ബെർലിൻ: ഗോൾ ആവേശങ്ങൾക്ക് ഫുട്ബാളിൽ ഇതുവരെ അതിരുകളില്ലായിരുന്നു. പക്ഷേ, കോവിഡ് നൽകിയ പുതിയ ശീലങ്ങളിൽ ആഘോഷങ്ങൾക്കെല്ലാം കടിഞ്ഞാണായി. ഗോളടിച്ചോളൂ, പക്ഷേ, കെട്ടിപ്പിടിച്ചും ഉമ്മവെച്ചും ഒന്നിച്ചുകൂടിയും ആഘോഷിക്കേണ്ടെന്നാണ് പുതിയ ചട്ടം. എന്നാൽ, കഴിഞ്ഞ ദിവസം പുനരാരംഭിച്ച ബുണ്ടസ് ലിഗയിലെ ഒരു മത്സരത്തിനിടെ രണ്ട് കളിക്കാരുടെ ആഹ്ലാദപ്രകടനം കണ്ട് നെറ്റിചുളിച്ചിരിക്കുകയാണ് സംഘാടകരും ആരാധകരും.
ശനിയാഴ്ച ഹൊഫൻഹിമിനെതിരെ ജയിച്ച ശേഷം ഹെർത്ത ബെർലിൻ താരം ഡെഡ്രിക് ബൊയാട്ട സഹതാരം മാർകോ ഗ്രുജികിനെ ചുംബിച്ചതാണ് വിവാദമായത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം തള്ളിയാണ് കളിക്കാരുടെ ആഹ്ലാദപ്രകടനമെന്നാണ് പ്രധാന വിമർശനം. കൈമുട്ടുകൾ പരസ്പരം മുട്ടിച്ച് മാത്രം സന്തോഷം പ്രകടിപ്പിക്കാനാണ് കളിക്കാർക്ക് പരിശീലനം നൽകിയത്.
ഇതു ലംഘിച്ചാണ് ഹെർത്ത താരങ്ങളുടെ ചുംബനം. കളിക്കാർക്കെതിരെ നടപടി വേണമെന്നും ചില കേന്ദ്രങ്ങളിൽനിന്ന് ആവശ്യമുയർന്നു. എന്നാൽ, അതൊന്നും വേണ്ടെന്നാണ് ജർമൻ ഫുട്ബാൾ ഫെഡറേഷൻ തീരുമാനം. ‘ഗോൾ ആഘോഷങ്ങളിൽ കളിക്കാർക്ക് ഉപദേശം നൽകുക മാത്രമാണ് വഴി. നിയമപരമായൊന്നും നടപടിയെടുക്കാനാവില്ല’ -ലീഗ് വക്താവ് പറഞ്ഞു.
അതേസമയം, കളിക്കാരുടെ നടപടിയിൽ ഒരു തെറ്റുമില്ലെന്ന് ഹെർത്ത കോച്ച് ബ്രൂണോ ലബാഡിയ പറഞ്ഞു. ‘ഗോൾ ആഘോഷം കളിയുടെ ഭാഗമാണ്. കോവിഡ് പരിശോധന പൂർത്തിയാക്കിയവരാണ് ടീമംഗങ്ങൾ. ആറുതവണ നെഗറ്റിവായി. കളിയിലെ വികാരങ്ങൾ മത്സരത്തിെൻറ ഭാഗമാണ്. ഗോളും വിജയവും ആഘോഷിക്കാൻ അവസരം നൽകണം’ -കോച്ചിെൻറ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.