അർജൻറീനയെ തകർത്ത്​ ബ്രസീൽ പടയോട്ടം-വിഡിയോ

ബെലോ ഹൊറിസോണ്ടെ: ബെലോയിലെ എല്ലാ ദുര്‍ഭൂതങ്ങളെയും കുഴിച്ചുമൂടി, ബ്രസീല്‍ ആരാധകര്‍ സ്വസ്ഥമായി ഉറങ്ങിയ ദിനം. രണ്ടുവര്‍ഷം മുമ്പ് ജര്‍മനി സമ്മാനിച്ച ദുരന്തരാത്രിയുടെ ഓര്‍മയില്‍ മിനീറോ സ്റ്റേഡിയത്തില്‍ ചിരവൈരികളായ അര്‍ജന്‍റീനയെ നേരിടാനിറങ്ങിയ ബ്രസീലിന് ഓര്‍മയില്‍ സൂക്ഷിക്കാനൊരു സുന്ദര വിജയം. കരുത്തരായ അയല്‍ക്കാരെ മറുപടിയില്ലാത്ത മൂന്നുഗോളിന് തകര്‍ത്ത് കാനറികള്‍, 2018 ലോകകപ്പ് ഫുട്ബാള്‍ തെക്കനമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഒന്നാം നമ്പറില്‍തന്നെ ഇരിപ്പുറപ്പിച്ചു. ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, ഹാവിയര്‍ മഷറാനോ, ഗോണ്‍സാലോ ഹിഗ്വെ്ന്‍ തുടങ്ങിയ താരനിരയുമായത്തെിയ അര്‍ജന്‍റീന വലയില്‍ ഇരുപകുതികളിലുമായാണ് നെയ്മറും സംഘവും മൂന്നു ഗോളുകള്‍ അടിച്ചു കയറ്റിയത്. 
 


1-0:  25ാം മിനിറ്റില്‍ ഫിലിപ് കൗടീന്യോയുടെ വെടിച്ചില്ല് പോലെയുള്ള ലോങ്റേഞ്ചര്‍ ഷോട്ടിലൂടെയായിരുന്നു ഗോള്‍ വേട്ടക്ക് തുടക്കം. സ്വന്തം പകുതിയില്‍ പിറന്ന നീക്കത്തില്‍ എട്ടുകാലി വലപോലെ നെയ്തെടുത്ത മുന്നേറ്റം എട്ടാം ടച്ചില്‍ നെയ്മറിലൂടെ കൗടീന്യോയിലത്തെിയപ്പോള്‍ അര്‍ജന്‍റീന വലക്കണ്ണികള്‍ പൊട്ടി. ബ്രസീലിന് മാനസിക മുന്‍തൂക്കം സമ്മാനിച്ച ഗോള്‍. 

2-0:  തിരിച്ചടിക്കാനുള്ള മെസ്സിയുടെ ശ്രമങ്ങള്‍ക്കിടെ, ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ നെയ്മര്‍ ലീഡുയര്‍ത്തി. മാഴ്സലോയുടെ ലോങ് ത്രോബാള്‍ കാലില്‍ കോര്‍ത്തെടുത്ത്, കുതിച്ച ഗബ്രിയേല്‍ ജീസസില്‍നിന്ന് പെനാല്‍റ്റി ബോക്സിനുള്ളില്‍ ഏറ്റുവാങ്ങിയ നെയ്മറിന് പിഴച്ചില്ല. ഗോളി സെര്‍ജിയോ റൊമീറോയെ കബളിപ്പിച്ച് ബ്രസീലിന് രണ്ടാം ഗോള്‍. നെയ്മറിന് മഞ്ഞക്കുപ്പായത്തിലെ 50ാം ഗോളും.

