സ്വന്തം മണ്ണില്‍  പൊന്നു മോഹിച്ച്  നെയ്മറിന്‍െറ സംഘം

സ്വന്തം മണ്ണില്‍ ആദ്യമായി നടക്കുന്ന ഒളിമ്പിക്സില്‍ ബ്രസീല്‍ ഏറെ മോഹിക്കുന്ന സ്വര്‍ണം ഏതായിരിക്കും. ഫുട്ബാള്‍ തന്നെ എന്ന് ഉറപ്പിച്ചു പറയാം. അഞ്ചു തവണ ലോകകപ്പ് മാറോടണച്ച ടീമിന് ഒളിമ്പിക്സ് സ്വര്‍ണം ഇനിയും കിട്ടാക്കനിയാണ്. ബ്രസീല്‍ തന്നെ ആതിഥ്യം വഹിക്കുമ്പോള്‍ ഇപ്പോഴല്ളെങ്കില്‍ ഇനിയെന്ന് എന്ന ചോദ്യമാണ് സ്വാഭാവികമായി ഉയരുക. എന്നാല്‍, ഈ ചോദ്യം തന്നെയാണ് ബ്രസീലിനെ പൊള്ളിക്കുന്നതും. കാരണം, ഏറ്റവും വേദനിപ്പിച്ച തോല്‍വികള്‍ അവര്‍ നേരിട്ടത് സ്വന്തം കളിമുറ്റത്തായിരുന്നു. രണ്ടു തവണ ലോകകപ്പിന് ആതിഥ്യം വഹിച്ചപ്പോഴും കിരീടം പുറംനാട്ടിലേക്ക് പോകുന്നത് കണ്ണീരോടെ കണ്ടുനില്‍ക്കേണ്ടി വന്നവരാണവര്‍ -1950ലും 2014ലും.

1950 ലോകകപ്പില്‍ മാറക്കാനയുടെ കളിമുറ്റം പുതുക്കി പണിതത് കിരീട വിജയം കെങ്കേമമാക്കാനായിരുന്നു. കലാശപ്പോരില്‍ സമനില മാത്രം മതിയായിരുന്നു സ്റ്റാര്‍ സ്ട്രൈക്കര്‍മാരായ സീസിഞ്ഞോയും അഡെമിറും ബൂട്ടുകെട്ടിയ മഞ്ഞപ്പടക്ക്. ഒന്നര ലക്ഷത്തിലേറെ കാണികള്‍ സ്വന്തം ടീമിന്‍െറ വിജയം ഉറപ്പിച്ച് കാത്തിരുന്നു. എന്നാല്‍, അയല്‍ക്കാരായ ഉറുഗ്വായോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റ ബ്രസീല്‍ അക്ഷരാര്‍ഥത്തില്‍ കണ്ണീര്‍ക്കടലായി. ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും  ‘മാറക്കാന ദുരന്തം’ മറക്കാനാവാതെ വിങ്ങിയ ബ്രസീല്‍ അതിന് പ്രായശ്ചിത്തം ചെയ്യാന്‍ കൂടിയാണ് 2014ല്‍ വീണ്ടും ലോകകപ്പിന് ആതിഥ്യമരുളിയത്. ഇതിനകം അഞ്ചു തവണ ലോകകപ്പില്‍ മുത്തമിട്ട് കപ്പിന് തങ്ങള്‍ക്കുള്ള അര്‍ഹത അനിഷേധ്യമാക്കിയിരുന്നു. ഫൈനല്‍ വീണ്ടും മാറക്കാനയില്‍ തന്നെ. പക്ഷേ, വിധി 1950നെക്കാള്‍ ക്രൂരമായിരുന്നു. മാറക്കാനയിലേക്കുള്ള വഴിയില്‍ തന്നെ മഞ്ഞപ്പട വീണു. സെമിഫൈനലില്‍ ബെലോ ഹോറിസോണ്ട സ്റ്റേഡിയത്തില്‍ ജര്‍മനിയുടെ ഗോള്‍മഴയില്‍ ബ്രസീല്‍ നനഞ്ഞൊട്ടി. ഒന്നിനെതിരെ ഏഴു ഗോളുകളില്‍ തളര്‍ന്നുവീണ ബ്രസീല്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ് കൂടി സ്വപ്നം കാണുന്നുണ്ട് റിയോയിലെ തങ്കപ്പതക്കത്തില്‍. 

