സോചി: ഈ ലോകകപ്പിലെ ഏറ്റവും ആവേശം മുറ്റി നിന്ന മത്സരത്തിൽ ഒടുവിൽ ചിരിച്ചത് ക്രൊയേഷ്യ. പെനാൽട്ടി ഷൂട്ടൗട്ടിൽ റഷ്യയെ വീഴ്ത്തി ക്രൊയേഷ്യ (3 - 4) സെമി ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ഇംഗ്ലണ്ടാണ് ക്രൊയേഷ്യയുടെ എതിരാളികൾ. ഇഞ്ച്വറി ടൈമിലെ ഗോളുകളിൽ റഷ്യയും ക്രൊയേഷ്യയും ഒപ്പത്തിനൊപ്പം (2-2) ആയതിനെത്തുടർന്നാണ് മത്സരം പെനാൽട്ടിയിലേക്ക് നീണ്ടത്.
പെനാൽട്ടി ഷൂട്ടൗട്ടിൽ റഷ്യയുടെ സൂപ്പർതാരം ഫെദേർ സ്മോലോവിൻെറ ഷോട്ട് ഗോളി തടുത്തിട്ടപ്പോൾ മറ്റൊരു താരം ഫെർണാണ്ടസ് പന്ത് പുറത്തേക്കടിച്ചു. അലൻ സാഗോവ്, സെർജി ഇഗ്നാഷവിച്, കുസിയേവ് എന്നിവരാണ് റഷ്യക്കായി ലക്ഷ്യം കണ്ടത്. ക്രൊയേഷ്യൻ നിരയിൽ ബ്രൊസേവിക്, ലൂക്കാ മോഡ്രിച്ച്, വിദ, റാക്റ്റിചിക് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മാറ്റോ കൊവാകിക്കിൻെറ കിക്ക് ഗോളി തടുത്തു.
നേരത്തേ ഇരുപകുതികളിലും ഒാരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. സൂപ്പർ ഗോളുമായി ഡെനിസ് ചെറിഷേവിലൂടെ റഷ്യക്കായി ലീഡ് നേടിയെങ്കിലും ക്രൊയേഷ്യ ഉടൻ തിരിച്ചടിച്ചു . 31 ാം മിനിറ്റിലാണ് ചെറിഷേവ് ലീഡ് നേടിയത്. സ്യൂബ നൽകിയ പാസിൽ നിന്നും പോസ്റ്റിലേക്ക് അടിച്ച പന്ത് ക്രൊയേഷ്യൻ ഗോളിയെ നിസ്സഹയനാക്കി അകത്തെത്തുകയായിരുന്നു. 39ാം മിനിറ്റിൽ ആന്ദ്രെ ക്രെമറിക്ക് നേടിയ ഹെഡർ ഗോളിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചു മത്സരത്തിലേക്ക് വരികയായിരുന്നു(1-1).
ലോകകപ്പിലെ മികച്ച പോരാട്ടങ്ങളിലൊന്നായി മാറിയ ക്വാർട്ടർ പോരാട്ടത്തിൽ ദോമാഗൊജ് വിദയാണ് ഇഞ്ച്വറി സമയത്ത് ക്രെയേഷ്യയുടെ രക്ഷകനായത്. 101ാം മിനിറ്റിലായിരുന്നു ഹെഡറിലൂടെ വിദയുടെ ഗോൾ. പിന്നീട് ഗോളടിക്കാനായുള്ള റഷ്യയുടെ തീവ്രശ്രമങ്ങൾ 115ാം മിനിറ്റിൽ ഫലം കണ്ടു. മരിയോ ഫെർണാണ്ടസ് ആണ് ഫ്രീകിക്കിൽ നിന്നും എത്തിയ പന്തിനെ ഹെഡറിലുടെ വലക്കകത്താക്കി സ്കോർ തുല്യനിലയിലാക്കിയത്.
ഗോളുകൾ
31ാം മിനിറ്റ്
ഡെനിസ് ചെറിഷേവ്-(റഷ്യ)
ടൂർണമെൻറിലെ തന്നെ മനോഹരമായ ഗോളുകളിലൊന്ന്. ആർടെം സ്യൂബയിൽനിന്ന് പന്ത് സ്വീകരിക്കുേമ്പാൾ ചെറിഷേവ് ഗോൾപോസ്റ്റിൽനിന്ന് 25 വാരയെങ്കിലും അകലെയായിരുന്നു. അതിനാൽ തന്നെ അടുത്തുണ്ടായിരുന്ന ക്രൊയേഷ്യൻ ഡിഫൻഡർ ഡൊമഗോജ് വിദക്ക് അപകടമൊന്നും മണത്തില്ല. എന്നാൽ പന്ത് ഇടങ്കാലിലേക്ക് മാറ്റി ചെറിഷേവ് തൊടുത്ത തകർപ്പൻ ഷോട്ട് വലയുടെ വലത് മോന്തായത്തിലേക്ക് വളഞ്ഞിറങ്ങുന്നത് നോക്കിനിൽക്കാനേ ക്രൊയേഷ്യൻ ഗോളി ഡാനിയേൽ സുബാസിചിനായുള്ളൂ.
39ാം മിനിറ്റ്
ആന്ദ്രെജ് ക്രമാറിച്- (ക്രൊയേഷ്യ)
റഷ്യയുടെ ലീഡിന് എട്ട് മിനിറ്റിെൻറ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഇടതുവിങ്ങിലൂടെ മുന്നേറി മാരിയോ മൻസൂകിച് നൽകിയ അളന്നുമുറിച്ച പാസിൽ മാർക് ചെയ്യപ്പെടാതെയെത്തിയ ക്രമാറിചിെൻറ പ്ലേസിങ് ഹെഡർ റഷ്യൻ ഗോളി ഇഗോൾ അകിൻഫീവിന് അവസരമൊന്നും നൽകിയില്ല.
100ാം മിനിറ്റ്
ഡോമഗോജ് വിദ-(ക്രൊയേഷ്യ)
ലൂക മോദ്രിചിെൻറ കോർണറിൽ വിദയുടെ ഫ്രീ ഹെഡർ. ചാടിയുയർന്ന താരങ്ങളെ ഒഴിഞ്ഞെത്തിയ പന്ത് കാത്തുനിന്ന വിദയുടെ തലക്ക് പാകമായിരുന്നു. ബെസിക്റ്റാസ് താരത്തിെൻറ ഹെഡർ ഗോളിക്ക് പിടികൊടുക്കാതെ വലയിൽ.
115ാം മിനിറ്റ്
മാരിയോ ഫെർണാണ്ടസ്(റഷ്യ)
അധികസമയം തീരാൻ അഞ്ച് മിനിറ്റ് ശേഷിക്കെ റഷ്യയുടെ സമനില ഗോളെത്തി. ബോക്സിന് തൊട്ടുപുറത്തുനിന്ന് കിട്ടിയ ഫ്രീകിക്കിൽ അലൻ സഗോയേവിെൻറ ക്രോസിൽ ഫെർണാണ്ടസിെൻറ ഗ്ലാൻസിങ് ഹെഡർ സുബാസിചിനെ മറികടന്ന് ലക്ഷ്യത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.