മോസ്കോ: ലുഷ്നികിയുടെ കളിമുറ്റത്ത് ചരിത്രമെഴുതി ക്രൊയേഷ്യൻ പടയോട്ടം കലാശപ്പോരാട്ടത്തിലേക്ക്. ടൂർണമെൻറിലുടനീളം ഇളകാത്ത കോട്ടകെട്ടി വിജയം തുടർക്കഥയാക്കിയ ക്രോട്ടുകൾ കിരീട സ്വപ്നവുമായെത്തിയ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി ചരിത്രം രചിച്ച് ആദ്യ ഫൈനലിന്. ഇതേ മണ്ണിൽ ഞായറാഴ്ചയിലെ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ നേരിടും. 1998ൽ ആദ്യമായി ഫ്രാൻസ് ലോകകിരീടമണിഞ്ഞ ചാമ്പ്യൻഷിപ്പിലായിരുന്നു ക്രൊയേഷ്യയുടെ ലോകകപ്പ് അരങ്ങേറ്റം. അന്നവർ, മൂന്നാം സ്ഥാനക്കാരായി വിസ്മയിപ്പിച്ചു. ഇക്കുറി, ഫൈനലിലെത്തി ഏറ്റവും മികച്ച പ്രകടനവും കാഴ്ചവെച്ചു.
ഒരു േഗാൾ ലീഡ് വഴങ്ങിയ ശേഷം 68ാം മിനിറ്റിൽ തിരിച്ചടിക്കുകയും, അധികസമയത്ത് ഗോളിന് വഴിയൊരുക്കുകയും ചെയ്ത ഇവാൻ പെരിസിചാണ് ക്രൊയേഷ്യയുടെ സൂപ്പർതാരം.
അപരാജിതം ക്രൊയേഷ്യ
തുടക്കം പിഴച്ചാൽ, ഒടുക്കം ഗംഭീരമാവും എന്നതാണ് ക്രൊയേഷ്യയുടെ ചൊല്ല്. ടൂർണമെൻറിലുടനീളം കണ്ടതും ഇതായിരുന്നു. പ്രീക്വാർട്ടറിൽ ഡെന്മാർകിനു മുന്നിൽ ഒന്നാം മിനിറ്റിൽ ഗോൾ വഴങ്ങിയപ്പോഴും, ക്വാർട്ടറിൽ റഷ്യക്കെതിരെ ആദ്യം ഗോൾവഴങ്ങിയപ്പോഴും പതറാതെ പൊരുതി പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ജയിച്ചു മുന്നേറിയവർ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. കളിയുടെ, അഞ്ചാം മിനിറ്റിൽ മിന്നുന്ന ഫ്രീകിക്ക് ഗോളിലൂടെ കീരൺ ട്രിപ്പിയർ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചപ്പോൾ ക്രൊയേഷ്യയുടെ താളം പിഴച്ചുവെന്നുറപ്പിച്ചതാണ്. ലൂകാ മോഡ്രിച്, ഡെലെ അലിയെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് 20 വാര അകലെ നിന്നും പെനാൽറ്റിയുടെ കരുത്തിൽ ട്രിപ്പിയർ വലയിലാക്കി.
നിർണായക മത്സരത്തിൽ തുടക്കത്തിൽ പിറന്ന ഗോളിൽ അവർ ആദ്യം അമ്പരന്നു. എന്നാൽ, ഹാരി കെയ്ൻ, ഡെലെ അലി, ലിൻഗാഡ് കൂട്ടിെൻറ മിന്നലാക്രമണത്തിൽ ഏറെ അധ്വാനിച്ചാണ് ക്രൊയേഷ്യൻ പ്രതിരോധം പിടിച്ചു നിന്നത്. ആദ്യത്തിലെ പിഴവിൽ നിന്നുണർന്ന ഗോളി ഡാനിയേൽ സുബാസിച്ചും കരുതലോടെ തന്നെ വലകാത്തു. എന്നാൽ, മോഡ്രിച്-റാകിടിച് കൂട്ടിലൂടെ മധ്യനിര ചലനാത്മകമാക്കി തിരിച്ചടി തുടങ്ങിയ ക്രൊയേഷ്യക്ക് വാകറും ട്രിപ്പിയറും ജോൺ ജോൺസനും നയിച്ച ഇംഗ്ലീഷ് പ്രതിരോധകോട്ട പൊളിക്കാനായില്ല.
