ടൂറിൻ: ഹോസെ മൗറീന്യോ കുറിച്ചുെവച്ചതായിരുന്നു ഇൗ കണക്കുവീട്ടൽ. ഒാൾഡ് ട്രഫോഡിൽ വിരുന്നെത്തി തോൽപിച്ച യുവൻറസിനെ മാഞ്ചസ്റ്റർ യുനൈറ്റഡ് അതേ നാണയത്തിൽ വീഴ്ത്തി. ചാമ്പ്യൻസ് ലീഗിലെ ഗ്ലാമർ പോരാട്ടത്തിൽ യുവൻറസിനെ അവരുടെ തട്ടകത്തിൽ 2-1നാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് തോൽപിച്ചത്. മാഞ്ചസ്റ്റർ സിറ്റി 6-0ത്തിന് ശാക്തർ ഡോണസ്കിനെയും റയൽ മഡ്രിഡ് 5-0ത്തിന് വിക്ടോറിയ പ്ലസനെ ബയേൺ മ്യൂണിക് 2-0ത്തിന് എ.ഇ.കെ ആതൻസിനെയും തോൽപിച്ചു.
ടൂറിനിൽ യുനൈറ്റഡ് ഷോ
‘‘ഇതിൽ കൂടുതൽ ഒന്നും ഇൗ ടീമിൽനിന്ന് പ്രതീക്ഷിക്കരുത്. യുനൈറ്റഡ് താരങ്ങൾ അവരുടെ കഴിവിെൻറ അങ്ങേയറ്റം പുറത്തെടുത്ത മത്സരമാണിത്. അതെ, അവരെ ഞങ്ങൾ തോൽപിച്ചിരിക്കുന്നു’’ -ടൂറിനിലെ അലയൻസ് സ്റ്റേഡിയത്തിൽ ഇളകിമറിഞ്ഞ അരലക്ഷത്തിൽപരം യുവൻറസ് ആരാധകർക്കു മുന്നിൽ കളി ജയിച്ച മൗറീന്യോ ചിരിയൊളിപ്പിച്ച് ഇക്കാര്യം പറയുേമ്പാൾ പകവീട്ടിയതിെൻറ ആശ്വാസമുണ്ടായിരുന്നു മുഖത്ത്. ആഴ്ചകൾക്ക് മുമ്പ് ഒാൾഡ് ട്രഫോഡിൽ പൗലോ ഡിബാല നേടിയ ഗോളിന് തങ്ങളെ തോൽപിച്ചതിന് മൗറീന്യോയുടെ തിരിച്ചടി. യുവൻറസിെൻറ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വണ്ടർ േവാളിഗോൾ പോലും ടീമിെൻറ തോൽവിയോടെ ചർച്ചയാവാതെ പോയി.
ഫോമില്ലാത്ത റൊമേലു ലുകാകുവിനെ ഒഴിവാക്കി ആൻറണി മാർഷ്യൽ-അലക്സിസാഞ്ചസ്-ജെസെ ലിൻഗാർഡ് ത്രയത്തെ മുന്നിൽ കളിപ്പിച്ചാണ് മൗറീന്യോ കരുത്തരായ യുവൻറസിനെതിരെ ടീമിനെ ഒരുക്കിയത്. നാലാം മിനിറ്റിൽതന്നെ ഡിബാലയും ക്രിസ്റ്റ്യനോയും നടത്തിയ അപകടകരമായ നീക്കങ്ങൾ കണ്ടപ്പോൾ യുനൈറ്റഡ് വല പലതവണ കുലുങ്ങുമെന്ന് തോന്നിച്ചതാണ്. എന്നാൽ, ഭാഗ്യം മൗറീന്യോക്കൊപ്പമായിരുന്നു. ഡിബാലയും ക്രിസ്റ്റ്യാനോയും ക്വഡ്രാഡോയും നിറയൊഴിച്ച ഷോട്ടുകളെല്ലാം നേരിയ വ്യത്യാസത്തിലാണ് വഴിതിരിഞ്ഞത്. ഗോൾരഹിത ആദ്യ പകുതിക്കുശേഷമാണ് ഗോളുകളെല്ലാം.
65ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ഉഗ്രൻ വോളിയിലൂടെ യുവൻറസിനെ മുന്നിലെത്തിച്ചു. മൈതാനത്തിെൻറ പകുതിയിൽനിന്ന് ലിനാർഡോ ബൊനൂചി നീട്ടിനൽകിയ ലോങ് പാസ് നിലംതൊടും മുെമ്പ ക്രിസ്റ്റ്യാനോ അടിച്ചുകയറ്റുകയായിരുന്നു. എന്നാൽ, മൗറീന്യോ നടത്തിയ സുപ്രധാന മാറ്റങ്ങളിൽ കളിതിരിഞ്ഞു. പകരക്കാരനായെത്തിയ യുവാൻ മാറ്റയുടെ ഫ്രീകിക്ക് ഗോളിൽ (86) യുനൈറ്റഡ് ഒപ്പമെത്തി.
മൂന്ന് മിനിറ്റ് തികഞ്ഞില്ല. ആഷ്ലി യങ്ങിെൻറ മറ്റൊരു ഫ്രീകിക്ക് ക്ലിയർ ചെയ്യുന്നതിൽ അലക്സ് സാൻഡ്രോക്ക് (89) പിഴവ് പറ്റിയപ്പോൾ യുവൻറസ് വലയിൽ സെൽഫ് ഗോളും. ഇതോെട, കളി യുനൈറ്റഡ് ജയിച്ചു. എട്ടു വർഷങ്ങൾക്കുശേഷമാണ് ഗ്രൂപ് റൗണ്ടിൽ യുവൻറസ് ഹോം ഗ്രൗണ്ടിൽ തോൽക്കുന്നത്. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ വലൻസിയ 3-1ന് യങ് ബോയ്സിനെ തോൽപിച്ചു. ഗ്രൂപ് എച്ചിൽ യുവൻറസിന് ഒമ്പതും യുനൈറ്റഡിന് ഏഴും വലൻസിയക്ക് അഞ്ചും യങ് ബോയ്സിന് ഒന്നും പോയൻറാണുള്ളത്.
വലനിറച്ച് സിറ്റി, റയൽ
സിറ്റിക്കും റയലിനും ഗോൾ പെരുന്നാളായിരുന്നു. യുക്രെയ്ൻ ക്ലബ് ശാക്തറിനെ മാഞ്ചസ്റ്റർ സിറ്റി 6-0ത്തിന് മുക്കിയപ്പോൾ ഹാട്രിക് ചാമ്പ്യന്മാരായ റയൽ ചെക്ക് റിപ്പബ്ലിക് ക്ലബ് വിക്ടോറിയ പ്ലസനെ തകർത്തുവിട്ടത് 5-0ത്തിന്. ബ്രസീൽ സ്ട്രൈക്കർ ഗബ്രിയേൽ ജീസസിെൻറ ഹാട്രിക് മികവിലാണ് സിറ്റിയുടെ അരഡസൻ ഗോൾ വിജയം. 13ാം മിനിറ്റിൽ റിയാദ് മെഹ്റസ് ഒരുക്കിക്കൊടുത്ത പാസിൽനിന്ന് ഡേവിഡ് സിൽവയാണ് ഗോൾ വേട്ടക്ക് തുക്കമിട്ടത്.
രണ്ടു പെനാൽറ്റിയും ഇഞ്ചുറി ടൈമിലെ ഗോളുമടക്കമാണ് ഗബ്രിയേൽ ജീസസ് (24, 72, 92) ഹാട്രിക് തികച്ചത്. റഹീം സ്റ്റർലിങ്ങും (48) മെഹ്റസുമാണ് (84) മറ്റു സ്കോറർമാർ. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ഒളിമ്പിക് ലിയോൺ-ഹോഫൻഹീം മത്സരം 2-2നും സമനിലയിൽ പിരിഞ്ഞു. എഫ് ഗ്രൂപ്പിൽ സിറ്റിയാണ് ഒമ്പത് പോയേൻറാടെ മുന്നിൽ. ലിേയാണിന് ആറും ഹോഫൻഹീമിന് മൂന്നും ശാക്തറിന് ഒരു പോയൻറുമാണുള്ളത്.
