ഇത് ആരാധകരല്ല; തെമ്മാടിക്കൂട്ടം

സെയ്ന്‍റ് എറ്റീനി: യൂറോകപ്പ് കാണാന്‍ ഫ്രാന്‍സിലേക്ക് വണ്ടി കയറുംമുമ്പ് ഇംഗ്ളീഷ് കാണികള്‍ക്ക് ബ്രിട്ടീഷ് ഭരണകൂടം ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു-‘ഫ്രാന്‍സില്‍ തീവ്രവാദി ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട്, സൂക്ഷിക്കണം’. യൂറോ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ തീവ്രവാദഭീഷണി അസ്ഥാനത്തായിരിക്കുന്നു. പകരം ‘കായിക തീവ്രവാദികള്‍’ ഉടലെടുത്തിരിക്കുന്നു. ഇംഗ്ളണ്ട്-റഷ്യ കാണികളുടെ ഏറ്റുമുട്ടലോടെ അവസാനിച്ചെന്നു കരുതിയ പരാക്രമം ക്രൊയേഷ്യയും കടന്ന് തുര്‍ക്കിയിലത്തെിനില്‍ക്കുമ്പോള്‍ വാദപ്രതിവാദവുമായി രാഷ്ട്രതലവന്മാരും രംഗത്തത്തെി.

വെള്ളിയാഴ്ച രാത്രി നടന്ന തുര്‍ക്കി-സ്പെയിന്‍ മത്സരമാണ് കാണികളുടെ തെമ്മാടിത്തരത്തിന് ഒടുവില്‍ വേദിയായത്. മൂന്നു ഗോളിന് തോറ്റ ടീമിനോടുള്ള രോഷം ഗ്രൗണ്ടിലേക്ക് പടക്കമെറിഞ്ഞാണ് തുര്‍ക്കികള്‍ തീര്‍ത്തത്. ഇതിന് തൊട്ടുമുമ്പ് നടന്ന ക്രൊയേഷ്യ-ചെക് മത്സരത്തിന്‍െറ തനിയാവര്‍ത്തനമാണ് തുര്‍ക്കിയും ഏറ്റെടുത്തത്. ക്രൊയേഷ്യ മുന്നിട്ട് നിന്നപ്പോഴാണ് സെയ്ന്‍റ് എറ്റീനിയിലെ പുല്‍മൈതാനത്തേക്ക് സ്വന്തം കാണികള്‍ പടക്കമെറിഞ്ഞത്. പത്തിലേറെ പടക്കങ്ങളാണ് ഗ്രൗണ്ടില്‍ പതിച്ചത്. കാണികളോട് അടങ്ങിയിരിക്കാന്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ അഭ്യര്‍ഥിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. അല്‍പനേരം കളി നിര്‍ത്തിവെച്ച ശേഷമാണ് തുടരാനായത്. തുര്‍ക്കിക്കെതിരായ ആദ്യ മത്സരത്തിലും ക്രൊയേഷ്യയുടെ പടക്കമേറ് നടന്നിരുന്നു. തങ്ങളുടെ കാണികളെ ‘കായിക തീവ്രവാദികള്‍’ എന്നാണ് ക്രൊയേഷ്യന്‍ കോച്ച് ആന്‍റി കാസിക് വിളിച്ചത്. ഇവര്‍ തെരുവുതെമ്മാടികളാണ്. ഇവരെ പിടികൂടി ശിക്ഷിക്കണം -അദ്ദേഹം പറഞ്ഞു.

‘രാജ്യദ്രോഹികള്‍’ എന്നായിരുന്നു ക്രൊയേഷ്യന്‍ പ്രസിഡന്‍റ് കോളിന്‍ഡ ഗ്രാബറിന്‍െറ വിശേഷണം. നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഫേസ്ബുക് പേജില്‍ അവര്‍ കുറിച്ചു.  അതേസമയം, ഏറ്റവുംകൂടുതല്‍ തെമ്മാടിത്തരം കാണിച്ച റഷ്യന്‍ കാണികള്‍ക്ക് പിന്തുണയുമായി പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍ രംഗത്തുവന്നത് ഏവരെയും അദ്ഭുതപ്പെടുത്തി. ആയിരക്കണക്കിന് വരുന്ന ഇംഗ്ളീഷ് കാണികളെ 200 പേര്‍ മാത്രമുള്ള റഷ്യന്‍ ആരാധകര്‍ എങ്ങനെയാണ് ആക്രമിക്കുന്നതെന്ന് പുടിന്‍ ചോദിച്ചു. പ്രശ്നമുണ്ടാക്കിയ 20 റഷ്യക്കാരെ ഫ്രാന്‍സ് നാടുകടത്തിയിരുന്നു. റഷ്യന്‍ ഫുട്ബാള്‍ യൂനിയന്‍ ഒരുകോടി രൂപ പിഴയടക്കണമെന്ന് യുവേഫ നിര്‍ദേശവും നല്‍കി. ഇനിയൊരു ആക്രമണമുണ്ടായാല്‍ ടീമുകളെ അയോഗ്യരാക്കുമെന്ന യുവേഫയുടെ നിര്‍ദേശത്തിന് പുല്ലുവില കല്‍പിച്ചാണ് വെള്ളിയാഴ്ചയും തെമ്മാടിക്കൂട്ടം അഴിഞ്ഞാടിയത്.

ക്രൊയേഷ്യയുടെ പടക്കമേറിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി യുവേഫ അറിയിച്ചു. ആദ്യമായല്ല ക്രൊയേഷ്യക്കാര്‍ തനിനിറം കാട്ടുന്നത്. ഇംഗ്ളണ്ട്, റഷ്യന്‍ കാണികള്‍ കഴിഞ്ഞാല്‍ ഫുട്ബാളിലെ ഏറ്റവും കുഴപ്പക്കാരായ ആരാധകരുള്ളത് ക്രൊയേഷ്യയിലാണ്. കഴിഞ്ഞവര്‍ഷം നടന്ന യൂറോ യോഗ്യതാമത്സരത്തിനുമുമ്പ് മൈതാനത്ത് നാസി ചിഹ്നങ്ങള്‍ വരച്ച ക്രൊയേഷ്യന്‍ ആരാധകരുടെ നടപടി വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ലക്ഷം യൂറോ പിഴയടക്കാന്‍ യുവേഫ ഉത്തരവിട്ടു. 2014ലും ക്രൊയേഷ്യക്കാര്‍ ഗ്രൗണ്ടിലേക്ക് പടക്കമെറിഞ്ഞു. അടുത്ത മത്സരത്തില്‍ ക്രൊയേഷ്യന്‍ കാണികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് യുവേഫ നടപടിയെടുത്തത്. 2012ല്‍ ഇറ്റലി താരം മരിയോ ബലൊട്ടെല്ലിക്കുനേരെ പഴമെറിഞ്ഞും വംശീയമായി അധിക്ഷേപിച്ചും ക്രൊയേഷ്യക്കാര്‍ തനിനിറം കാണിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.