ലെസ്റ്റര്‍ ഗോളടിക്കുന്നു; കോളടിച്ച് പ്രിക്

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിന്‍െറ സ്വപ്നക്കുതിപ്പിനിടെ, ജോണ്‍ പ്രിക് എന്ന 59കാരനാണ് ഇംഗ്ളണ്ടിലെ താരം. ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, സിറ്റി, ആഴ്സനല്‍, ലിവര്‍പൂള്‍ എന്നീ ഫൈവ് സ്റ്റാര്‍ ക്ളബുകള്‍ക്കു പിന്നാലെ ആരാധകരെല്ലാം കൂടിയപ്പോള്‍ വ്യത്യസ്തനായ ജോണ്‍ പ്രിക്. പ്രീമിയര്‍ ലീഗ് സീസണ്‍ തുടങ്ങുംമുമ്പ് ആരാവും ഇക്കുറി കിരീടമണിയുകയെന്ന ബെറ്റിങ് ഏജന്‍സികളുടെ ചോദ്യത്തിനുമുന്നില്‍ 45 വര്‍ഷമായി ഹൃദയത്തില്‍ താലോലിക്കുന്ന ലെസ്റ്റര്‍ സിറ്റി എന്നായിരുന്നു പ്രിക്കിന്‍െറ ഉത്തരം. റേറ്റിങ്ങില്‍ 5000ത്തില്‍ ഒന്നായിരുന്നു ലെസ്റ്ററിന് സാധ്യത. ചെല്‍സിക്കും ആഴ്സനലിനും ഡിമാന്‍ഡ് കൂടിയ മാര്‍ക്കറ്റില്‍ പ്രിക്കിന്‍െറ ആരാധനയെ ബെറ്റിങ് ഏജന്‍സികളും വട്ടെന്ന് വിളിച്ചു. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിക്കായിരുന്നു റേറ്റിങ്ങില്‍ (6/5) കൂടുതല്‍ സാധ്യത.
മാഞ്ചസ്റ്റര്‍ സിറ്റി (12/5), ആഴ്സനല്‍ (4/1), മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (4/1), ലിവര്‍പൂള്‍ (16/1), ടോട്ടന്‍ഹാം (66/1) എന്നിങ്ങനെയായിരുന്നു മറ്റു ടീമുകള്‍ക്കുള്ള ഡിമാന്‍ഡ്. പക്ഷേ, കിക്കോഫിനുപിന്നാലെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ചെല്‍സി തകര്‍ന്നതും ചാമ്പ്യന്‍ കോച്ച് മൗറീന്യോ പുറത്താക്കപ്പെട്ടതും ലിവര്‍പൂള്‍, യുനൈറ്റഡ് എന്നിവര്‍ പിന്തള്ളപ്പെട്ടതിനും ഫുട്ബാള്‍ ലോകം സാക്ഷിയായപ്പോള്‍ ലെസ്റ്ററിന്‍േറതായിരുന്നു കാലം. ആദ്യ അട്ടിമറികളെ താല്‍ക്കാലിക പ്രതിഭാസമായി വിലയിരുത്തിയവര്‍ക്കുള്ള മറുപടിയായിരുന്നു പിന്നീട് കണ്ടത്. വെച്ചടി വെച്ചടി കയറ്റം. വമ്പന്മാരെല്ലാം മുട്ടുമടക്കി. പ്രീമിയര്‍ ലീഗ് കൊടിയിറക്കത്തിന് പത്തു മത്സരംമാത്രം ബാക്കിനില്‍ക്കെ ലെസ്റ്ററിനു പിന്നിലായി ആരാധകര്‍. വെറും 20 പൗണ്ടിന് ‘ലാഡ്ബ്രോക്’ ബെറ്റിങ് ഏജന്‍സിയില്‍ വാതുവെച്ച ജോണ്‍ പ്രിക് അങ്ങനെയാണ് ഇംഗ്ളണ്ടില്‍ താരമായത്. ലെസ്റ്റര്‍ കിരീടമണിഞ്ഞാല്‍, ഈസ്റ്റ് ലെസ്റ്ററില്‍നിന്നുള്ള ജോണ്‍പ്രിക്കിന്‍െറ അക്കൗണ്ടിലത്തെുന്നത് ഒരു ലക്ഷം പൗണ്ട് (95 ലക്ഷം രൂപ). 

പക്ഷേ, ജോണ്‍ പ്രിക് ഇപ്പോള്‍ വാര്‍ത്തയാവുന്നത് ഏജന്‍സിയുമായി ഇടപാട് അവസാനിപ്പിച്ച് പിന്‍വാങ്ങിക്കൊണ്ടാണ്. വെറുമൊരു പിന്മാറ്റമല്ലിത്. വെസ്റ്റ്ബ്രോംവിച്ചിനോട് ലെസ്റ്റര്‍ 2-2ന് സമനില വഴങ്ങിയപ്പോള്‍ ബെറ്റില്‍നിന്ന് പിന്‍വാങ്ങാന്‍ 16,000 പൗണ്ടായിരുന്നു ഏജന്‍സിയുടെ വാഗ്ദാനം. പക്ഷേ, പ്രിക് തയാറായില്ല. ഏറ്റവുമൊടുവില്‍ ലെസ്റ്റര്‍ വാറ്റ്ഫോഡിനെ 1-0ത്തിന് തോല്‍പിച്ച് പട്ടികയില്‍ അഞ്ചു പോയന്‍റ് ലീഡ് നേടിയതോടെ വാഗ്ദാനം 29,000 പൗണ്ടത്തെി. കിരീടമടിച്ചാല്‍ കിട്ടുന്ന ഒരു ലക്ഷത്തെ മറന്ന് 29,000 പൗണ്ടില്‍ (27.6 ലക്ഷം രൂപ) ഡീല്‍ ഉറപ്പിച്ച് പ്രിക് പിന്മാറിയതായിരുന്നു ഞായറാഴ്ച ഇംഗ്ളീഷ് ഫുട്ബാളിലെ വാര്‍ത്ത.

ബെറ്റില്‍നിന്ന് പിന്മാറിയെങ്കിലും ലെസ്റ്റര്‍തന്നെ കിരീടമണിയുമെന്ന് പ്രിക് ആവര്‍ത്തിക്കുന്നു. മാനസിക സമ്മര്‍ദം ഒഴിവാക്കി ഇഷ്ട ടീമിന്‍െറ കളി ആസ്വദിക്കാനാണ് പിന്‍വാങ്ങിയതെന്നാണ് ഈ ലെസ്റ്റര്‍ ആരാധകന്‍െറ പക്ഷം. പക്ഷേ, ലെസ്റ്റര്‍ ആദ്യ നാലിലുണ്ടാവുമെന്ന ബെറ്റില്‍നിന്ന് പ്രിക് പിന്മാറിയിട്ടില്ല. 400-1ന് വെച്ച ഈ ബെറ്റിന് 4000 പൗണ്ടാണ് കാത്തിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.