20 വര്‍ഷം മുമ്പ് ഇതുപോലൊരു ഒക്ടോബര്‍ ആദ്യത്തില്‍ ആഴ്സന്‍ വെങ്ങര്‍ എന്ന 46കാരന്‍ ഇംഗ്ളണ്ടിലെ പ്രമുഖ ക്ളബുകളിലൊന്നായ ആഴ്സനലിന്‍െറ പരിശീലകനായി എത്തുമ്പോള്‍ ഏത് ആഴ്സന്‍ എന്ന ചോദ്യമായിരുന്നു എല്ലാ നാവുകളില്‍നിന്നും ഉയര്‍ന്നിരുന്നത്. അന്താരാഷ്ട്രതലത്തിലോ ഇംഗ്ളണ്ടിലോ ഒട്ടും അറിയപ്പെടാത്ത വെങ്ങറുടെ വരവ് ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ അപ്രതീക്ഷിതമായിരുന്നു. എന്നാല്‍, രണ്ടു പതിറ്റാണ്ടിനിപ്പുറം വെങ്ങര്‍ എന്ന പേര് ആഴ്സനല്‍ എന്ന ടീമിന്‍െറതന്നെ പര്യായമായി മാറിയിരിക്കുന്നു. താനില്ലാതെ ഗണ്ണേഴ്സിനെ സങ്കല്‍പിക്കാന്‍ പോലുമാവാത്തവിധം ടീമുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു ഈ 66കാരന്‍.

ക്ലബ്ബ്​ വൈസ് ചെയര്‍മാനായ ഡേവിഡ് ഡൈന്‍, വെങ്ങറെ ആഴ്സനലിന്‍െറ ചുമതലയേല്‍പിക്കുമ്പോള്‍ ഇത്രകാലം ക്ളബിന്‍െറ തലപ്പത്തുണ്ടാവുമെന്ന് ആരും കരുതിയിരിക്കില്ല. അറിയപ്പെടാത്ത ജാപ്പനീസ് ക്ളബ് നഗോയ ഗ്രാംപസ് എയ്റ്റില്‍നിന്നായിരുന്നു വെങ്ങറുടെ വരവ്. അതിനുമുമ്പ് 10 വര്‍ഷത്തോളം സ്വന്തം നാട്ടിലെ നാന്‍സി ലോറെയ്ന്‍, എ.എസ്. മൊണാക്കോ എന്നിവയില്‍ പരിശീലകനായുണ്ടായിരുന്നെങ്കിലും ഫ്രാന്‍സിനു പുറത്തേക്ക് ഒട്ടും അറിയപ്പെടുന്ന കോച്ചായിരുന്നില്ല വെങ്ങര്‍. അതിനാല്‍ തന്നെ വെങ്ങര്‍ ആഴ്സനലില്‍ എത്തുമ്പോള്‍ അവിശ്വസനീയതയും നിരാശയുമായിരുന്നു പ്രതികരണങ്ങളില്‍ നിറഞ്ഞുനിന്നത്. പരിചയസമ്പന്നനായ ഒരാള്‍ക്കു പകരം ഇങ്ങനെയൊരാളെ എന്തിന് കൊണ്ടുവന്നു? ഇനി അത്ര അറിയപ്പെടാത്ത ആളാണെങ്കിലും ഇംഗ്ളണ്ടിലെ സാഹചര്യം അറിയുന്ന നാട്ടുകാരനെ തന്നെ കണ്ടത്തെിക്കൂടായിരുന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകവൃത്തങ്ങളില്‍ പോലും അലയടിച്ചത്. എന്നാല്‍, ആഴ്സനലിന് പറ്റിയ ആള്‍ തന്നെയായിരുന്നു ആഴ്സന്‍ എന്ന് കാലം തെളിയിച്ചു.

