അഞ്ചു താരങ്ങളും അനക്കമില്ലാത്ത വലയും

പാരിസ്: ലോകം ഉറ്റുനോക്കിയ അഞ്ചു കളിക്കാര്‍. ഏത് നീക്കവും ഗോള്‍വല കുലുക്കാന്‍ പ്രാപ്തരായവര്‍. താരത്തിളക്കത്തിലും പ്രതിഫലത്തിലും മറ്റു പലരെയുംകാള്‍ മുമ്പില്‍. ലക്ഷണങ്ങള്‍ എല്ലാം ഒത്തിണങ്ങിയവര്‍ എന്ന പെരുമ സ്വന്തമാക്കിയവരായിട്ടും യൂറോപ്യന്‍ കപ്പ് പത്ത് ദിവസം പിന്നിടുമ്പോഴും ഗോള്‍ വരള്‍ച്ചയില്‍ നട്ടം തിരിയുകയാണ് ഈ അഞ്ച് താരങ്ങളും. പ്രതിഭക്കൊത്ത കളി പുറത്തെടുക്കാന്‍ കഴിയാതെ സ്വന്തം ടീമിനെ തന്നെ വട്ടംകറക്കുകയാണിവര്‍.

പോര്‍ചുഗലിന്‍െറ സുവര്‍ണ താരവും ലോകത്തിലെ ഏറ്റവും വിലയേറിയ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സ്വീഡന്‍െറ താര രാജാവും പ്രതിഫലത്തില്‍ അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സിക്കു പിന്നില്‍ മൂന്നാമനുമായ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, പോളണ്ടിന്‍െറ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, ജര്‍മനിയുടെ പടക്കുതിര തോമസ് മ്യൂളര്‍, ഇംഗ്ളണ്ടിന്‍െറ കുന്തമുനയായ ഹാരി കെയ്ന്‍ എന്നിവര്‍ ഫോമിലാകാന്‍ പെടാപ്പാടാണ് പെടുന്നത്. കഴിഞ്ഞ സീസണില്‍ ഈ അഞ്ച് താരങ്ങളുംകൂടി അടിച്ചു കയറ്റിയത് 203 ഗോളുകളായിരുന്നുവെന്നോര്‍ക്കുമ്പോഴാണ് ഇപ്പോഴത്തെ ഗോള്‍ വരള്‍ച്ചയുടെ ആഴം പിടികിട്ടുക.
ഇതില്‍ ഏറ്റവും ദുരന്തകഥാപാത്രമായി മാറിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഓസ്ട്രിയക്കെതിരായ കളിയില്‍ മികച്ച നീക്കങ്ങള്‍ പലതും പാഴായതിനു പിന്നാലെ കിട്ടിയ പെനാല്‍റ്റി പോലും ലക്ഷ്യത്തിലത്തെിക്കാന്‍ ഈ ലോകതാരത്തിനായില്ല. ഗോളാക്കാന്‍ കഴിയുമായിരുന്ന മികച്ച പത്തിലേറെ നീക്കങ്ങള്‍ റൊണാള്‍ഡോ നടത്തിയെങ്കിലും ഗോളാകാന്‍ മടിച്ചുനിന്നു. മികച്ചൊരു ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടിത്തെറിക്കുകയും ചെയ്തു. അതിന് സമാനമായിരുന്നു പെനാല്‍റ്റി ഷോട്ടും. ഇടത്തോട്ടു ചാടിയ ഗോളിയെ നിസ്സഹായനാക്കി വലത്തേ മൂല ലക്ഷ്യമാക്കി നീങ്ങിയ പന്ത് പക്ഷേ, ഗോള്‍ പോസ്റ്റില്‍ തട്ടിത്തകര്‍ന്നു. പോര്‍ചുഗലിന്‍െറ യൂറോ കപ്പിലെ മുന്നോട്ടുള്ള പ്രയാണത്തെയും ഓസ്ട്രിയക്കെതിരായ സമനില പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ആരാധക ലോകവും ക്രിസ്റ്റ്യാനോയുടെ ഫോമില്ലായ്മയില്‍ ആകുലരാണ്. സോഷ്യല്‍ മീഡിയ കണ്ണീരോടെയും രോഷത്തോടെയും റയല്‍ മഡ്രിഡ് താരത്തിന്‍െറ പരിതാപകരമായ പ്രകടനത്തില്‍ പ്രതികരിക്കുന്നു.  ഈ ടൂര്‍ണമെന്‍റില്‍ 20 ഷോട്ടുകള്‍ ഗോള്‍ പോസ്റ്റിലേക്ക് പായിച്ചെങ്കിലും ഒന്നുപോലും വലയിലാക്കാന്‍ നായകന്‍ കൂടിയായ ക്രിസ്റ്റ്യാനോക്ക് ആയിട്ടില്ല.

