ഗോള്‍മഴയില്‍ ബെല്‍ജിയവും ജര്‍മനിയും

ബോര്‍ഡയോക്സ്: ലോക ചാമ്പ്യന്മാരുടെ പകിട്ടിനൊത്ത ജയവുമായി ജര്‍മനിയും ലോക രണ്ടാം നമ്പറുകാരുടെ മികവറിയിച്ച പോരാട്ടവീര്യവുമായി ബെല്‍ജിയവും യൂറോകപ്പ് ക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറില്‍ സ്ലോവാക്യന്‍ വലയിലേക്ക് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ അടിച്ചുകയറ്റിയാണ് ജര്‍മനി ഏകപക്ഷീയമായി മുന്നേറിയത്. ഹംഗേറിയന്‍ പോസ്റ്റില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ വീഴ്ത്തി ബെല്‍ജിയവും ക്വാര്‍ട്ടറിലേക്ക് കുതിച്ചു. 10ാം മിനിറ്റില്‍ അല്‍ഡര്‍വീല്‍ഡാണ് ബെല്‍ജിയത്തിന്‍െറ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ഇടതുവിങ്ങില്‍നിന്ന് ഡി ബ്രയൂണ്‍ തൊടുത്ത ഫ്രീകിക്ക് ബോക്സിനുള്ളിലേക്ക് പറന്നിറങ്ങിയപ്പോള്‍ ഹംഗേറിയന്‍ പ്രതിരോധനിരയെ വകഞ്ഞുമാറ്റിയത്തെിയ അല്‍ഡര്‍വീല്‍ഡ് മനോഹരമായ ഹെഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു. 78ാം മിനിറ്റില്‍ രണ്ടാം ഗോളത്തെി. ഹസാര്‍ഡിന്‍െറ അളന്നുകുറിച്ച പാസില്‍ മിക്കി ബാറ്റ്ഷുവായി ഹംഗറിയുടെ ലീഡുയര്‍ത്തി. രണ്ടു മിനിറ്റപ്പുറം ഹംഗേറിയന്‍ പതനം ഉറപ്പാക്കി ഹസാര്‍ഡിന്‍െറ ഗോളത്തെി. പ്രതിരോധനിരയെ കാഴ്ചക്കാരാക്കി മൂന്നുപേരെ മറികടന്നത്തെിയ ഹസാര്‍ഡ് ഹംഗറിയുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഇന്‍ജുറി ടൈം ഗോളിലൂടെ പകരക്കാരനായത്തെിയ കറാസ്കോ ബെല്‍ജിയത്തിന്‍െറ പട്ടിക പൂര്‍ത്തിയാക്കി.

കളിയുടെ എട്ടാം മിനിറ്റില്‍ പ്രതിരോധതാരം ജെറോ ബോട്ടെങ്ങിന്‍െറ ഗോളിലൂടെയായിരുന്നു ജര്‍മനിയുടെ തുടക്കം. ആദ്യ പകുതി പിരിയുംമുമ്പേ (43ാം മിനിറ്റ്) മരിയോ ഗോമസിന്‍െറ ഗോളിലൂടെ ലീഡുയര്‍ത്തി. എതിരാളിയെ തീര്‍ത്തും ദുര്‍ബലരാക്കി രണ്ടാം പകുതി തുടങ്ങിയ ജര്‍മനിയെ 63ാം മിനിറ്റില്‍ ജൂലിയാന്‍ ഡ്രാക്സ്ലര്‍ എത്തിപ്പിടിക്കാനാകാത്ത ദൂരത്തിലത്തെിച്ചു. അതേസമയം, 13ാം മിനിറ്റില്‍ മെസ്യൂത് ഓസില്‍ പാഴാക്കിയ പെനാല്‍റ്റി ജയത്തിനിടയിലെ കല്ലുകടിയായി. കിക്കോഫിനു പിന്നാലെ ജര്‍മന്‍ പടയാളികള്‍ സ്ലോവാക്യന്‍ പ്രതിരോധങ്ങള്‍ പൊട്ടിച്ചെറിഞ്ഞു. എട്ടാം മിനിറ്റില്‍ ജര്‍മനിയുടെ കോര്‍ണര്‍ റീബൗണ്ടായപ്പോള്‍ പെനാല്‍റ്റി ബോക്സിനു പുറത്തുനിന്ന് ബോട്ടെങ് നിലംപറ്റിയ ബുള്ളറ്റ് ഷോട്ടിലൂടെ വലയിലാക്കി. 43ാം മിനിറ്റില്‍ ഗോമസിന്‍െറ ഗോള്‍ പിറന്നത് വിങ്ങില്‍നിന്ന് ഡ്രാക്സ്ലര്‍ അളന്നുമുറിച്ച് നല്‍കിയ ക്രോസിലൂടെ. 63ാം മിനിറ്റില്‍ ഡ്രാക്സ്ലര്‍ ഉജ്വല വോളിയിലൂടെ വലകുലുക്കി ജര്‍മനിയുടെ വിജയമുറപ്പിച്ചു.

.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.