അകലെനിന്ന് ഹാഫ് വോളി തൊടുത്തുവിട്ടെങ്കിലും പട്രീഷ്യോയുടെ സുരക്ഷിത കരങ്ങളില്‍ പന്ത് വിശ്രമിച്ചു.


Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.