ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍: റയലിനും ലെസ്റ്ററിനും സമനില; ഡോര്‍ട്ട്മുണ്ട് പ്രീക്വാര്‍ട്ടറില്‍

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളില്‍ നിലവിലെ ജേതാക്കളായ റയല്‍ മഡ്രിഡിന് ഗ്രൂപ് ഘട്ടത്തിലെ നാലാം മത്സരദിനത്തില്‍ അപ്രതീക്ഷിത സമനില. പോളിഷ് ക്ളബായ ലീഗിയ വാഴ്സോയാണ് 3-3ന് റയലിനെ തളച്ചത്. ഇതോടെ ജയിച്ചാല്‍ നോക്കൗട്ടുറപ്പിക്കാമായിരുന്ന സ്പാനിഷ് വമ്പന്മാര്‍ക്ക് ഇനി അതിനായി അടുത്ത മത്സരദിനം വരെ കാത്തിരിക്കേണ്ട അവസ്ഥയായി.

അതേസമയം, വിജയവുമായി ജര്‍മന്‍ ക്ളബ് ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ജയിച്ചാല്‍ നോക്കൗട്ട് ഉറപ്പിക്കാമായിരുന്ന ഇംഗ്ളീഷ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സമനിലയില്‍ കുടുങ്ങിയപ്പോള്‍ എ.എസ് മൊണാകോ, സെവിയ്യ, ബയര്‍ ലെവര്‍കൂസന്‍, എഫ്.സി പോര്‍ട്ടോ എന്നീ ടീമുകള്‍ ജയംകണ്ടു. ടോട്ടന്‍ഹാം ഹോട്സ്പര്‍ തോല്‍വിയും യുവന്‍റസ് സമനിലയും വഴങ്ങി.

ഗ്രൂപ് ഇയില്‍ ഫ്രഞ്ച് ക്ളബ് മൊണാകോ 3-0ന് റഷ്യന്‍ ടീം സി.എസ്.കെ.എ മോസ്കോയെ തകര്‍ത്തപ്പോള്‍ ജര്‍മന്‍ ക്ളബ് ബയര്‍ ലെവര്‍കൂസന്‍ 1-0ന് ഇംഗ്ളണ്ടില്‍നിന്നുള്ള ടോട്ടന്‍ഹാമിനെ കീഴടക്കി. മൊണാകോക്കായി കൊളംബിയന്‍ താരം റഡമല്‍ ഫാല്‍കാവോ രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ വലാരെ ജെര്‍മെയ്ന്‍ ഒരുവട്ടം ലക്ഷ്യംകണ്ടു.

ചെല്‍സിയിലും മാഞ്ചസ്റ്ററിലും നിരാശാജനകമായ വായ്പാ സീസണുകള്‍ക്കുശേഷം ഫാല്‍കാവോയുടെ സ്കോറിങ് തിരിച്ചുവരവായി ഇത്. കെവിന്‍ കാംപലാണ് സി.എസ്.കെ.എക്കെതിരെ ലെവര്‍കൂസന്‍െറ ഗോള്‍ നേടിയത്. മൊണാകോ എട്ട്, ബയര്‍ ആറ്, ടോട്ടന്‍ഹാം നാല്, സി.എസ്.കെ.എ രണ്ട് എന്നിങ്ങനെയാണ് പോയന്‍റ് നില.

ഗ്രൂപ് എഫില്‍ വാഴ്സോയിലെ സ്വന്തം ഗ്രൗണ്ടില്‍ ജയത്തോളം പോന്ന സമനിലയാണ് വമ്പന്മാരായ റയലിനെതിരെ ചെറുമീനുകളായ ലീഗിയ സ്വന്തമാക്കിയത്, അതും ആദ്യ മിനിറ്റില്‍ തന്നെ ഗോള്‍ വഴങ്ങിയശേഷം. ഗാരെത് ബെയ്ലിന്‍െറ തകര്‍പ്പന്‍ ഗോളില്‍ ലീഡെടുത്തശേഷം 35ാം മിനിറ്റില്‍ കരീം ബെന്‍സേമയും സ്കോര്‍ ചെയ്തതോടെ ആദ്യപാദത്തിലെ വമ്പന്‍ ജയം റയല്‍ ആവര്‍ത്തിക്കുമെന്ന് തോന്നിച്ചെങ്കിലും പിന്നീടായിരുന്നു പോളിഷ് ക്ളബിന്‍െറ വീരോചിത തിരിച്ചുവരവ്.

