തേഞ്ഞിപ്പലം (മലപ്പുറം): അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ ഫുട്ബാൾ ചാമ്പ്യൻഷിപ്പിെൻറ സെമിഫൈനലിലേക്ക് കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ കുതിപ്പ്. തേഞ്ഞിപ്പലം സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ഷില്ലോങ് നോർത്ത് ഇൗസ്റ്റ് ഹിൽ സർവകലാശാലയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്താണ് നിലവിലെ ജേതാക്കളായ കാലിക്കറ്റ് അവസാന നാലിലെത്തിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് നേടിയ വി. അഫ്ദാലിെൻറയും ഇരട്ട ഗോളുമായി തിളങ്ങിയ അനുരാഗിെൻറയും മികവിലാണ് കാലിക്കറ്റ് ജയിച്ചുകയറിയത്. കരുത്തരായ ഗ്വാളിയോർ എൽ.എൻ.യു.പി.യെ 1-0ത്തിന് തോൽപിച്ചാണ് കണ്ണൂർ സെമിയിലെത്തിയത്. 47ാം മിനിറ്റിൽ റിസ്വാൻ അലിയാണ് വലകുലുക്കിയത്.
മറ്റ് ക്വാർട്ടർ മത്സരങ്ങളിൽ ചണ്ഡിഗഢ് പഞ്ചാബ് സർവകലാശാല, കോലാപ്പൂർ ശിവജി സർവകലാശാലയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കി സെമിയിലെത്തി. അമൃത്സർ ഗുരുനാനാക്കിനെ 2-1ന് േതാൽപിച്ച പാട്യാല പഞ്ചാബി സർവകലാശാലയും സെമിയിൽ കടന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന സെമിയിൽ കാലിക്കറ്റിന് ചണ്ഡിഗഢ് പഞ്ചാബാണ് എതിരാളികൾ. പാട്യാല പഞ്ചാബിയുമായാണ് കണ്ണൂരിെൻറ സെമി.
മേഘാലയയിലെ മലനിരകളിൽനിന്നുള്ള ഫുട്ബാൾ കരുത്തുമാെയത്തിയ നോർത്ത് ഇൗസ്റ്റിനെതിരെ ആദ്യ പകുതിയിൽ 4-0ത്തിന് മുന്നിലായിരുന്നു കാലിക്കറ്റ്. അഫ്ദാലും ബുജൈറും അനുരാഗുമടങ്ങുന്ന കാലിക്കറ്റ് മുന്നേറ്റനിര തുടക്കംമുതൽ നോർത്ത് ഇൗസ്റ്റ് ഗോളി ലെങ്സ്കെലം റ്യുപയെ വിറപ്പിക്കുകയായിരുന്നു. 17, 25, 40 മിനിറ്റുകളിലാണ് അഫ്ദാൽ വലകുലുക്കിയത്. മമ്പാട് എം.ഇ.എസ് കോളജിലെ ബിരുദ വിദ്യാർഥിയായ അഫ്ദാൽ കഴിഞ്ഞദിവസം സാംബൽപ്പൂരിനെതിരെ അഞ്ചു ഗോളുകൾ നേടിയിരുന്നു. 44, 64 മിനിറ്റുകളിലായിരുന്നു അനുരാഗിെൻറ തകർപ്പൻ ഗോളുകൾ പിറന്നത്. മുൻ ജൂനിയർ ഇന്ത്യൻ ടീം കോച്ച് സതീവൻ ബാലെൻറ ശിഷ്യരായ കാലിക്കറ്റ് താരങ്ങൾ രണ്ടാം പകുതിയിലും നിരന്തരം ആക്രമണം നടത്തിയെങ്കിലും നോർത്ത് ഇൗസ്റ്റ് പ്രതിരോധത്തിെൻറയും ഗോളിയുടെയും ഇടപെടലുകളിൽ ലക്ഷ്യം കാണാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.