3-0:  ജയമുറപ്പിച്ച് കളിച്ച ബ്രസീലിന് 58ാം മിനിറ്റില്‍ പൗളീന്യോയിലൂടെ മൂന്നാം ഗോള്‍ പിറന്നു. സ്വന്തം പകുതിയില്‍ പിറന്ന നീക്കം എതിര്‍ പ്രതിരോധക്കാരെ വെറും കാഴ്ചക്കാരാക്കി വലയിലത്തെി. വിങ്ങില്‍നിന്നും മാഴ്സലോ നല്‍കിയ ക്രോസ്, ഗോള്‍ലൈന്‍ ക്രോസില്‍ റെനറ്റോ അഗസ്റ്റോ ബോക്സിനുള്ളിലേക്ക് മറിച്ചുനല്‍കിയപ്പോള്‍ ഒഴിഞ്ഞുകിടന്ന പൗളീന്യോക്ക് വലയിലേക്ക് അടിച്ചിടേണ്ട ജോലിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. 

അര്‍ജന്‍റീന തുടങ്ങി; ബ്രസീല്‍ അവസാനിപ്പിച്ചു
ആറാം മിനിറ്റില്‍ അപകടകരമായി കുതിച്ച ലയണല്‍ മെസ്സിയുടെ നീക്കത്തിലൂടെയാണ് കളമുണര്‍ന്നത്. പക്ഷേ, കൈമുട്ടുകൊണ്ട് മെസ്സിയെ മുഖത്തിടിച്ച് വീഴ്ത്തി മധ്യനിരതാരം ഫെര്‍ണാണ്ടീന്യോ തുടക്കത്തിലേ തടയിട്ടു. പക്ഷേ, ആറാം മിനിറ്റില്‍തന്നെ ഫൗളിന് മഞ്ഞക്കാര്‍ഡ് വാങ്ങാനായിരുന്നു വിധി. പൗളീന്യോയെകൂടി വിങ് ബാക്കിലേക്കിറക്കിയാണ് കോച്ച് ടിറ്റെ മെസ്സിയുടെ നീക്കത്തെ നേരിട്ടത്. ബ്രസീല്‍ ഗോള്‍ നേടുംവരെ, അര്‍ജന്‍റീന അപകടംവിതച്ചുകൊണ്ടിരുന്നു. വിങ്ങും മധ്യനിരയും ചലിപ്പിച്ച് പന്തുമായി കുതിച്ച മെസ്സി-മഷറാനോ-ബിഗ്ളിയ കൂട്ടില്‍ എപ്പോഴും ഗോള്‍പിറക്കുമെന്നായിരുന്നു പ്രതീതി. 16ാം മിനിറ്റില്‍ വീണ്ടും ഫെര്‍ണാണ്ടീന്യോ മെസ്സിയുടെ വഴിതടഞ്ഞു. 22ാം മിനിറ്റില്‍ ബിഗ്ളിയയുടെ സൂപ്പര്‍ ഷോട്ട് ബ്രസീല്‍ ഗോളി അലിസണ്‍ ഏറെ സാഹസപ്പെട്ടാണ് തട്ടിയകറ്റിയത്. അര്‍ജന്‍റീനയുടെ തുടരന്‍ ആക്രമണങ്ങള്‍ക്കിടെ, ഞൊടിയിട നിമിഷത്തില്‍ കളി മറിഞ്ഞു. 25ാം മിനിറ്റില്‍ കൗടീന്യോയുടെ വേള്‍ഡ് ക്ളാസ് ഗോള്‍. പിന്നെ, അതിനനുസരിച്ചായിരുന്നു കഥയും തിരക്കഥയും. നെയ്മര്‍-ജീസസ്-കൗടീന്യോ കൂട്ടിന്‍െറ തുടരന്‍ ആക്രമണത്തില്‍ അര്‍ജന്‍റീന പ്രതിരോധം പൊളിഞ്ഞുപോവുന്നതായിരുന്നു പിന്നീട് കണ്ടത്. ഒടമെന്‍ഡി-സബലേറ്റ-ഫ്യൂനസ് മോറി എന്നിവരുടെ ഡിഫന്‍സ് മതിലില്‍ പിഴവുകള്‍ ആവര്‍ത്തിച്ചപ്പോള്‍ അര്‍ജന്‍റീനക്ക് തുടര്‍ച്ചയായി രണ്ടാം തോല്‍വി. കോച്ച് ടിറ്റെക്കു കീഴില്‍ ബ്രസീലിന്‍െറ തുടര്‍ച്ചയായ അഞ്ചാം ജയം. 

 

Tags:    
News Summary - Brazil 3-0 Argentina: Coutinho, Neymar and Paulinho score

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.