ഐറിഷ് വീര്യവുമായി ബ്രാഡി

ലിലെ: ഐറിഷ് വീര്യം എന്നത് വെറുംവാക്കല്ളെന്ന് തെളിയിച്ച് യൂറോ കപ്പില്‍ റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡിന്‍െറ വമ്പന്‍ അട്ടിമറി. മുന്‍ ലോകജേതാക്കളും പ്രതിരോധത്തിലെ കരുത്തരുമായ ഇറ്റലിയെ ഗ്രൂപ് ഇയിലെ അവസാന മത്സരത്തില്‍ 1-0ന് തോല്‍പിച്ച അയര്‍ലന്‍ഡ് മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. 85ാം മിനിറ്റില്‍ റോബി ബ്രാഡി ഹെഡറിലൂടെ നേടിയ ഗോളാണ് അസൂറിപ്പടക്ക് നാണക്കേടായത്. ബാറിന് കീഴില്‍ കരുതനായ ജിയാന്‍ ല്യൂഗി ബഫണിന് പകരം കളിച്ച സാല്‍വദോര്‍ സിരുഗുവിനെ മറികടന്നായിരുന്നു ബ്രാഡി വെടിയുതിര്‍ത്തത്. ഗോള്‍ശരാശരിയില്‍ തുര്‍ക്കിയെ പിന്തള്ളിയാണ് അയര്‍ലന്‍ഡ് മികച്ച മൂന്നാംസ്ഥാനത്തില്‍ ഒന്ന് നേടിയത്. 1994ലെ ലോകകപ്പില്‍ ഇറ്റലിയെ അയര്‍ലന്‍ഡ് അട്ടിമറിച്ചിരുന്നു. ഇ-ഗ്രൂപ്പില്‍ നിന്ന് ജേതാക്കളായി ഇറ്റലിയും രണ്ടാം സ്ഥാനക്കാരായി സ്പെയിനും അവസാന 16ല്‍ എത്തി.

പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ ഇറ്റാലിയന്‍ കോച്ച് അന്‍േറാണിയോ കോണ്ടി എട്ട് മാറ്റങ്ങളുമായാണ് ആദ്യ ഇലവനെ ഇറക്കിയത്. ബഫണിന് പുറമെ, ജോര്‍ജിയോ ചെല്ലിനി, അന്‍േറാണിയോ കന്‍ഡ്രേവ, ഡാനിയല്‍ ഡിറോസി, തിയാഗോ മോട്ട എന്നിവരടക്കമുള്ളവരാണ് പുറത്തിരുന്നത്. ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുണ്ടായിരുന്ന അയര്‍ലന്‍ഡ് നാല് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഒന്നാം പകുതിയില്‍ അയര്‍ലന്‍ഡ് മികച്ചുനിന്നെങ്കിലും ഇറ്റലിക്ക് വെല്ലുവിളിയുയര്‍ത്താനായില്ല. ഇറ്റാലിയന്‍ ‘ബി ടീമിന്’ താളം കണ്ടത്തൊനുമായില്ല. ആര്‍പ്പുവിളികളുമായത്തെിയ ആരാധകസംഘത്തിന്‍െറ പ്രോത്സാഹനം  ഐറിഷ് വീര്യം കൂട്ടി. ബ്രാഡിക്കും ജെഫ് ഹെന്‍ഡ്രികിനും ആദ്യപകുതിയില്‍ നിരവധി അവസരങ്ങള്‍ കിട്ടി. ഒമ്പതാം മിനിറ്റില്‍ ഹെന്‍ഡ്രികിന്‍െറ ഇടങ്കാലന്‍ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തുപോയി. സ്വീഡനെതിരായ മത്സരത്തില്‍ ഹെന്‍ഡ്രികിന്‍െറ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചുപോയിരുന്നു. 21ാം മിനിറ്റില്‍ ഡാരില്‍ മര്‍ഫിയുടെ ഹെഡര്‍ ഇറ്റാലിയന്‍ ഗോളി കുത്തിയകറ്റി.

ആദ്യപകുതിയുടെ അവസാന അഞ്ച് മിനിറ്റില്‍ രണ്ട് വട്ടം അയര്‍ലന്‍ഡ് പെനാല്‍റ്റി കിക്കിനായി മുറവിളി കൂട്ടി. 43ാം മിനിറ്റിലാണ് ഐറിഷ് ഗോളി ഡാരന്‍ റാന്‍ഡോള്‍ഫിനെ ഇറ്റലി പരീക്ഷിച്ചത്. സൈമണ്‍ സാസയുടെ ലക്ഷ്യം പിഴച്ചു പോയി. 53ാം മിനിറ്റിലും സാസ അവസരം തുലച്ചു.
നിരന്തരമായ ഐറിഷ് ആക്രമണത്തെ ഒരുവിധം പിടിച്ചുനിര്‍ത്തിയ അസൂറിപ്പടക്ക് 85ാം മിനിറ്റില്‍ പിഴച്ചു. ഹൂലാനിന്‍െറ ക്രോസിന് തലവെച്ചാണ് ബ്രാഡി ഗോളടിച്ച് വീരനായകനായത്. തൊട്ടുമുമ്പ് അവിശ്വസനീയമായി പന്ത് ഗോളിയുടെ സുരക്ഷിത കരങ്ങളിലേക്ക് അടിച്ചുകൊടുത്തതിന്‍െറ പ്രായശ്ചിത്തവുമായി ഹൂലാനിന് ഈ ക്രോസ്. സ്വപ്നസാഫല്യമാണ് ഈ വിജയമെന്നും കളികാണാനത്തെിയവര്‍ക്കും ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും ഈ വിജയം സമര്‍പ്പിക്കുന്നതായി ബ്രാഡി മത്സരശേഷം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.