പ്രതിഭയുണ്ടോ, 35 കഴിഞ്ഞാലും കളിക്കാം

കണ്ണൂര്‍: 35 വയസ്സ് പിന്നിട്ട ഒൗട്ട്സ്റ്റാന്‍ഡിങ് താരങ്ങള്‍ക്ക് സംസ്ഥാനത്തിന് പുറത്തുള്ള ക്ളബുകളില്‍ കളിക്കുന്നതിന് ഭേദഗതിയുമായി കെ.എഫ്.എയുടെ റൂളിങ് കമ്മിറ്റി ശിപാര്‍ശ. കെ.എഫ്.എയുമായി കരാര്‍ ഉണ്ടെങ്കില്‍ മാത്രമേ ക്ളബുകളില്‍ കളിക്കുന്നതിന് സാധിക്കുകയുള്ളൂവെന്നതിനെ തുടര്‍ന്നാണ് റൂളിങ് കമ്മിറ്റിയുടെ നിര്‍ദേശം. ജൂലൈ 30ന് നടക്കുന്ന കെ.എഫ്.എയുടെ പ്രത്യേക ജനറല്‍ ബോഡി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 

കെ.എഫ്.എയുടെ കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ജില്ലാ ലീഗുകളിലെ കളിക്കാരുടെ പ്രായം 35 ആയി നിജപ്പെടുത്തിയിരുന്നു. ലീഗ് മത്സരങ്ങളുടെ ചടുലത വീണ്ടെടുക്കുന്നതിനും പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനുമായിരുന്നു ഇത്. പുതിയ സീസണ്‍ മുതല്‍ നടപ്പില്‍ വരുന്ന രീതിയിലാണ് ഇത്. കഴിഞ്ഞ വര്‍ഷം തന്നെ വിവിധ ജില്ലകളില്‍ 35 വയസ്സ് കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒരു ടീമില്‍ 35 പിന്നിട്ട അഞ്ചുപേര്‍ക്ക് മാത്രമായിരുന്നു അവസരം നല്‍കിയിരുന്നത്.

കോട്ടയം, വയനാട്, കാസര്‍കോട് ജില്ലാ കമ്മിറ്റികള്‍ എതിര്‍ത്തതോടെ ഇതും ഒഴിവാക്കുന്നതിന് തീരുമാനമെടുക്കുകയായിരുന്നു. തീരുമാനം നിയമമാകുന്നതോടെ 35 വയസ്സ് കഴിഞ്ഞവര്‍ക്ക് ക്ളബുകളില്‍ രജിസ്്ട്രേഷനുണ്ടാവില്ല. ഇതോടെ കെ.എഫ്.എയിലുള്ള അംഗത്വവും ഇല്ലാതാകും. എന്നാല്‍, 35 വയസ്സ് കഴിഞ്ഞിട്ടും കേരളത്തിനകത്തും പുറത്തുമുള്ള ക്ളബുകളില്‍ മികച്ച രീതിയില്‍ കളിക്കുന്നവരുണ്ട്. ഇവരെ ബാധിക്കുമെന്ന അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്താണ് കെ.പി. സണ്ണി, ടി. അഷ്റഫ്, ഡോ. റജിനാള്‍ഡ് എന്നിവരുള്‍പ്പെട്ട റൂളിങ് കമ്മിറ്റി തീരുമാനത്തില്‍ ഭേദഗതി വരുത്തിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.