സമീപകാലത്ത് കിരീടദാരിദ്ര്യമുണ്ടെങ്കിലും ആഴ്സനലിനെ ആകര്‍ഷകമായ ആക്രമണ ഫുട്ബാള്‍ കളിക്കുന്ന സംഘമാക്കി മാറ്റിയെടുത്തത് വെങ്ങറാണ്.
ചുമതലയേറ്റയുടന്‍ ടീമംഗങ്ങളുടെ ശാരീരികക്ഷമത മെച്ചപ്പെടുത്താന്‍ നൂതനമായ രീതികള്‍ ആവിഷ്കരിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇതിന്‍െറ ഫലം നന്നായി അനുഭവിച്ചവരാണ് വെറ്ററന്‍ താരങ്ങളായ ടോണി ആഡംസും റേ പാര്‍ലറും. സ്വന്തത്തെക്കുറിച്ച് കൂടുതലൊന്നും സംസാരിക്കാത്ത വെങ്ങര്‍ കളിക്കാരുമായി അടുത്തിടപഴകി അവരെ പ്രചോദിപ്പിക്കുന്നതില്‍ മിടുക്കനായിരുന്നു. രണ്ടു ഘട്ടങ്ങളായാണ് ആഴ്സന്‍െറ ആഴ്സനല്‍ കാലം പൊതുവെ വിലയിരുത്തപ്പെടുന്നത്. ആദ്യ പതിറ്റാണ്ടിനാണ് ഇതില്‍ തിളക്കം കൂടുതല്‍. മൂന്നു പ്രീമിയര്‍ ലീഗ് കിരീടങ്ങളും നാലു എഫ്.എ കപ്പ് ട്രോഫികളും നേടിയ ഇക്കാലത്തുതന്നെയാണ് 49 കളികളില്‍ അപരാജിത കുതിപ്പുമായി ‘അജയ്യസംഘം’ എന്ന വിളിപ്പേരും ടീം നേടിയത്.

തിയറി ഒന്‍റി, ഡെന്നിസ് ബെര്‍ഗ്കാമ്പ്, പാട്രിക് വിയേര, സോള്‍ കാംപല്‍, ഡേവിഡ് സീമാന്‍, റോബര്‍ട്ട് പിറെസ്, ഫ്രെഡി ല്യുങ്ബര്‍ഗ് തുടങ്ങിയ അതുല്യപ്രതിഭകളാല്‍ സമ്പന്നമായിരുന്നു ഈ കാലഘട്ടത്തില്‍ ടീം. ബെര്‍ഗ്കാമ്പിന്‍െറ ടച്ച്ഗെയിമും ഒന്‍റിയുടെ സ്കോറിങ് മികവുമായി കളംനിറഞ്ഞ ആഴ്സനല്‍ ടീമിന്‍െറ കളി കണ്ണിനിമ്പമേറുന്നതുമായിരുന്നു. എന്നാല്‍, പിന്നീടുള്ള പത്തു വര്‍ഷം താരതമ്യേന ശരാശരിക്ക് താഴെയായിരുന്നു. എട്ടു വര്‍ഷവും കിരീടനേട്ടങ്ങളില്ലാതെപോയ ഈ കാലത്തെ ആശ്വാസം രണ്ട് എഫ്.എ കപ്പ് വിജയങ്ങള്‍ മാത്രമായിരുന്നു. സെസ്ക് ഫാബ്രിഗസിനെയും മെസ്യൂത് ഒസീലിനെയും പോലുള്ള പ്രതിഭകളുണ്ടായിട്ടും അതിന്‍െറ പ്രഭ കളത്തില്‍ വേണ്ടത്ര കാണിക്കാന്‍ ഈ കാലഘട്ടത്തില്‍ വെങ്ങറുടെ ടീമിനായില്ല.

വെങ്ങര്‍ ഏറ്റവും നിരാശനായിരിക്കുക 2005-06 സീസണിലാവും. ബാഴ്സലോണക്കെതിരെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ തോല്‍വി വലിയ നഷ്ടസ്വപ്നമായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ അലക്സ് ഫെര്‍ഗൂസനുശേഷം ഇത്രയും കാലം പ്രമുഖ ക്ളബില്‍ തുടരുന്ന ചുരുക്കം പരിശീലകരില്‍ ഒരാളാണ് വെങ്ങര്‍. നിലവില്‍ ഒഴിവുള്ള ഇംഗ്ളണ്ട് ദേശീയ ടീം കോച്ച് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമ്പോഴും തന്‍െറ പ്രേമം ആഴ്സനലിനോടാണെന്ന് ആവര്‍ത്തിക്കുന്ന ആഴ്സന്‍ ഇനിയുമേറെക്കാലം ക്ളബിലുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.