പുതിയ േകാച്ച് സാൻറിയോഗോ സൊളാരിക്ക് കീഴിൽ ചാമ്പ്യൻ റയൽ പഴയ വീര്യം തിരിച്ചുപിടിച്ചെന്ന് തെളിയിക്കുന്നതായിരുന്നു വിക്റോറിയ പ്ലസനിനെതിരായ മത്സരം. ചെക്ക് ക്ലബിെൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ നാലു ഗോളുകളും ആദ്യ പകുതിയിൽ. കരീം ബെൻസേമയും (20, 37) കസെമിറോ (23), ഗാരത് ബെയ്ൽ (40) എന്നിവരുമാണ് ആദ്യ പകുതിയിൽതന്നെ മത്സരത്തിെൻറ ഗതി നിർണയിച്ചത്. ഒടുവിൽ പകരക്കാരനായെത്തിയ വിനീഷ്യസ് ജൂനിയറിെൻറ അസിസ്റ്റിൽ ടോണി ക്രൂസ് (67) പട്ടിക തികച്ചു.
മറ്റൊരു കളിയിൽ എ.എസ്. റോമ 2-1ന് സി.എസ്.കെ.എ മോസ്കോയെ കീഴടക്കി. ഗ്രൂപ് ജിയിൽ ഇതോടെ റയലിനും റോമക്കും ഒമ്പത് പോയൻറായി. സി.എസ്.കെ.എക്ക് നാലും പ്ലസന് ഒന്നും പോയൻറാണുള്ളത്. ഗ്രൂപ് ഇയിൽ ബയേൺ മ്യൂണിക് റോബർട്ട് ലെവൻഡോവ്സ്കിയുടെ രണ്ടു ഗോളിൽ 2-0ത്തിന് എ.ഇ.കെ. ആതൻസിനെ തോൽപിച്ചപ്പോൾ അയാക്സ് ആംസ്റ്റർഡാമും എസ്.എൽ. ബെൻഫകിയും 1-1ന് സമനിലയിൽ പിരിഞ്ഞു. ബയേണിന് 10, അയാക്സിന് എട്ട്, ബെൻഫികക്ക് നാല് എന്നിങ്ങനെയാണ് പോയൻറ് നില. ആതൻസിന് അക്കൗണ്ട് തുറക്കാനായിട്ടില്ല.
ആഹ്ലാദ പ്രകടനം യുവൻറസിനെ അവഹേളിച്ചതല്ല –മൗറീന്യോ
കരുത്തരായ യുവൻറസിനെ 2-1ന് തോൽപിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് കോച്ച് മൗറീന്യോ കളംവിടുേമ്പാൾ ചെവിയിൽ കൈവെച്ച് ആഹ്ലാദം പ്രകടനം നടത്തിയത് വൈറലായിരുന്നു. എന്നാൽ, അത് യുവൻറസിനെ അവഹേളിച്ചതല്ലെന്നറിയിച്ച് മൗറീന്യോ തന്നെ രംഗത്തെത്തി.
‘‘ഇൗ സുന്ദര നഗരത്തിൽ യുവൻറസ് ഫാൻസ് മത്സരത്തിലൂടനീളം എന്നെ കളിയാക്കുന്നത് കേൾക്കാമായിരുന്നു. എന്നാൽ, ഇൗ ആഹ്ലാദ പ്രകടനം അവരെ അവഹേളിച്ചതല്ല. ആയിരക്കണക്കിന് ഇൻറർ ആരാധകർ ഇപ്പോൾ സന്തോഷവാന്മാരായിരിക്കും. യുവൻറസ് കളിക്കാർക്കും, മാനേജർക്കും ഞാൻ എല്ലാവിധ ആദരവും നൽകുന്നു’’ -മൗറീന്യോ പറഞ്ഞു. 2008-10 സീസണിൽ ഇൻറർ മിലാെൻറ കോച്ചായിരുന്നപ്പോൾ യുവൻറസ് ഫാൻസിെൻറ അവേഹളനമാണ് മൗറീന്യോ സൂചിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.