പാരിസ്: കളംനിറഞ്ഞു കളിച്ച ക്രൊയേഷ്യയെ ഒരു ഗോളില്‍ കണ്ണീരുകുടിപ്പിച്ച് പോര്‍ചുഗലിന് ക്വാര്‍ട്ടര്‍ ബര്‍ത്ത്. യൂറോകപ്പിലെ പ്രീക്വാര്‍ട്ടറില്‍ അധികസമയത്തേക്ക് നീങ്ങിയ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ക്രോട്ടുകളെ കണ്ണീരുകുടിപ്പിച്ച പറങ്കിവിജയഗാഥ. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. അധികസമയതെ ആദ്യ പകുതിയിലും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞതല്ലാതെ മറ്റൊന്നും കണ്ടില്ല. എന്നാല്‍, 117ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ ആക്രമണത്തില്‍ തട്ടിത്തെറിച്ച പന്തുമായി നടത്തിയ പ്രത്യാക്രമണം റിക്കാര്‍ഡോ ക്വറെസ്മയുടെ ഹെഡറിലൂടെ ഗോളായി മാറി. സ്വന്തം പകുതിയില്‍നിന്നും റെനറ്റോ സാഞ്ചസിലൂടെ പിറന്ന മുന്നേറ്റം, ഇടതുവിങ്ങില്‍നിന്നും നാനിയിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്ക്. മാര്‍ക്കുചെയ്യാതെ കിടന്ന റൊണാള്‍ഡോ തൊടുത്ത ഷോട്ട് ക്രൊയേഷ്യന്‍ ഗോളി സുബാസിച് തട്ടിയകറ്റിയെങ്കിലും ഗോള്‍ലൈനോട് ചേര്‍ന്നുനിന്ന ക്വറെസ്മ മനോഹരമായി വലയിലേക്കുതന്നെ വീണ്ടുമത്തെിച്ചു. തിരിച്ചടിക്കാനുള്ള സമയംപോലുമില്ലാതെ ക്രൊയേഷ്യ പതറിപ്പോയ നിമിഷം. ബാള്‍ പൊസഷനിലും ഷോട്ടുതിര്‍ക്കുന്നതിലും അവസാനനിമിഷം വരെ മേധാവിത്വം പുലര്‍ത്തിയ ക്രൊയേഷ്യക്ക് കണ്ണീരുമായി മടക്കം. ഇഞ്ചുറി ടൈമില്‍ കൂട്ടയാക്രമണം നടത്തിയെങ്കിലും മറുപടി നേടാനാവാതെ പോയതോടെ താരപ്പടയടങ്ങിയ ക്രോട്ടുകള്‍ പ്രീക്വാര്‍ട്ടറില്‍ പുറത്ത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ പോളണ്ടാണ് പോര്‍ചുഗലിന്‍െറ എതിരാളി.
ഫുള്‍ടീമുമായി ഇറങ്ങിയ ക്രൊയേഷ്യക്ക് തുടക്കംമുതല്‍ മികച്ച അവസരങ്ങള്‍ പിറന്നിരുന്നു. മാഴ്സലോ ബ്രസോവിച്ചും ഡൊമാഗോ വിദയും രണ്ടാം പകുതിയിലെ ഗോള്‍മുഹൂര്‍ത്തങ്ങള്‍ കളഞ്ഞുകുളിച്ചു. പക്ഷേ, പെപെയും ജോസ് ഫോന്‍െറയും പ്രതിരോധമല തീര്‍ത്ത പറങ്കിക്കോട്ട ഒരിക്കല്‍പോലും ഭേദിക്കാന്‍ ക്രോട്ടുകള്‍ക്കായില്ല. ചുരുക്കത്തില്‍ ഗോളുറപ്പിച്ച ഒരു ഷോട്ടുപോലും ഉതിര്‍ക്കാനാവാത്ത കീഴടങ്ങലായി പ്രീക്വാര്‍ട്ടറിലേത്. സുപ്രധാന ടൂര്‍ണമെന്‍റില്‍ ക്രൊയേഷ്യയുടെ ആദ്യ അനുഭവമായി ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.