ബ്വേനസ് എയ്റിസ്: മൂന്നു പതിറ്റാണ്ടുമുമ്പ് ഇതുപോലൊരു ജൂണ്‍ 22നായിരുന്നു ദൈവം കാല്‍പ്പന്തു മൈതാനത്ത് കൈകുത്തി അവതരിച്ചത്. മെക്സികോ സിറ്റിയിലെ ആസ്ടെക് സ്റ്റേഡിയത്തില്‍ കൈകൊണ്ട് ഗോള്‍ നേടിയത്. 1986ലെ ലോകകപ്പില്‍ ഇംഗ്ളണ്ടിനെതിരെ മറഡോണ നേടിയ ദൈവത്തിന്‍െറ കരം പതിഞ്ഞ ഗോളിന് ഇപ്പോള്‍ 30 വയസ്സാകുന്നു.
കാലമേറെ കഴിഞ്ഞിട്ടും ലോകകപ്പുകള്‍ പലതും വന്നിട്ടും ചാമ്പ്യന്മാര്‍ പലകുറി മാറിമറിഞ്ഞിട്ടും ഇപ്പോഴും മറഡോണയും ‘ദൈവത്തിന്‍െറ കരസ്പര്‍ശമുള്ള’ ഗോളും ഫുട്ബാള്‍ ചര്‍ച്ചകളില്‍ സജീവം. മറഡോണയുടെ നായകത്വത്തില്‍ ലോക ചാമ്പ്യന്മാരായത് ആ വര്‍ഷമായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ളണ്ടിനെ 2-1ന് മറികടന്നായിരുന്നു ബെല്‍ജിയത്തിനെതിരെ സെമി കളിക്കാന്‍ അര്‍ജന്‍റീന യോഗ്യതനേടിയത്. അര്‍ജന്‍റീന നേടിയ രണ്ടു ഗോളുകളും മറഡോണയുടെ പേരിലായിരുന്നു. നാലു മിനിറ്റിനുള്ളില്‍ മറഡോണ വില്ലനും നായകനുമായി മാറിയ അതിശയത്തിനുകൂടിയാണ് 30 വയസ്സ് തികയുന്നത്.
ഇംഗ്ളണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ അര്‍ജന്‍റീനക്ക് വെറും കളി മാത്രമായിരുന്നില്ല; രാഷ്ട്രീയ പോരാട്ടംകൂടിയായിരുന്നു. നാലുവര്‍ഷം മുമ്പായിരുന്നു ഫാല്‍ക്കന്‍സ് ദ്വീപിന്‍െറ പേരില്‍ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായത്. അതുകൊണ്ടുതന്നെ ഇംഗ്ളണ്ടിനെതിരായ കളി അര്‍ജന്‍റീനക്ക് യുദ്ധസമാനമായിരുന്നു. ഗാലറികളില്‍ അര്‍ജന്‍റീന കാണികള്‍ ഗോളിനായി അലറിവിളിച്ചു. കളിയുടെ ആദ്യ പകുതിയില്‍ ഉജ്ജ്വലമായ മുന്നേറ്റങ്ങളുമായി കളം നിറഞ്ഞുനിന്നത് അര്‍ജന്‍റീനയായിരുന്നു. മുന്നില്‍നിന്ന് നയിച്ച മറഡോണ തുറന്ന അര ഡസന്‍ സുവര്‍ണാവസരങ്ങളെങ്കിലും ഇംഗ്ളീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടനില്‍ തട്ടിത്തകര്‍ന്നു. ആദ്യ പകുതി ഗോള്‍ രഹിതമായി പിരിഞ്ഞു. പിന്നീടായിരുന്നു ചരിത്രം ഇരുവട്ടം വഴിമാറിയത്. കളിയുടെ 51ാം മിനിറ്റില്‍ ഇംഗ്ളീഷ് ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പീറ്റര്‍ ഷില്‍ട്ടനെയും മറികടന്ന് മറഡോണ പന്ത് വലയിലാക്കിയത് തല കൊണ്ടായിരുന്നില്ല. കൈ കൊണ്ടായിരുന്നു.
അര്‍ജന്‍റീന മുന്നേറ്റത്തിനിടയില്‍ സ്റ്റീവ് ഹോജ് അപകടകരമായ നിലയിലൊരു ബാക്പാസ് ഷില്‍ട്ടന് ഉയര്‍ത്തിനല്‍കുന്നതിനിടയില്‍ കയറിവന്നായിരുന്നു മറഡോണ കൈകൊണ്ട് ഗോളാക്കി മാറ്റിയത്. ഇംഗ്ളണ്ട് താരങ്ങള്‍ എതിര്‍ത്തെങ്കിലും തുനീഷ്യക്കാരനായ റഫറി അലി ബിന്‍ നാസര്‍ ഗോളായി അനുവദിക്കുകയായിരുന്നു. കളിക്കളത്തിലെ മാലാഖയായിരുന്ന മറഡോണ ഒരുനിമിഷംകൊണ്ട് ചെകുത്താനായി മാറി. പക്ഷേ, ചരിത്രം അവിടെ ഒതുങ്ങിനില്‍ക്കാന്‍ ഒരുക്കമല്ലായിരുന്നു. നാലു മിനിറ്റിനുള്ളില്‍ മറഡോണ അത് മാറ്റിയെഴുതി. സ്വന്തം ഹാഫില്‍നിന്ന് മധ്യനിരക്കാരന്‍ ഹെക്ടര്‍ എന്‍റിക് കൊളുത്തിക്കൊടുത്ത പന്ത് മത്സ്യത്തിന്‍െറ വഴക്കത്തോടെ ഇംഗ്ളണ്ടിന്‍െറ മുഴുവന്‍ കളിക്കാരെയും കബളിപ്പിച്ച് മധ്യനിരയും പ്രതിരോധവും പിളര്‍ന്ന് പീറ്റര്‍ ഷില്‍ട്ടനെയും കബളിപ്പിച്ച് വലയിലാക്കുമ്പോള്‍ പിറന്നത് 20ാം നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായ ഗോള്‍ എന്ന പെരുമയായിരുന്നു. അങ്ങനെ ചരിത്രത്തില്‍ ജൂണ്‍ 22 ദൈവത്തിന്‍െറ കരംപതിഞ്ഞ ഗോളിന്‍െറ വാര്‍ഷികം എന്ന പോലെ നൂറ്റാണ്ടിലെ ഗോളിന്‍െറയും പിറന്നാളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.