ബർലിൻ: കിരീടത്തിലേക്കുള്ള കുതിപ്പിന് വേഗംകൂട്ടി ബയേൺ മ്യൂണിക്കിെൻറ ജൈത്രയാത്ര. ജർമൻ ബുണ്ടസ് ലിഗ ചാമ്പ്യന്മാരുടെ നിർണയത്തിൽ നിർണായക മത്സരമെന്ന് വിശേഷിപ്പിച്ച ‘സൂപ്പർ ഫൈറ്റിൽ’ രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപിച്ച് ബയേൺ സീസണിലെ 20ാം ജയം പോക്കറ്റിലാക്കി. ബുണ്ടസ് ലിഗയിലെ ടോപ് സ്കോറർ റോബർട്ട് ലെവൻഡോവ്സ്കിയും ബൊറൂസിയയുടെ ഗോൾമെഷീൻ എർലിങ് ഹാലൻഡും മുഖാമുഖമെന്ന നിലയിൽ ശ്രദ്ധനേടിയ മത്സരത്തിൽ പക്ഷേ, വിജയഗോൾ ജോഷ്വ കിമ്മിഷിെൻറ ബൂട്ടിൽനിന്നായിരുന്നു. സൂപ്പർതാരങ്ങളടങ്ങിയ ഇരുനിരയും എണ്ണമറ്റ മുന്നേറ്റങ്ങൾകൊണ്ട് ആവേശഭരിതമാക്കിയ പോരാട്ടത്തിൽ ഒരു ഡസനോളം ഗോൾ അവസരങ്ങൾതന്നെ പാഴായി. ഇതിനിടയിലായിരുന്നു 43ാം മിനിറ്റിൽ കിമ്മിഷിെൻറ ബൂട്ടിൽനിന്ന് ചന്തമേറിയ ഗോൾ പിറന്നത്.
കോവിഡ് ഭീതിയില്ലായിരുന്നെങ്കിൽ ഡോർട്മുണ്ടിെൻറ ‘മഞ്ഞ മതിൽ’ ഇരമ്പിയാർക്കേണ്ട ഇഡുന പാർക്കിലെ ഗാലറി ശൂന്യമായത് ബയേണിനാണ് ആശ്വാസമായത്. ഹാലൻഡും തോർഗൻ ഹസാഡും റാഫേൽ ഗ്വരീറോയും നടത്തിയ മൂർച്ചയേറിയ മുന്നേറ്റത്തെ ഡേവിഡ് അലാബയും ജെറോം ബോട്ടെങ്ങും ചേർന്ന് പാടുപെട്ടാണ് പിടിച്ചുകെട്ടിയത്. ഗോൾകീപ്പർ മാനുവൽ നോയറുടെ മിന്നും ഫോംകൂടിയായതോടെ ഒരിക്കലും കൈവിടാത്ത ഇഡുന പാർക്കിൽ മഞ്ഞപ്പടക്ക് താളംതെറ്റി. ഇടവേളക്കു പിരിയുന്നതിന് രണ്ടു മിനിറ്റ് മുമ്പായിരുന്നു ഗോളിെൻറ പിറവി. ബോക്സിനു മുന്നിൽ കിങ്സ്ലി കോമാനിലും അൽഫോൻസോ ഡേവിസിലും തെന്നിക്കളിച്ച പന്ത് ‘ഡി’ ബോക്സിന് പുറത്തുനിന്നും കിമ്മിഷിന് ലഭിച്ചപ്പോൾ വലക്കുള്ളിലേക്ക് ഒരു ‘ചിപ്പ്’.
20 വാര അകലെനിന്നും പറന്നുവന്ന പന്ത് ഗോളി റോമൻ ബുർകിയുടെ കണക്കുകൂട്ടൽ തെറ്റിച്ച് വലകുലുക്കി. രണ്ടാം പകുതിയിൽ ബൊറൂസിയ ജാഡൻ സാഞ്ചോ, ജിയോവനി റെയ്ന, മരിയോ ഗോട്സെ എന്നിവരെ ഇറക്കിയെങ്കിലും ലക്ഷ്യംകണ്ടില്ല. ഒരു ഗോളിൽ തൂങ്ങി ബയേൺ അപരാജിതം എന്ന റെക്കോഡ് നിലനിർത്തി. ഇതോടെ 28 കളിയിൽ ഏഴു േപായൻറ് വ്യത്യാസത്തിൽ ഒന്നാമതാണ് ബയേൺ മ്യൂണിക് (64). രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയക്ക് 57 പോയൻറാണുള്ളത്.
മറ്റൊരു മത്സരത്തിൽ ബയർ ലെവർകൂസനെ വോൾഫ്സ്ബർഗ് 4-1ന് തകർത്തു. നാലാം സ്ഥാനത്തായിരുന്ന ലെവർകൂസൻ അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ അഞ്ചിലേക്കു വീണു. മരിൻ പൊഗ്രാസിച് ഇരട്ട ഗോൾ നേടിയേപ്പാൾ റെനോ സ്റ്റീഫൻ, മാക്സിമിലിയാൻ അർനോൾഡ് എന്നിവർ ഓരോ ഗോളും നേടി. വെർഡർ ബ്രമൻ-മൊൻഷൻഗ്ലാഡ്ബാഹ് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.