സ്പെയിനിന് എട്ടടി വീര്യം

പാരിസ്: പുതിയ പരിശീലകന്‍ യൂലിയന്‍ ലോപെറ്റ്ഗ്യൂവിന് കീഴില്‍ ഗോള്‍ മഴ പെയ്യിച്ച് സ്പെയിന്‍, യൂറോ സൂപ്പര്‍താരം ഗാരെത് ബെയ്ല്‍ മാജിക്കിലൂടെ വെയ്ല്‍സ്, പുതു ഫുട്ബാള്‍ രാജ്യമായ കൊസോവക്ക് ചരിത്രത്തിലെ ആദ്യ പോയന്‍റ് നേട്ടം. 2018 ലോകകപ്പ് ഫുട്ബാള്‍ യൂറോപ്യന്‍ മേഖലാ യോഗ്യതാ പോരാട്ടങ്ങള്‍ക്ക് സംഭവബഹുലമായ തുടക്കം. ഗ്രൂപ് ‘ജി’യില്‍ മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിന്‍ ലിക്ടന്‍സ്റ്റെയിനെ മറുപടിയില്ലാത്ത എട്ട് ഗോളിന് നിലംപരിശാക്കി വിസെന്‍െറ ഡെല്‍ബോസ്കോ യുഗത്തിനു ശേഷമുള്ള ജൈത്രയാത്ര തുടങ്ങി. എട്ടുവര്‍ഷം ടീമിനെ പരിശീലിപ്പിച്ച് രണ്ട് യൂറോ കിരീടവും ഒരു ലോകകപ്പും സമ്മാനിച്ച ഡെല്‍ബോസ്കോ കഴിഞ്ഞ യൂറോകപ്പോടെ പടിയിറങ്ങിയെങ്കിലും സ്പെയിന്‍ താളംതെറ്റിയില്ളെന്ന് സ്വന്തം മണ്ണില്‍ വെച്ചുതന്നെ ബോധ്യപ്പെടുത്തി. സൂപ്പര്‍താരങ്ങളായ ഡീഗോ കോസ്റ്റ, ഡേവിഡ് സില്‍വ, അല്‍വാരോ മൊറാറ്റ എന്നിവര്‍ ഇരട്ട ഗോളടിച്ച് കോച്ചിന് ഗംഭീര വരവേല്‍പ്പൊരുക്കി.

യൂറോകപ്പില്‍ അദ്ഭുതക്കുതിപ്പ് നടത്തിയ വെയ്ല്‍സ് 4-0ത്തിന് മൊള്‍ഡോവയെ തകര്‍ത്താണ് ലോകകപ്പ് യാത്രക്ക് തുടക്കമിട്ടത്. രണ്ട് ഗോളടിച്ചും ഒരെണ്ണത്തിന് വഴിയൊരുക്കിയും ബെയ്ല്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 38ാം മിനിറ്റില്‍ വലതു വിങ്ങില്‍ നിന്നും റയല്‍ മഡ്രിഡ് താരം ഉയര്‍ത്തി നല്‍കിയ ക്രോസ് സാം വോക്സ് ഹെഡറിലൂടെ വലയിലത്തെിച്ചു. 50ാം മിനിറ്റില്‍ ഒറ്റയാന്‍ കുതിപ്പിലൂടെയായിരുന്നു ബെയ്ലിന്‍െറ ആദ്യ ഗോള്‍. ഇഞ്ചുറി ടൈമില്‍ ഫൗള്‍ പെനാല്‍റ്റിയായപ്പോള്‍ കിക്കെടുത്ത ബെയ്ലിന് പിഴച്ചില്ല. ജോ അലന്‍െറ വകയായിരുന്നു മറ്റൊരു ഗോള്‍.
‘ജി’ ഗ്രൂപ്പില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലി 3-1ന് ഇസ്രായേലിനെ വീഴ്ത്തി. ഗ്രസിയാനോ പെല്ളെ, അന്‍േറാണിയോ കണ്‍ഡ്രീവ, സിറോ ഇമ്മൊബില്‍ എന്നിവരുടെ വകയായിരുന്നു ഇറ്റലിയുടെ ഗോളുകള്‍. പുതു പരിശീലകന്‍ ജിയാം പിയറോ വെഞ്ചുറക്കു കീഴിലായിരുന്നു ഇറ്റലി കളത്തിലിറങ്ങിയത്. യൂറോ സെന്‍സേഷന്‍ ഐസ്ലന്‍ഡും യുക്രെയ്നും തമ്മിലെ മത്സരം സമനിലയില്‍ (1-1) പിരിഞ്ഞു.
മറ്റ മത്സര ഫലങ്ങള്‍: സെര്‍ബിയ 2 - അയര്‍ലന്‍ഡ് 2, ക്രൊയേഷ്യ 1 - തുര്‍ക്കി 1, അല്‍ബേനിയ 2 - മാഴ്സിഡോണിയ 1.

ആദ്യ പോയന്‍റില്‍ കൊസോവ ഫിഫയിലെ പുതുഅംഗമായ കൊസോവക്കിത് ചരിത്ര നിമിഷം. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ അംഗത്വം നേടി യോഗ്യതാ മത്സരങ്ങള്‍ കളിക്കാന്‍ അര്‍ഹരായ കൊസോവ സമനിലയില്‍ തളച്ചത് ഫിന്‍ലന്‍ഡിനെ (1-1). റഷ്യ ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ് മറികടന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു കൊസോവക്ക് യുവേഫയും ഫിഫയും അംഗത്വം നല്‍കിയത്. നേരത്തെ അല്‍ബേനിയക്കുവേണ്ടി കളിച്ച താരങ്ങള്‍ക്ക് സ്വന്തം രാജ്യത്തിന്‍െറ ജഴ്സിയില്‍ പന്തുതട്ടാന്‍ അവസരം കൂടി ലഭിച്ചതോടെ ലോകകപ്പ് യോഗ്യതാ പോരാട്ടം കൊസോവയുടെ ഉത്സവമായി. മുന്‍ സ്വിറ്റ്സര്‍ലന്‍ഡ് താരം ആല്‍ബര്‍ട് ബുനാകു, അല്‍ബേനിയയുടെ സാമിര്‍ ഉകാനി തുടങ്ങിയ പ്രമുഖരെല്ലാം കൊസോവയുടെ താരങ്ങളായി കളത്തിലത്തെി. 18ാം മിനിറ്റില്‍ ഗോള്‍ വഴങ്ങി നിരാശയിലായവര്‍ക്ക് 60ാം മിനിറ്റില്‍ വാലോണ്‍ ബെരിഷയാണ് വിലപ്പെട്ട പോയന്‍റ് സമ്മാനിച്ച ഗോള്‍ സ്കോര്‍ ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.