40, 58, 83 മിനിറ്റുകളില്‍ വാഡിസ് ഒജിജോഫെ, മിറോസ്ളാവ് റാഡോവിച്, തിബോ മൗലിന്‍ എന്നിവരുടെ ഗോളുകളില്‍ അട്ടിമറി ജയത്തിലേക്ക് നീങ്ങുകയായിരുന്ന ലീഗിയയെ 85ാം മിനിറ്റില്‍ മാറ്റിയോ കൊവാചിച്ചിന്‍െറ ഗോളിലാണ് ഒടുവില്‍ റയല്‍ പിടിച്ചുകെട്ടിയത്. അഡ്രിയന്‍ റാമോസിന്‍െറ ഗോളില്‍ പോര്‍ച്ചുഗീസ് ക്ളബ് സ്പോര്‍ട്ടിങ് ലിസ്ബണിനെ കീഴടക്കിയാണ് 10 പോയന്‍റുമായി ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. എട്ടു പോയന്‍റുള്ള റയലിന് അടുത്ത രണ്ടുകളികളില്‍ ഒരു പോയന്‍റ് കൂടി നേടിയാല്‍ മുന്നേറാം. സ്പോര്‍ട്ടിങ്ങിന് മൂന്നും ലിഗിയക്ക് ഒന്നും പോയന്‍റാണുള്ളത്.

ജി ഗ്രൂപ്പില്‍ തുടര്‍ച്ചയായ മൂന്നു ജയങ്ങളുമായി നോക്കൗട്ട് റൗണ്ടിന് തൊട്ടരികെയായിരുന്ന ലെസ്റ്ററിനെ ഡാനിഷ് ക്ളബ് കോപന്‍ഹേഗനാണ് ഗോള്‍രഹിത സമനിലയില്‍ തളച്ചത്. പോര്‍ച്ചുഗീസ് ക്ളബ് പോര്‍ട്ടോ ആന്ദ്രെ സില്‍വയുടെ ഗോളില്‍ 1-0ന് ബല്‍ജിയത്തില്‍നിന്നുള്ള ക്ളബ് ബ്രൂഗെയെ തോല്‍പിച്ചു. ലെസ്റ്ററിന് 10ഉം പോര്‍ട്ടോക്ക് ഏഴും കോപന്‍ഹേഗന് അഞ്ചും പോയന്‍റാണുള്ളത്. ബ്രൂഗെ അക്കൗണ്ട് തുറന്നിട്ടില്ല.
ഗ്രൂപ് എച്ചില്‍ ക്രൊയേഷ്യന്‍ ടീം ഡൈനാബോ സഗ്രിബിനെ 4-0ന് തകര്‍ത്ത സ്പാനിഷ് ക്ളബ് സെവിയ്യ 10 പോയന്‍റുമായി പ്രീ ക്വാര്‍ട്ടര്‍ ഏറക്കുറെ ഉറപ്പാക്കി.

ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിനെ ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണാണ് 1-1ന് സമനിലയില്‍ കുരുക്കിയത്. യുവെക്കായി ഗോണ്‍സാലോ ഹിഗ്വെ്നും ലിയോണിനായി കോറന്‍റിന്‍ ടോലിസോയും ഗോള്‍ നേടി.
യുവന്‍റസിന് എട്ടും ലിയോണിന് നാലും പോയന്‍റുണ്ട്. ഡൈനാമോ സഗ്രിബിന് ഇതുവരെ പോയന്‍റ് നേടാനായിട്ടില്ല. ഈമാസം 22, 23 തീയതികളിലാണ് ഗ്രൂപ് ഘട്ടത്തിലെ അഞ്ചാം മത്സരദിനത്തിലെ കളികള്‍ അരങ്ങേറുക.


ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡിനെതിരെ ഗോള്‍ നേടിയപ്പോള്‍ ലീഗിയ വാഴ്സോ കളിക്കാരുടെ ആഹ്ളാദം

Tags:    
News Summary - champions league football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.