ഇബ്രാഹിമോവിച്ചിന്‍െറ അവസ്ഥയും പരിതാപകരമാണ്. കഴിഞ്ഞ മൂന്ന് യൂറോ കപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ച് ആറ് ഗോളുകള്‍ നേടിയ ഇബ്രാഹിമോവിച്ചിന് പെരുമക്കൊത്ത പ്രകടനം പോലും പുറത്തെടുക്കാനായിട്ടില്ല. ഗ്രൂപ് ഇയില്‍ സ്വീഡന്‍െറ നിലയാകട്ടെ പരുങ്ങലിലുമാണ്. 50 ഗോളുകള്‍ അടിച്ച് പി.എസ്.ജിയോടു വിടപറഞ്ഞ ഇബ്രാഹിമോവിച്ച് തപ്പിത്തടയുന്ന കാഴ്ചയാണ് യൂറോ കപ്പില്‍ ഇതുവരെ ദൃശ്യമായത്.
ബയേണ്‍ മ്യൂണിക്കിന്‍െറ എതിരാളികള്‍ എന്നും ഭയന്നിരുന്ന ജോടികളാണ് പോളണ്ടിന്‍െറ ലെവന്‍ഡോവ്സ്കിയും ജര്‍മനിയുടെ തോമസ് മ്യൂളറും. രണ്ട് ടീമുകളും മികച്ച പ്രകടനവുമായി ഗ്രൂപ് സിയില്‍ നാല് പോയന്‍റ് വീതം നേടി ഒപ്പത്തിനൊപ്പമാണ്. പക്ഷേ, അവരുടെ ഗോളടി വീരന്മാരായ ഈ രണ്ട് താരങ്ങളുടെയും അക്കൗണ്ടില്‍ ഇതുവരെ ഗോളുകളൊന്നും പിറന്നിട്ടുമില്ല. ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴാകട്ടെ ഗോള്‍രഹിത സമനിലയിലും പിരിഞ്ഞു.  പക്ഷേ, കോച്ച് നവാല്‍ക ഇപ്പോഴും പ്രതീക്ഷയിലാണ്, ലെവന്‍ഡോവ്സ്കി ഗോള്‍ നേടുമെന്ന്. അടുത്ത റൗണ്ടിലേക്ക് പ്രവേശം ഉറപ്പാക്കിയെങ്കിലും ഇംഗ്ളണ്ടിന്‍െറ മുന്‍നിരയില്‍ ഹാരി കെയ്ന്‍ ഫോമിലാകാത്തത് ടീമിനെ കാര്യമായി അലട്ടുന്നുണ്ട്. 25 ഗോള്‍ നേടി പ്രീമിയര്‍ ലീഗില്‍ സുവര്‍ണ പാദുകം നേടിയ കെയ്ന്‍ തപ്പിത്തടയുന്നതിന്‍െറ മുറുമുറുപ്പ് ആരാധകര്‍ ഗാലറിയില്‍ പ്രകടിപ്പിക്കുന്നുമുണ്ട്. പക്ഷേ, കാല്‍പ്പന്തിനെ വരുതിയിലാക്കാന്‍ അനായാസം കഴിയുന്ന ഈ താരരാജാക്കന്മാര്‍ക്ക് വല കുലുക്കി പാഞ്ഞടുക്കാന്‍ അധികസമയമൊന്നും വേണ്ട എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.