കുട്ടിഫുട്ബാള്‍ അഥവാ ഫുട്സാല്‍

ക്രിക്കറ്റ് എന്നാല്‍ ഇപ്പോള്‍ കുട്ടിക്രിക്കറ്റായി മാറിയിരിക്കുന്നു. നിക്കണോ പോകണോ എന്ന് ഏറിയാല്‍ 40 ഓവറിനുള്ളില്‍ വിവരമറിയാമെന്നത് ട്വന്‍റി20 ക്രിക്കറ്റിന് പോപുലാരിറ്റി നേടിക്കൊടുത്തപ്പോള്‍ പണി പാളിയത് ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ക്കായിരുന്നു.
ഒരു ദിവസം മുഴുവന്‍ കാത്തുകെട്ടിക്കിടക്കുന്ന 50 ഓവര്‍ മത്സരത്തിനോ അഞ്ചു ദിവസം മുഴുവന്‍ നീളുന്ന അറുബോറന്‍ ടെസ്റ്റ് ക്രിക്കറ്റിനോ പഴയതുപോലെ ഇപ്പോള്‍ കാണികളില്ല. ക്രിക്കറ്റിന്‍െറ ഈ ഗതി ഫുട്ബാളിലേക്കും വെച്ചുമാറുകയാണോ എന്ന് ന്യായമായും സന്ദേഹിക്കാന്‍ ‘ഫുട്സാല്‍’ വഴിയൊരുക്കുന്നു. 1930 മുതല്‍ ലോകത്തിന് പരിചിതമാണ് ഫുട്സാല്‍ എന്ന ‘കുട്ടിഫുട്ബാള്‍’. ഫുട്ബാളിനെ സെവന്‍സായി ചുരുട്ടിക്കെട്ടിയ മലയാളികള്‍ക്കുപോലും പുതുമ തോന്നിക്കുന്ന വിധമാണ് ഫുട്സാലിന്‍െറ കളിരീതികള്‍.അര്‍ജന്‍റീനയിലും ബ്രസീലിലും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും മുന്‍നിര താരങ്ങള്‍തന്നെ ഫുട്സാലിന്‍െറ ആരാധകരാണ്.  

എന്താണ് ഫുട്സാല്‍?

സ്പാനിഷ് പദമായ ഫുട്സാലിന്‍െറ അര്‍ഥം ‘റൂം ഫുട്ബാള്‍’ എന്നാണ്. പുല്ലുനിറഞ്ഞ വലിയ മൈതാനത്തിനു പകരം ബാസ്കറ്റ്ബാള്‍ കോര്‍ട്ടിനു സമാനമായ ഇന്‍ഡോര്‍ കോര്‍ട്ടിലാണ് കളി നടക്കുന്നത്.
1930ല്‍ ജുവാന്‍ കാര്‍ലോസ് സെറിയാനി ഗ്രേവിയര്‍ എന്ന അര്‍ജന്‍റീനക്കാരനായ കായികാധ്യാപകന്‍ രൂപകല്‍പന ചെയ്തതാണ് ഫുട്സാല്‍. വലിയ ഒരു മുറിക്ക് തുല്യമായ ബാസ്കറ്റ്ബാള്‍ കോര്‍ട്ടില്‍ കളിക്കാന്‍ പാകത്തിലാണ് ഗ്രേവിയല്‍ കളി ക്രമീകരിച്ചത്. 1933ല്‍ അതിന്‍െറ നിയമാവലി എഴുതിയുണ്ടാക്കി.
ചെറിയതരം ഫുട്ബാള്‍ എന്നു വിളിക്കാമെങ്കിലും വ്യത്യസ്ത കളികളില്‍നിന്ന് പല അംശങ്ങളും സ്വാംശീകരിച്ചാണ് ഫുട്സാലിന് രൂപംനല്‍കിയിരിക്കുന്നത്. ഫുട്ബാള്‍ മൈതാനത്തിന്‍െറ പകുതി മാത്രമേ ഫുട്സാല്‍ കോര്‍ട്ടിനുള്ളൂ.
പന്തിന്‍െറ വലുപ്പവും ഫുട്ബാളിനെക്കാള്‍ ചെറുതാണ്. ബൗണ്‍സ് ചെയ്യാത്ത പ്രത്യേക തരം പന്താണ് കളിക്കാന്‍ ഉപയോഗിക്കുന്നത്. ബാസ്കറ്റ്ബാളിലെപ്പോലെ അഞ്ചു പേരാണ് കളിക്കാര്‍.

അതിലൊരാള്‍ ഗോളി. ഫുട്ബാളിലെപ്പോലെ കളിക്കാരെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുന്നതിന് ഫുട്സാലില്‍ നിയന്ത്രണമൊന്നുമില്ല.
ഹോക്കിയിലെ പോലെ നാലു ക്വാര്‍ട്ടറുകളിലായാണ് കളി. മൊത്തം 40 മിനിറ്റാണ് കളി. ഹാന്‍ഡ്ബാളിലെ ഗോള്‍ പോസ്റ്റിന്‍െറ അത്രയും വലുപ്പമേയുള്ളൂ ഫുട്സാലിനും. ഫുട്ബാള്‍ പോലെ കൈ ഒഴികെയുള്ള ശരീരത്തിന്‍െറ എല്ലാ ഭാഗവും ഇവിടെയും പ്രയോഗിക്കാം.
 ത്രോയും കോര്‍ണറും പെനാല്‍റ്റിയും ഫ്രീകിക്കും എല്ലാം ഫുട്സാലിലുമുണ്ട്. ചിലപ്പോള്‍ ഫ്രീകിക്ക് പോലും പെനാല്‍റ്റി പോലെയായി പോകുമെന്നു മാത്രം. കോര്‍ണര്‍ കിക്ക് നേരിട്ട് എടുക്കാന്‍ കഴിയില്ല. ഡ്രിബ്ളിങ് പാടവവും ഏകാഗ്രതയും പന്തടക്കവും ഫിനിഷിങ് പാടവവും ഫുട്ബാളിനെക്കാള്‍ മികച്ചതായിരിക്കണം ഫുട്സാലില്‍. ഗോള്‍കീപ്പറുടെ മികവും ഫുട്ബാളിലെക്കാള്‍ ഒരുപടി മുന്നില്‍.

കായികക്ഷമതയെക്കാള്‍ സാങ്കേതികത്തികവാണ് ഫുട്സാലിനെ വേര്‍തിരിക്കുന്ന പ്രധാന ഘടകം. ഏതുനിമിഷവും ഗോള്‍ പിറക്കാം എന്ന ആകാംക്ഷയും.
ഫുട്സാലിലൂടെയാണ് താന്‍ പന്തടക്കവും നിയന്ത്രണവും ഫിനിഷിങ് മികവും കണ്ടത്തെിയതെന്ന് ഫുട്ബാള്‍ ഇതിഹാസം സാക്ഷാല്‍ പെലെ പോലും സമ്മതിക്കുന്നു. ക്ളച്ച് പിടിച്ചാല്‍ ഫുട്ബാളിലെ ട്വന്‍റി20 ആകാന്‍പോലും സാധ്യതയുള്ള ഗെയിമാണ് ഫുട്സാല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.