ഐസ് ലന്‍ഡിനോട് തോറ്റ് ഇംഗ്ളണ്ട് പുറത്ത്

പാരിസ്: യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്തുപോയതിനെ ബ്രെക്സിറ്റ് എന്നായിരുന്നു വിളിപ്പേര്. യൂറോകപ്പില്‍നിന്ന് ഇംഗ്ളണ്ട് കുഞ്ഞന്മാരായ ഐസ്ലന്‍ഡിനോട് തോറ്റ് മടങ്ങുമ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ അതിനെ ‘ബ്രെക്സിറ്റ് 2’ എന്ന് പേരിട്ടു.

ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍, ഐസ്ലന്‍ഡ് ഫുട്ബാളിന്‍െറ തറവാട്ടുകാരായ ഇംഗ്ളണ്ടിനെ 2-1ന് അട്ടിമറിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലത്തെിയത് യൂറോകപ്പിന്‍െറ ചരിത്രത്തിലെ ഏറ്റവുംവലിയ അട്ടിമറികളിലൊന്നായി. വെയ്ന്‍ റൂണിയടക്കമുള്ള മികവേറിയ താരങ്ങള്‍ അണിനിരന്ന ഇംഗ്ളീഷുകാരെ ഐസ്ലന്‍ഡ് കൂളായാണ് നേരിട്ടത്. അഞ്ചാം മിനിറ്റില്‍ ഇംഗ്ളണ്ടിനുവേണ്ടി വെയ്ന്‍ റൂണി പെനാല്‍റ്റി കിക്കിലൂടെ ഗോള്‍ നേടിയപ്പോള്‍ സ്കാന്‍ഡിനേവിയന്‍ സൗന്ദര്യവുമായത്തെിയ എതിരാളികള്‍ വിറച്ചില്ല.

അടുത്ത മിനിറ്റില്‍ റാഗ്നര്‍ സിഗുര്‍സണ്‍ സമനില പിടിച്ചു. 18ാം മിനിറ്റില്‍ കോള്‍ബിന്‍ സിഗ്തോര്‍സണും ലക്ഷ്യം കണ്ടതോടെ ഇംഗ്ളീഷുകാര്‍ക്ക് ആധിയായി.
പിന്നീട് റൂണിയും റഹീം സ്റ്റെര്‍ലിങ്ങുമടക്കമുള്ള താരങ്ങള്‍ ഐസ്ലന്‍ഡ് ഗോള്‍മുഖത്ത് പലവട്ടം ഇരച്ചുകയറിയെങ്കിലും ഒന്നരമണിക്കൂര്‍ പിടിച്ചുനിന്ന് ടീം അവസാന എട്ടിലേക്ക് കടന്നു. 1966ലെ ലോകകപ്പിനുശേഷം സുപ്രധാന കിരീടം മോഹിച്ചത്തെിയ ഇംഗ്ളണ്ടിന് തലകുനിച്ച് മടങ്ങേണ്ടിവന്നു. 1950ലെ ലോകകപ്പില്‍ തട്ടിക്കൂട്ട് ടീമുമായത്തെിയ അമേരിക്കയോട് തോറ്റതുപോലൊരു ദുരന്തമായി ഇതും. ഈ മാസം മൂന്നിന് ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് ആതിഥേയരായ ഫ്രാന്‍സാണ് ക്വാര്‍ട്ടറില്‍ ഐസ്ലന്‍ഡിന്‍െറ എതിരാളികള്‍. 4-4-2 എന്ന പ്രതിരോധ ശൈലിയിലിറങ്ങിയാണ് ലാര്‍സ് ലാഗര്‍ബാക് സഹപരിശീലകനായ ഐസ്ലന്‍ഡ് എതിരാളികളെ നേരിട്ടത്.

ഇംഗ്ളീഷ് കോച്ച് റോയ് ഹോഡ്ജ്സണിന്‍െറ പഴയ സഹായിയായ ലാഗര്‍ബാക്കിന് റോയിയുടെ തന്ത്രങ്ങള്‍ ഏറക്കുറെ മന$പാഠമായിരുന്നു. ലാഗര്‍ബാക് മുമ്പ് സ്വീഡനെ പരിശീലിപ്പിച്ചിരുന്നു. തന്‍െറ കീഴില്‍ ഇംഗ്ളണ്ടിനെതിരെ കളിച്ച ഏഴു മത്സരങ്ങളിലും തോറ്റിട്ടില്ളെന്ന ഖ്യാതി പാരിസിലും അദ്ദേഹം ആവര്‍ത്തിച്ചു.
റഹിം സ്റ്റെര്‍ലിങ്ങിനെ തിരിച്ചുവിളിച്ചതടക്കം ആറു മാറ്റങ്ങളുമായാണ് ഹോഡ്ജ്സണ്‍ ഇംഗ്ളണ്ടിനെ ഒരുക്കിയത്. സ്റ്റെര്‍ലിങ്ങിന്‍െറ മുന്നേറ്റത്തെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റി കിക്കിലൂടെയാണ് അഞ്ചാം മിനിറ്റില്‍ ലീഡ് നേടിയത്.

വെയ്ന്‍ റൂണിയാണ് ലക്ഷ്യംകണ്ടത്. 34 സെക്കന്‍ഡിനുശേഷം ഐസ്ലന്‍ഡ് തിരിച്ചടിച്ചു. ക്യാപ്റ്റന്‍ ആരോണ്‍ ഗുനാര്‍സണിന്‍െറ ഗംഭീര ത്രോയാണ് ഗോളിന് കാരണമായത്. ഹെഡ് ചെയ്ത കാരി അര്‍നാസണ്‍ സഹതാരം റാഗ്നര്‍ സിഗുര്‍സണിന് പന്ത് നീട്ടി. സിഗുര്‍സണിന് ലക്ഷ്യം പിഴച്ചില്ല. 18ാം മിനിറ്റില്‍ കോള്‍ബിന്‍ സിഗ്തോര്‍സന്‍ ഇംഗ്ളണ്ട് ഗോളി ജോ ഹാര്‍ട്ടിനെ ഞെട്ടിച്ച് ഐസ്ലന്‍ഡിനെ മുന്നിലത്തെിച്ചു.

ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ഇംഗ്ളീഷുകാര്‍ ആഞ്ഞുശ്രമിച്ചെങ്കിലും ഐസ്ലന്‍ഡുകാര്‍ പ്രതിരോധത്തിന്‍െറ ഇരുമ്പുമറ തീര്‍ത്തു. രണ്ടാം പകുതിയില്‍ സ്റ്റെര്‍ലിങ്ങിന് പകരം ലെസ്റ്റര്‍ സിറ്റി താരം ജാമി വാര്‍ഡിയെ ഇറക്കിയെങ്കിലും ഇംഗ്ളണ്ടിന് ഗുണം ചെയ്തില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.