ഇംഗ്ലണ്ടിൽ ചാമ്പ്യന്‍സ് ലീഗ് യോഗ്യരെ നിശ്ചയിക്കുന്ന ‘ഫൈനല്‍’ ഇന്ന്

ലണ്ടന്‍: കിരീടം തീര്‍പ്പായ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച ചാമ്പ്യന്‍സ് ലീഗ് യോഗ്യരെ നിശ്ചയിക്കുന്ന ‘ഫൈനല്‍’ പോരാട്ടം. 10 മാസമായി ലോകഫുട്ബാളിനെ വിസ്മയിപ്പിച്ച് തുടര്‍ന്ന സീസണിന് കൊടിയിറങ്ങുമ്പോള്‍ ബാക്കിയാവുന്നത് ലെസ്റ്റര്‍ സിറ്റിയുടെ കിരീടധാരണം മുതല്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയുടെ തകര്‍ച്ച വരെയുള്ള അദ്ഭുതക്കാഴ്ചകള്‍.

രണ്ടു കളി ബാക്കിനില്‍ക്കെ കിരീടമണിഞ്ഞ ലെസ്റ്ററിന് ചെല്‍സിയാണ് അവസാന അങ്കത്തിലെ എതിരാളി. ഒമ്പതാം സ്ഥാനക്കാരായ ചെല്‍സിയാണ് എതിരാളിയും. 49 പോയന്‍റുമായി ആദ്യ പത്തിനുള്ളില്‍ ഇടമുറപ്പിക്കാന്‍ പോരാടുന്ന ചെല്‍സിക്ക് ജയം അനിവാര്യമാണ്. 10ാം സ്ഥാനത്തുള്ള സ്റ്റോക് സിറ്റി (48) വെസ്റ്റ്ഹാം യുനൈറ്റഡിനെയാണ് നേരിടുന്നത്.70 പോയന്‍റുള്ള ടോട്ടന്‍ഹാം രണ്ടാം സ്ഥാനക്കാരായി ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചുകഴിഞ്ഞു. അവസാന അങ്കത്തില്‍ ന്യൂകാസില്‍ യുനൈറ്റഡാണ് ടോട്ടന്‍ഹാമിന്‍െറ എതിരാളി. ന്യൂകാസില്‍ ലീഗില്‍ തരംതാഴ്ത്തപ്പെടുകയും ചെയ്തു. 68 പോയന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ആഴ്സനലും നിലഭദ്രമാക്കി. ആസ്റ്റന്‍വില്ലക്കെതിരെ സ്വന്തം ഗ്രൗണ്ടിലെ മത്സരത്തില്‍ തോറ്റാലും ആഴ്സനലിന് ആദ്യ നാലില്‍ ഇടം ഉറപ്പാണ്.

നാലാം സ്ഥാനത്തിനായി മാഞ്ചസ്റ്റര്‍ ടീമുകള്‍ തമ്മിലാണ് മത്സരം. ഇന്ന് സ്വാന്‍സിയെ നേരിടുന്ന സിറ്റിക്ക് 65ഉം ബേണ്‍മൗത്തിനെ നേരിടുന്ന യുനൈറ്റഡിന് 63ഉം പോയന്‍റാണുള്ളത്. ജയിച്ചാല്‍ സിറ്റി അനായാസം നാലാം സ്ഥാനം നിലനിര്‍ത്തി ചാമ്പ്യന്‍സ് ടിക്കറ്റുറപ്പിക്കും. അതേസമയം, ബേണ്‍മൗത്തിനെതിരെ സ്വന്തം ഗ്രൗണ്ടില്‍ ജയിക്കുകയും സിറ്റി തോല്‍ക്കുകയും ചെയ്താലേ യുനൈറ്റഡിന് പ്രതീക്ഷയുള്ളൂ. ഇല്ളെങ്കില്‍ അഞ്ചാം സ്ഥാനക്കാരായി യൂറോപയിലേക്ക് വാന്‍ഗാലിന്‍െറ ടീം തരംതാഴ്ത്തപ്പെടും. എട്ടാം സ്ഥാനക്കാരായ ലിവര്‍പൂള്‍ വെസ്റ്റ്ബ്രോംവിചിനെ നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.