നാട്ടിൽനിന്ന് വരുമ്പോഴേ നേരത്തെ റഷ്യയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ സന്ദീപ് ഇവരെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു. റഷ്യൻ-കസാഖ് വംശജയായ ഇവ്ഗിനിയ. കമ്യൂണിസ്റ്റ് പാർട്ടി വിധേയത്വമുള്ളവരെ മാത്രം ഇംഗ്ലീഷ് പഠിക്കാൻ അനുവദിച്ചിരുന്ന കാലഘട്ടത്തിൽ സ്കൂൾ തലത്തിൽ തന്നെ ഇംഗ്ലീഷ് പഠിക്കാൻ അവസരം ലഭിച്ച, വൈറോളജിയിൽ ബിരുദധാരിയായ യുവതി.
അന്നവസ്ത്രാദികൾക്ക് മുട്ടില്ലാത്ത സോവിയറ്റ് നാട്ടിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുമ്പോഴായിരുന്നു അന്നാട്ടിലെ ആസാദി ബ്രിഗേഡിന് മുന്നിൽ കുലംകുത്തിയായ ഗോർബച്ചേവ് അടിയറവ് പറഞ്ഞത്. പിന്നീട് സംഭവിച്ചത് വലിയ ഒരു രാജ്യത്തിെൻറ പതനം മാത്രമായിരുന്നില്ല; ഒറ്റ രാത്രികൊണ്ട് റൂബിൾ കൂപ്പുകുത്തി. ബാങ്ക് ബാലൻസുകൾക്ക് വിലയില്ലാതായി. കമ്യൂണിറ്റി ഫാർമിങ് എന്ന സർക്കാർ ഗാരൻറിയുള്ള കൂട്ടുകൃഷി ഇല്ലാതായി. ഭക്ഷ്യക്ഷാമവും പിറകെ വന്നു.
അവശ്യ സേവനങ്ങളിലൊഴിച്ചുള്ള ജോലിക്കാരെ പിരിച്ചുവിട്ടപ്പോൾ വീട്ടമ്മയായി അവൾ ഒതുങ്ങി. ഭർത്താവ് അലക്സാണ്ടറിെൻറ വരുമാനത്തിൽ മാത്രം ജീവിക്കാൻ തുടങ്ങി. ടെക്നോളജി ട്രാൻസ്ഫർ എന്ന ഓമനപ്പേരിൽ അലക്സിെൻറ കമ്പനിയിലും വന്നു, എണ്ണയും പ്രകൃതിവാതകവും മണത്തുവരുന്ന കോർപറേറ്റ് കഴുകന്മാർ. ഒരു വാരാന്ത്യത്തിൽ കാനഡയിൽനിന്നുവന്ന ഡെലിഗേറ്റ്സിെൻറ കൂടെ പാർട്ടിക്കുള്ള ക്ഷണം അലക്സ് കുടുംബത്തെ തേടിവന്നു. ഇവ്ഗിനിയ പോകാൻ ഒന്നറച്ചു, നല്ലൊരു പാർട്ടിവെയർ പോലും ഇല്ലെന്ന കാരണത്താൽ. പണ്ടെപ്പോഴോ പഠിച്ച ഇംഗ്ലീഷിെൻറ കാര്യം ഭർത്താവും ഓർമിപ്പിച്ചു. സ്കൂളിൽ പഠിച്ചതൊക്കെ മറന്നെന്ന് അവൾ.
പരമ്പരാഗതമായ റഷ്യൻ പാർട്ടികളിൽനിന്നും വ്യത്യസ്തമായിരുന്നു അത്. ഇംഗ്ലീഷ് മ്യൂസിക്, അതിഥികളെ പരിചയപ്പെടുത്താൻ പരിഭാഷകൻ, അവരുടെ ഒഫീഷ്യൽ ട്രാൻസ്േലറ്ററേക്കാൾ നന്നായി ഇവ്ഗിനിയ ഇംഗ്ലീഷ് സംസാരിച്ചു. ഇംഗ്ലീഷിൽ പരിമിതമായ അറിവുണ്ടായിരുന്ന അലക്സാണ്ടറെ കാനഡയിൽനിന്നുള്ളവർ വാതോരാതെ അഭിനന്ദിച്ചു. ഗ്രൂപ് ലീഡർ ഒരുപടി കടന്ന് അടുത്ത മീറ്റിങ്ങിൽ ഇവ്ഗിനിയയെ പരിഭാഷകയായി വെക്കാമെന്ന് ഒരു ഓഫർ വെച്ചു. അതേപ്പറ്റി പാർട്ടിക്ക്ശേഷം അലക്സ് കുടുംബം ഗഹനമായി ചർച്ച ചെയ്തു. കോർപറേറ്റ് താൽപര്യങ്ങൾ മാത്രം തുണയേകുന്ന ബിസിനസ് പരിഭാഷ ചെയ്യാൻ അവൾക്ക് താൽപര്യം ഉണ്ടായിരുന്നില്ല. ശാസ്ത്രവുമായി സംബന്ധിക്കുന്ന വിഷയത്തിലായിരുന്നു ഇവ്ഗിനിയക്കിഷ്ടം.