ആഗസ്റ്റ് 20ന് മാറക്കാന സ്റ്റേഡിയത്തിലാണ് ഒളിമ്പിക്സ് കലാശപ്പോരാട്ടം. അന്ന് നെയ്മറുടെ സംഘം സ്വര്‍ണമെഡല്‍ അണിയുന്നത് കാണാന്‍ ഓരോ ബ്രസീലുകാരനും കൊതിക്കുന്നു. ഫുട്ബാളിനെ അത്രമേല്‍ പ്രണയിക്കുകയും ലോകകപ്പ് ഉള്‍പ്പെടെ എല്ലാ പ്രധാന കിരീടങ്ങളും ഷോകേസിലത്തെിക്കുകയും ചെയ്ത കാനറികള്‍ക്ക് ഒളിമ്പിക്സ് വിജയമാണ് ബാക്കിയുള്ളത്. അതുകൊണ്ടാണ് സൂപ്പര്‍താരം നെയ്മറിനെ കോപ അമേരിക്ക ശതാബ്ദി പതിപ്പില്‍ നിന്ന് മാറ്റിനിര്‍ത്തി ഒളിമ്പിക്സിലേക്ക് കാത്തുവെച്ചത്. രണ്ടിലൊരു ടൂര്‍ണമെന്‍റിനേ നെയ്മറെ വിട്ടുതരൂ എന്ന് ബാഴ്സലോണ ക്ളബ് ഉപാധി വെച്ചപ്പോള്‍ ഒളിമ്പിക്സിന് മതിയെന്ന ഉത്തരമാണ് ബ്രസീല്‍ നല്‍കിയത്. 23ന് താഴെ പ്രായമുള്ളവര്‍ക്കേ ഒളിമ്പിക്സില്‍ പന്തു തട്ടാനാകൂ എന്ന നിയന്ത്രണമുണ്ട്. മൂന്നു കളിക്കാര്‍ക്ക് പ്രായപരിധിയില്ല. അങ്ങനെയാണ് 24കാരനായ നെയ്മര്‍ ടീമിലിടം പിടിച്ചത്. പി.എസ്.ജി ഡിഫന്‍ഡര്‍ മാര്‍ക്വിനോസ്, ബാഴ്സയില്‍ നെയ്മറുടെ സഹതാരം റഫിഞ്ഞ, ലാസിയോ മിഡ്ഫീല്‍ഡര്‍ ഫിലിപ് ആന്‍ഡേഴ്സന്‍, കൗമാര താരം ഗബ്രിയേല്‍ ബര്‍ബോസ, അത്ലറ്റികോ മിനീറോയുടെ ഡഗ്ളസ് സാന്‍േറാസ് എന്നിവരും ബ്രസീല്‍ ടീമിലുണ്ട്.  ഗ്രൂപ് ‘എ’യില്‍ ദക്ഷിണാഫ്രിക്ക, ഇറാഖ്, ഡെന്മാര്‍ക് എന്നിവര്‍ക്കൊപ്പമാണ് ബ്രസീല്‍. മൊത്തം 16 ടീമുകള്‍. ആദ്യ മത്സരം നാലിന് ദക്ഷിണാഫ്രിക്കയോടാണ്. ബ്രസീലിലെ ആറു നഗരങ്ങളിലായാണ് ഒളിമ്പിക്സ് ഫുട്ബാള്‍ നടക്കുക. മുമ്പു മൂന്നു തവണ ഫൈനലിലത്തെിയെങ്കിലും തോല്‍വിയായിരുന്നു ബ്രസീലിന്. 1984, 1988, 2012 വര്‍ഷങ്ങളില്‍. 2012ല്‍ ലണ്ടനില്‍ മെക്സിക്കോയോട് തോറ്റ ടീമില്‍ നെയ്മറുമുണ്ടായിരുന്നു. 1996, 2008 ഒളിമ്പിക്സില്‍ വെങ്കലത്തിലൊതുങ്ങി മഞ്ഞപ്പട.  
റൊമാരിയോ, ബെബറ്റോ, ക്ളോഡിയോ ടഫറേല്‍ തുടങ്ങിയ വമ്പന്മാര്‍ ബൂട്ടുകെട്ടിയ 1988ലായിരുന്നു ബ്രസീലിന് ഏറെ സാധ്യതയുണ്ടായിരുന്നത്. ജര്‍മനിയെ കടപുഴക്കി ഫൈനലിലത്തെിയ ടീം സോവിയറ്റ് യൂനിയനോട് 1-2ന്‍െറ തോല്‍വി സമ്മതിച്ചു. 1984ലാണ് അന്താരാഷ്ട്ര ഒളിമ്പിക് സമിതി പ്രഫഷനല്‍ കളിക്കാര്‍ക്കുള്ള വിലക്ക് നീക്കിയത്. ഫിഫ ലോകകപ്പിന്‍െറ പ്രാമുഖ്യം നഷ്ടപ്പെടാതിരിക്കാന്‍ 1992ല്‍ അണ്ടര്‍ 23 ടൂര്‍ണമെന്‍റാക്കി. മൂന്നു പേര്‍ക്ക് പ്രായപരിധിയില്‍  ഇളവും അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.