മഡ്രിഡ്: യൂറോപ്യൻ കിരീടനേട്ടത്തോടെ വിടവാങ്ങാമെന്ന ആഴ്സൻ വെംഗറുടെ മോഹം പൊലിച്ച് അത്ലറ്റികോ മഡ്രിഡ്. യൂറോപ്പ ലീഗ് രണ്ടാം പാദ സെമിയിൽ അത്ലറ്റികോ ഏകപക്ഷീയമായ ഒരു ഗോളിന് ആഴ്സനലിനെ തോൽപിച്ചു. ഇരു പാദങ്ങളിലുമായി അഗ്രഗേറ്റ് സ്കോർ 2-1െൻറ വിജയത്തോടെ ഡീഗോ സിമിയോണിയും സംഘവും ഫൈനലിലെത്തി. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് മാഴ്സെയാണ് ഇൗ മാസം 16ന് ഫ്രാൻസിലെ ലിയോണിൽ നടക്കുന്ന ഫൈനലിൽ അത്ലറ്റികോയുടെ എതിരാളികൾ. കഴിഞ്ഞ അഞ്ച് സീസണിനിടെ അത്ലറ്റികോയുടെ മൂന്നാം യൂറോപ്യൻ ഫൈനൽ പ്രവേശനമാണിത്.
ഒാസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബെർഗിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് മാഴ്സെ ഫൈനലിലെത്തിയത്. ആദ്യ പാദത്തിൽ 2-0ത്തിന് ജയിച്ചിരുന്ന മാഴ്സെക്കെതിരെ രണ്ടാം പാദത്തിൽ അതേ മാർജിന് സാൽസ്ബർഗ് തിരിച്ചടിച്ചപ്പോൾ അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ മാഴ്സെ ജയിച്ചുകയറുകയായിരുന്നു.
ലണ്ടനിൽ നടന്ന ആദ്യപാദ മത്സരത്തിൽ (1-1) നേടിയ എവേ ഗോളിെൻറ ബലത്തിൽ കളത്തിലിറങ്ങിയ അത്ലറ്റികോയെ ഗോൾരഹിത സമനില വരെ ഫൈനലിൽ എത്തിക്കുമായിരുന്നു. സന്ദർശകരെ ഗോളടിക്കാൻ അനുവദിക്കാതെ പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് അത്ലറ്റികോ പുറത്തെടുത്തത്. 12ാം മിനിറ്റിൽ ക്യാപ്റ്റൻ ലോറൻറ് കൊഷീൽനി പരിക്കേറ്റ് പിന്മാറിയത് ആഴ്സനലിന് തിരിച്ചടിയായി. കാലം ചേേമ്പഴ്സാണ് പകരം കളത്തിലിറങ്ങിയത്. 45ാം മിനിറ്റിൽ അേൻറായിൻ ഗ്രീസ്മാെൻറ അസിസ്റ്റിൽ ഡീഗോ കോസ്റ്റയാണ് അത്ലറ്റികോയുടെ വിജയഗോൾ നേടിയത്. ആഴ്സനലിനെതിരെ ഏഴ് മത്സരങ്ങളിൽ കളിച്ച കോസ്റ്റയുടെ നാലാം ഗോളാണിത്.
ഇൗ സീസണിൽ സ്വന്തം മൈതാനത്ത് തോൽവിയറിഞ്ഞിട്ടില്ലാത്ത അത്ലറ്റികോയുടെ പോസ്റ്റിൽ ജനുവരിക്ക് ശേഷം ഗോൾ വീണിട്ടില്ല. സെമിയിൽ നേരിട്ട പരാജയം അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായുള്ള ആഴ്സനലിെൻറ മോഹങ്ങൾക്കുകൂടിയാണ് അന്ത്യം കുറിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ആഴ്സനലിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാവാതെ പോകുന്നത്. ഇംഗ്ലണ്ടിലെ ഒട്ടുമിക്ക കിരീടങ്ങളും ഷെൽഫിലെത്തിച്ച വെംഗർ യൂറോപ്പിൽ 216 മത്സരം പൂർത്തിയാക്കിയിട്ടും ഒരു കിരീടം പോലും സ്വന്തമാക്കാനാകാതെയാണ് പടിയിറങ്ങുന്നത്.
സാൽസ്ബർഗിനെതിരായ ആദ്യ പാദ പോരാട്ടത്തിൽ സ്വന്തം മൈതാനത്ത് മാഴ്സെ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ മാഴ്സെയുടെ പോസ്റ്റിൽ രണ്ട് ഗോൾ വീണതോടെ നിശ്ചിത സമയത്ത് മത്സരം സമനിലയിലായി. ഇതോടെ വിജയികളെ നിശ്ചയിക്കാൻ കളി അധികസമയത്തേക്ക് നീണ്ടു. 116ാം മിനിറ്റിൽ ദിമിത്രി പായറ്റിെൻറ അസിസ്റ്റിൽ റൊലാൻഡോ നേടിയ ഗോൾ മാഴ്സെക്ക് ഫൈനൽ ബെർത്ത് ഉറപ്പിച്ചു. 53ാം മിനിറ്റിൽ അമാദു ഹൈദരയുടെ ഗോളും 65ാം മിനിറ്റിൽ ബൗനസാർ നേടിയ സെൽഫ് ഗോളുമാണ് സാൽസ്ബർഗിെൻറ പട്ടിക തികച്ചത്. അമാദു ഹൈദര 119ാം മിനിറ്റിൽ ചുവപ്പുകാർഡ് വാങ്ങി പുറത്തുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.