പാരിസ്: പത്തുവര്‍ഷം മുമ്പ് ജര്‍മന്‍ മണ്ണില്‍ ഇറ്റലി ചാമ്പ്യന്മാരാവുമ്പോള്‍ 28ന്‍െറ ചുറുചുറുക്കായിരുന്നു ജിയാന്‍ല്യൂഗി ബഫണിന്. പതിറ്റാണ്ടു കടന്ന് യൂറോപ്യന്‍ പോരാട്ടത്തിന് ഫ്രാന്‍സില്‍ കളമുണര്‍ന്നപ്പോഴും അതേ ചെറുപ്പവും കരുത്തും ആവേശവും. യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ഇറ്റലി, ബെല്‍ജിയത്തിന്‍െറ താരപ്പടയെ മറുപടിയില്ലാത്ത രണ്ടു ഗോളില്‍ മുക്കിയപ്പോള്‍ ഗോള്‍വലക്കുകീഴെ ആ ശൗര്യം ലോകം ഒരിക്കല്‍ക്കൂടി കണ്ടു.
മൗറെയ്ന്‍ ഫെല്ളെയ്നി, എഡന്‍ ഹസാഡ്, റൊമേലു ലുകാകു, കെവിന്‍ ഡി ബ്രുയിന്‍ തുടങ്ങിയ യൂറോപ്യന്‍ ക്ളബ് ഫുട്ബാളിലെ സൂപ്പര്‍ താരങ്ങളുമായിറങ്ങിയ ബെല്‍ജിയത്തിനു മുന്നില്‍ ഒരിക്കല്‍ പോലും 38കാരനായ ബഫണ്‍ മുട്ടുമടക്കിയില്ല. മാത്രമല്ല, ഓരോ തവണ പന്ത് പെനാല്‍റ്റി ബോക്സ് കടക്കുമ്പോഴും മൂര്‍ഖന്‍ പാമ്പിന്‍െറ ശൗര്യത്തോടെ ഈ യുവന്‍റസ് ഇതിഹാസം ചീറ്റി. എതിരാളിയുടെ ബൂട്ടിനുള്ളില്‍നിന്ന് അതിസാഹസികമായി കൈപ്പിടിയിലൊതുക്കുന്ന പന്ത് ഇറുകെപ്പിടിച്ച്, വലതുകൈയുടെ ചൂണ്ടുവിരല്‍ കണ്ണിനുനേരെ പിടിച്ച് ബഫണ്‍ പെനാല്‍റ്റി ഏരിയയിലേക്ക് പായുമ്പോള്‍ സ്വന്തം ടീമിലെ പടക്കുതിരകളും അനുസരണയുള്ളവരായി സ്വന്തം കാര്യം ഭംഗിയാക്കാന്‍ ശ്രമിച്ചു. ഇറ്റലി വിജയമുറപ്പിച്ച ലോങ് വിസിലിനു പിന്നാലെയായിരുന്നു മറ്റൊരു കാഴ്ച. അടക്കിപ്പിടിച്ച ആവേശം പൊട്ടിച്ചുകൊണ്ട് മധ്യവരയില്‍നിന്ന് ഓടിയത്തെി ഗോള്‍പോസ്റ്റില്‍ പിടിച്ച് ഊഞ്ഞാലാടി വിജയാഘോഷവും. പത്തുവര്‍ഷം മുമ്പ് ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി കിരീടമടിച്ച നാളിലെ അതേ സ്പിരിറ്റും ഊര്‍ജവും.
ഫ്രഞ്ച് ഫുട്ബാള്‍ മാസിക യൂറോപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ബഫണ്‍ ഇറ്റാലിയന്‍ കാവല്‍ക്കാരനായി ഫ്രാന്‍സിലത്തെുന്നത്. ‘ഫ്രാന്‍സെ ഫുട്ബാള്‍’ നടത്തിയ സര്‍വേയില്‍ 44 ശതമാനമായിരുന്നു ബഫണിന് ലഭിച്ച വോട്ട്. മുന്‍ ഫ്രഞ്ച് ഗോളി ഫാബിയന്‍ ബാര്‍ത്തേസ് രണ്ടും ലെവ് യാഷിന്‍, ഒലിവര്‍ ഖാന്‍ എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലും. ഇവര്‍ക്കും പിന്നിലായി ഐകര്‍ കസീയസും മാനുവല്‍ നോയറും.
•••
ബെല്‍ജിയത്തിനെതിരെ കളിയുടെ 32ാം മിനിറ്റിലാണ് ഇറ്റലി ആദ്യം സ്കോര്‍ ചെയ്തത്. മധ്യവര കടന്നയുടന്‍ ലിയനാര്‍ഡോ ബനൂചി ഉയര്‍ത്തിനല്‍കിയ പന്ത് എതിര്‍ ബോക്സില്‍ സ്വീകരിക്കുമ്പോള്‍ ഇമ്മാനുവല്‍ ജിയാചെറിന്‍ സ്വതന്ത്രമായിരുന്നു. ഇടതുകാലില്‍ സ്വീകരിച്ച പന്ത് ഞൊടിയിട വേഗത്തില്‍ വലതുകാല്‍ ഷോട്ടിലൂടെ തിബോ കര്‍ടുവയുടെ വലയിലേക്ക് അടിച്ചുകയറ്റുമ്പോള്‍ പ്രതിരോധിക്കാന്‍ ആരുമില്ല. ഇറ്റലി 1-0ത്തിന് മുന്നില്‍.ഗോള്‍ വഴങ്ങിയിട്ടും ആക്രമണത്തിന്‍െറ ആവേശം ബെല്‍ജിയത്തിന് ഒട്ടും കുറഞ്ഞുമില്ല. വിങ്ങിലൂടെ ഫെല്ളെയ്നിയും ലുകാകുവും നടത്തിയ ഒട്ടേറെ അവസരങ്ങള്‍ തലനാരിഴ വ്യത്യാസത്തില്‍ കടന്നുപോയി. പലപ്പോഴും ബഫണിന്‍െറ കരങ്ങളില്‍ മുന്നേറ്റങ്ങള്‍ കെട്ടടങ്ങുകയും ചെയ്തു. ഇഞ്ചുറി ടൈമിലായിരുന്നു സതാംപ്ടന്‍ സ്ട്രൈക്കര്‍ പെല്ളെയുടെ വോളി ഷോട്ടില്‍ ബെല്‍ജിയന്‍ വല വീണ്ടും കുലുങ്ങിയത്. പെനാല്‍റ്റി ബോക്സില്‍നിന്ന് അന്‍േറാണിയോ കാന്‍ഡ്രീയ നല്‍കിയ ക്രോസിന്‍െറ കൃത്യതയില്‍ പെല്ളെയുടെ ഉജ്ജ്വല ഫിനിഷിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.