ബാഴ്സലോണ: സ്റ്റാർ സ്ട്രൈക്കർ ലയണൽ മെസ്സിയുടെ പരിക്കിൽ പകച്ചുപോയ ബാഴ്സലോണക്ക് ഇന്നത്തെ ചാമ്പ്യൻസ് ലീഗ് വെറുമൊരു മത്സരമല്ല. നാലു ദിവസത്തിനുശേഷം നൂകാംപിലെ ഇതേ വേദിയിൽ നടക്കുന്ന എൽ ക്ലാസികോയിൽ മെസ്സിയില്ലാത്ത മുന്നേറ്റം എങ്ങനെയാവുമെന്നറിയാനുള്ള ടെസ്റ്റ് ഡോസ് കൂടിയാണിന്ന്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ‘ബി’യിൽ ആദ്യ രണ്ടും ജയിച്ച് നില ഭദ്രമാക്കിയ ബാഴ്സക്ക് ഇതേ റെക്കോഡുള്ള ഇൻറർമിലാനാണ് ഇന്നത്തെ എതിരാളി. ഇറ്റലിയിൽ മിന്നുന്ന ഫോമിലുള്ള ഇൻററുകാരെ നേരിട്ടാൽ, 28ന് രാത്രിയിലെ എൽ ക്ലാസികോ കറ്റാലന്മാർക്ക് കൂടുതൽ എളുപ്പമാവും.
ഇതേ ഗ്രൂപ്പിൽ പി.എസ്.വിയും ടോട്ടൻഹാമും ഏറ്റുമുട്ടും. ബൊറൂസിയ ഡോർട്മുണ്ട് x അത്ലറ്റികോ മഡ്രിഡ് (എ), ലിവർപൂൾ x ക്രെവ്ന സ്വെസ്ദ (സി), പി.എസ്.ജി x നാപോളി (സി) എന്നിവർ തമ്മിലാണ് ഇന്നത്തെ മറ്റു മത്സരങ്ങൾ.
മെസ്സിക്ക് പകരം ഡെംബലെ
സെപ്റ്റംബർ അവസാനത്തിൽ അത്ലറ്റിക് ബിൽബാവോക്കെതിരായ ലാ ലിഗ മത്സരത്തിനിടയിൽ ബാഴ്സലോണ കോച്ച് ഏണസ്റ്റോ വെൽവർദെ നടത്തിയ പരീക്ഷണം ഏറെ വിമർശനത്തിന് വഴിവെച്ചിരുന്നു. മെസ്സിയെ ബെഞ്ചിലിരുത്തി ഒസ്മാനെ ഡെംബലെയെ െപ്ലയിങ് ഇലവനിൽ ഇറക്കിയപ്പോൾ ആദ്യ പകുതിയിൽ തന്നെ ബാഴ്സക്ക് തിരിച്ചടിയേറ്റു. 41ാം മിനിറ്റിൽ പിന്നിലായിപ്പോയ ബാഴ്സയെ കരകയറ്റാൻ രണ്ടാം പകുതിയിൽ െമസ്സി എത്തേണ്ടിവന്നു. വിദാലിന് പകരക്കാരനായിറങ്ങിയ മെസ്സിയുടെ നീക്കത്തിൽ മുനിർ ഹദ്ദാദി നേടിയ ഗോളിലൂടെ തോൽവി ഒഴിവാക്കിയത് മെച്ചം.
രണ്ടും കൽപിച്ചുള്ള പരീക്ഷണം െവൽവർദെയെ പ്രതിക്കൂട്ടിലാക്കി. ഒടുവിൽ മെസ്സിയുടെ പ്രതികരണം വേണ്ടിവന്നു രംഗം തണുപ്പിക്കാൻ. ‘‘ഇത് ബാഴ്സലോണയാണ്. ശക്തമായ ടീമാണ് ഞങ്ങളുടേത്. ഏതെങ്കിലും ഒരു കളിക്കാരനെ ആശ്രയിച്ചല്ല വിജയ പരാജയങ്ങൾ’’ -അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇൗ പരീക്ഷണങ്ങളൊക്കെ സത്യമാവുകയാണിപ്പോൾ. ഞായറാഴ്ച സെവിയ്യക്കെതിരെ നടന്ന ലാ ലിഗ മത്സരത്തിനിടെ മെസ്സിയുടെ കൈക്ക് പരിക്കേറ്റതോടെ വിശ്രമം അനിവാര്യമായി. ലാ ലിഗയെയും ചാമ്പ്യൻസ് ലീഗിനെയും ബാധിക്കുന്ന വീഴ്ചയെ മറികടക്കാനുള്ള തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണിപ്പോൾ ബാഴ്സലോണ കോച്ച്. ചാമ്പ്യൻസ് ലീഗ് സീസണിൽ അഞ്ചു ഗോളടിച്ച് മുന്നിലുള്ള മെസ്സിക്ക് പകരം അടുത്ത മത്സരങ്ങളിൽ ബാഴ്സയുടെ ആക്രമണങ്ങൾക്ക് ആര് തന്ത്രം മെനയും?
വലതു വിങ്ങിൽ പരിചയസമ്പന്നനായ ഒസ്മാനെ ഡെംബലെക്കാണ് സാധ്യത കൂടുതൽ. മെസ്സി കൈകാര്യം ചെയ്യുന്ന പൊസിഷൻ കൂടുതൽ ചേരുന്നതും ഇൗ ഫ്രഞ്ചുകാരനുതന്നെ. എന്നാൽ, അടുത്തിടെ പൂർണ ഫിറ്റ്നസിൽ കളിക്കാൻ ആവുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. ആറു കളിയിൽ െപ്ലയിങ് ഇലവനിൽ ഇടംനേടിയ താരം അഞ്ചു ഗോളുകൾ നേടി. ഡെംബലെക്കു പിന്നിൽ അവസരം തേടി റഫിന്യ, മുനിർ ഹദ്ദാദി, മാൽകോം, കാർലസ് അറീന എന്നിവരുമുണ്ട്.
ആദ്യ രണ്ടു കളിയും ജയിച്ച ഇൻററും മികച്ച ഫോമിലാണ്. ടോട്ടൻഹാമിനെയും (2-1) പി.എസ്.വിയെയും (2-1) തോൽപിച്ച ഇൻററിെൻറ പ്രതീക്ഷകൾ മൗറോ ഇകാർഡിയുടെ ഗോൾമഴ പെയ്യുന്ന ബൂട്ടിലാണ്. പരിക്കേറ്റ മധ്യനിരക്കാരൻ റദ്യ നയ്ൻഗൊളാനും കളിക്കാനിറങ്ങില്ല. ഇവാൻ പെരിസിച്, മാഴ്സലോ ബ്രൊസോവിച് എന്നിവരും പരിക്കിെൻറ പിടിയിലാണ്.
പി.എസ്.ജി x നാപോളി
ഒരു കളി തോറ്റ് പ്രതിസന്ധിയിലായ പി.എസ്.ജിയും ഗ്രൂപ് ‘സി’യിൽ ഒന്നാമതുള്ള നാപോളിയും പാരിസിൽ മുഖാമുഖം. ആദ്യ മത്സരത്തിൽ ലിവർപൂളിനോട് (3-2) തോറ്റ ഫ്രഞ്ചുകാർക്ക്, അതേ ലിവർപൂളിനെ തോൽപിച്ച (1-0) നാപോളിയാണ് എതിരാളി. ഇന്നത്തെ വിജയികൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.