അധികം താമസമില്ലാതെ ജീവിതത്തിെൻറ ഗതിതന്നെ മാറ്റിയ തരക്കേടില്ലാത്ത ഒരു ഓഫർ അവളെ തേടിയെത്തി. 1986ൽ യുക്രെയ്നിലെ ചെർണോബിൽ ദുരന്തത്തിെൻറ പ്രത്യാഘാതങ്ങൾ പടിഞ്ഞാറൻ റഷ്യയെക്കൂടി ബാധിച്ചിരുന്നു. കച്ചവട മനസ്ഥിതി ഇല്ലാത്ത, മരുന്ന് ലോബിക്ക് അടിമപ്പെടാത്ത, മുൻവിധികളില്ലാത്ത, വിശാല ഹൃദയരായ റഷ്യയിലെ ആരോഗ്യവകുപ്പ് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ലോകത്തെ പ്രധാനപ്പെട്ട ചികിത്സ രീതികൾ പരീക്ഷിക്കാൻ തീരുമാനിച്ചു.
ശരീരത്തിലെ മാലിന്യങ്ങളെ ശോധന ചെയ്യുന്ന ആയുർവേദ പഞ്ചകർമയും അവർ അതിൽ ഉൾപ്പെടുത്തി. പ്രശസ്തമായ കോട്ടക്കൽ ആയുർവേദ കോളജിലെ വകുപ്പ് തലവൻ ഡോ. അഗ്നിവേശ് മൂന്ന് വർഷത്തോളം റഷ്യയിൽ താമസിച്ച് ഇതിെൻറ പ്രാഥമിക പഠനം ആരംഭിച്ചു. ഒപ്പം ഡോ. ദിലീപ്, പൂർവ വിദ്യാർഥിയും അന്ന് റഷ്യയിൽ മോഡേൺ മെഡിസിൻ വിദ്യാർഥിയുമായ ഡോ. നൗഷാദ് എന്നിവരെയും ആ ജോലിക്ക് നിയോഗിച്ചു. കൂടെ ഇവ്ഗിനിയ എന്ന പരിഭാഷകയെയും.
ഇവിടെയുള്ള സെറ്റ്ലാന മയാസ്ക എന്ന വനിതയുടെ ആയുർവേദ ആശുപത്രിയിൽവെച്ച് ഗഹനമായ പഠനങ്ങളിലൂടെ ഇവർ നമ്മുടെ സ്വന്തം ആയുർവേദത്തെയും റഷ്യൻ പാർലമെൻറിന് മുന്നിൽ അവതരിപ്പിച്ചു. റഷ്യൻ പാർലമെൻറ് ഉപാധികളോടെ ആയുർവേദത്തെ രാജ്യത്തെ ചികിത്സ രീതിയായി അംഗീകരിച്ചു. ഡോ. നൗഷാദ് ഇവിടെ 22 വർഷത്തോളമായി വിവിധ മെഡിക്കൽ സെൻററുകളിലായി ചികിത്സ നടത്തുന്നു. ഇദ്ദേഹത്തിെൻറ ഇവിടത്തെ ‘ആത്രേയ’ ആയുർവേദിക് മെഡിക്കൽ സെൻറർ ഈ ചികിത്സ രംഗത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. 50ഒാളം ജോലിക്കാർ, ഇവിടെ ജോലി ചെയ്യുന്ന ഭൂരിഭാഗവും മലയാളികൾ തന്നെ.
മൊത്തത്തിൽ ഇവിടത്തെ മലയാളി കൂട്ടായ്മയുടെ വലിയൊരു ഭാഗം ആയുർവേദവുമായി ബന്ധപ്പെട്ടവരാണ്. ഇവരുടെയൊക്കെ പരിഭാഷകയായി പല സമയങ്ങളിലായി ഇവ്ഗിനിയയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.