വെയില്‍സും ഇംഗ്ളണ്ടും പ്രീക്വാര്‍ട്ടറില്‍

പാരിസ്: അവസാന മത്സരത്തില്‍ സ്ലോവാക്യക്കെതിരെ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഗോളടിക്കാനാവാതെ കീഴടങ്ങിയ ഇംഗ്ളണ്ട് (0-0) യൂറോ കപ്പ് ‘ഗ്രൂപ് ബി’യില്‍ പ്രീക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചു. അതേസമയം, നിര്‍ണായക മത്സരത്തില്‍ റഷ്യയെ 3-0ത്തിന് തകര്‍ത്ത് വെയില്‍സ് ഗ്രൂപ് ചാമ്പ്യന്മാരായി. മൂന്ന് കളിയില്‍ ആറ് പോയന്‍റുമായാണ് വെയില്‍സ് മുന്നേറിയതെങ്കില്‍ രണ്ട് സമനില കുരുങ്ങിയ ഇംഗ്ളണ്ട് അഞ്ച് പോയന്‍റുമായി രണ്ടാം സ്ഥാനക്കാരായി. നാല് പോയന്‍റുള്ള സ്ലോവാക്യ മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരാളായി പ്രീക്വാര്‍ട്ടറില്‍ ഇടം നേടാമെന്ന പ്രതീക്ഷയിലാണിപ്പോള്‍. ഒരു ജയം പോലുമില്ലാത്ത റഷ്യക്ക് മടക്ക ടിക്കറ്റും.
വെയില്‍സ് 3 – റഷ്യ 0
പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിന് ജയം അനിവാര്യമെന്ന നിലയിലായിരുന്നു വെയില്‍സ് കളത്തിലിറങ്ങിയത്. ആരോണ്‍ റംസിയെയും ഗാരെത് ബെയ്ലിനെയും അണിനിരത്തി കളികൈയിലെടുത്ത വെയില്‍സുകാര്‍ 11ാം മിനിറ്റില്‍ തന്നെ റഷ്യയെ ഞെട്ടിച്ചു. ഓഫ് സൈഡ് കെണി പൊട്ടിച്ച റംസിയുടെ വകയായിരുന്നു ആദ്യ ഗോള്‍. ആദ്യ പകുതി പിരിയും മുമ്പേ 20ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. റംസിയും ബെയ്ലും തുടങ്ങിയ നീക്കത്തില്‍ റഷ്യന്‍ പ്രതിരോധം പിളര്‍ത്തിയത്തെിയ പന്ത് പെനാല്‍റ്റി ബോക്സില്‍ സ്വീകരിച്ച നീല്‍ ടെയ്ലറിന്‍െറ പ്ളേസിങ്ങ്. ഗോളിയുടെ കൈയ്യില്‍ തട്ടിതെറിച്ച പന്ത് വീണ്ടെടുത്ത് വലയിലേക്ക് തട്ടിയിടുമ്പോള്‍ ചെറുക്കാന്‍ റഷ്യക്കാര്‍ ആരുമില്ലായിരുന്നു. രണ്ടാം പകുതിയിലെ 67ാം മിനിറ്റില്‍ ബെയ്ലും വലകുലുക്കി.
അല്‍ബേനിയന്‍ ചരിത്രം
ആദ്യമായി പങ്കെടുത്തൊരു രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ ജയം കുറിച്ച് അല്‍ബേനിയയുടെ ചരിത്ര മുഹൂര്‍ത്തം. യൂറോകപ്പിലെ അരങ്ങേറ്റം അവിസ്മരണീയമാക്കാന്‍ ഒരു ഗോളെങ്കിലും തേടിയാണ് അല്‍ബേനിയ റുമേനിയക്കെതിരെ ബൂട്ട്കെട്ടിയത്. ആദ്യ രണ്ടു മത്സരങ്ങളിലും തോല്‍വിയറിഞ്ഞ് നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെയായിരുന്നു അവര്‍. എന്നാല്‍, പ്രതീക്ഷകള്‍ വെറുതെയായില്ല. കരുത്തരായ എതിരാളി റുമേനിയയെ ഒരു ഗോളിന് വീഴ്ത്തി പുതുമുഖക്കാര്‍ യൂറോയിലെ ആദ്യ ഗോളും ആദ്യ ജയവും കുറിച്ചു. 43ാം മിനിറ്റില്‍ മെമുസ്ഹാജിന്‍െറ പാസില്‍ അര്‍മാന്‍ഡോ സാദിഖുവാണ് വലകുലുക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.