രണ്ടാം പകുതിയിലാണ്, ക്രൊയേഷ്യക്കാർ ഉണർന്നു കളി തുടങ്ങിയത്. ഇംഗ്ലണ്ടു പടയാവെട്ട ആദ്യ ഗോളിെൻറ ആത്മവിശ്വാസം ആലസ്യമായി മാറുകയും ചെയ്തു. ഇൗ ഒഴിവിലേക്ക് ഇരച്ചു കയറിയ മാൻസുകിചും പെരിസിചും ഏത്നിമിഷവും േഗാളടിക്കുെമന്ന സൂചനയും നൽകി. അപ്പോഴെല്ലാം പിക്ഫോഡിെൻറ കൈകളും, മഗ്വെയ്റുടെയും വാകറുടെയും തലകളുമാണ് വെല്ലുവിളി തീർത്തത്. ഒടുവിൽ ക്രൊയേഷ്യക്കാർ കൊതിച്ച നിമിഷം പിറന്നു. 68ാം മിനിറ്റിൽ സിമെ വാസൽകോയുടെ ലോങ് റേഞ്ച് ക്രോസ് ചാടിക്കയറിയ പെരിസിച് ഗോളിലേക്ക് കിക്ക് ചെയ്ത് കയറ്റി. സമനില നേടിയതോടെ, ക്രൊയേഷ്യൻ ആക്രമണത്തിന് മൂർച്ച കൂടി. 90 മിനിറ്റിനുള്ളിൽ ഫലം തീർപ്പാക്കാനായിരുന്നു അവരുടെ ശ്രമം. പക്ഷേ, നിർഭാഗ്യവും ഇംഗ്ലണ്ടിെൻറ ചെറുത്തുനിൽപും കളി അധികസമയത്തേക്ക് നയിച്ചു. ഇതിനിടെ, കെയ്നും, പകരക്കാരനായെത്തിയ മാർകസ് റാഷ്ഫോഡും ഡാനി റോസുമെല്ലാം ഇംഗ്ലീഷുകാർക്ക് അവസരമൊരുക്കിയെങ്കിലും ദെജാൻ െലാവ്റാനും വിദയും ഒരുക്കിയ കോട്ടയിൽ തട്ടിത്തെറിച്ചു.
അധിക സമയത്തെ രണ്ടാം പകുതിയിലാണ് ഗോളിലേക്കുള്ള പിറവി. ആദ്യഗോളടിച്ച ഇവാൻ പെരിസിച് തന്നെ വിജയ ഗോളിന് അവസരവും കുറിച്ചു.
ക്വാർട്ടറിൽ സ്വീഡനെ പിടിച്ചുകെട്ടിയ ഇലവനും ഫോർമേഷനും അതേപോലെ നിലനിർത്തിയാണ് ഗാരെത് സൗത്ഗേറ്റ് ഇംഗ്ലണ്ടിെൻറ ജീവന്മരണ പോരാട്ടത്തിനിറക്കിയത്. 3-1-4-2 ഫോർമേഷനിൽ ഹാരി കെയ്നും റഹിം സ്റ്റർലിങ്ങിനുമായിരുന്നു ആക്രമണ ചുമതല. മാർകസ് റാഷ്ഫോഡ് ഒരിക്കൽ കൂടി ബെഞ്ചിലായി. റഷ്യെയ കെട്ടുകെട്ടിച്ചെത്തിയ ക്രൊയേഷ്യൻ നിരയിൽ ഒരു മാറ്റവും വന്നു. ബാക്ലൈനിന് മുന്നിലായി മാഴ്സലോ ബ്രൊസോവിച് വന്നപ്പോൾ, ക്രമാരിച് പുറത്തായി.
5ാം മിനിറ്റ്
കീരൺ ട്രിപ്പിയർ -ഇംഗ്ലണ്ട്
കളമുണരും മുേമ്പ ക്രൊയേഷ്യൻ വല കുലുങ്ങിയ നിമിഷം. ലിൻഗാഡ് നീട്ടിനൽകിയ പന്തുമായി ബോക്സിലേക്ക് കയറാൻ ശ്രമിച്ച ഡെലെ അലിയെ മോഡ്രിച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിന് പെനാൽറ്റിയുടെ സ്വഭാവങ്ങളെല്ലാമുണ്ടായിരുന്നു. ഹാരികെയ്നു പകരം കിക്കെടുക്കാനെത്തിയത് ടോട്ടൻഹാം താരം കീരൺ ട്രിപ്പിയർ. ബോക്സിനുള്ളിൽ കോട്ടകെട്ടിയ ക്രോട്ടുകളുടെ മേൽക്കൂര ലക്ഷ്യമിട്ട് ഇംഗ്ലീഷ് താരത്തിെൻറ ഷോട്ട്. പ്രതിരോധ മതിലിനും മുകളിലൂടെ പറന്ന പന്ത് പുറത്തേക്കെന്ന് ക്രൊയേഷ്യൻ ഗോളി ഡാനിയേൽ സുബാസിചും ഉറപ്പിച്ചു. എന്നാൽ, ഏവരെയും വിസ്മയിപ്പിച്ച് പറന്ന് പോസ്റ്റിലുരുമ്മി വലയുടെ മേൽക്കൂര കുലുക്കി. കിരീടം മോഹിച്ചെത്തിയ ഇംഗ്ലണ്ടിന് സ്വപ്നത്തുടക്കം.
68ാം മിനിറ്റ്
ഇവാൻ പെരിസിച് -ക്രൊയേഷ്യ
ആദ്യ മിനിറ്റിൽ വഴങ്ങിയ ഗോളിന് മറുപടിക്കായുള്ള ക്രൊയേഷ്യൻ പോരാട്ടം ലക്ഷ്യം കണ്ട മുഹൂർത്തം. ഇടതുവിങ്ങിലൂടെയെത്തിയ പന്ത് റാകിടിച് മധ്യവരയോട് ചേർന്ന് വലതു വിങ്ങിൽ സിമെ റസാൽകോയിലേക്ക് മറിച്ചുനൽകി. അത്ലറ്റികോ മഡ്രിഡ് താരം സിമെയുടെ ബൂട്ടിൽ പന്തെത്തുംവരെ അപകടമേതുമില്ലായിരുന്നു. എന്നാൽ, വിങ്ങിൽനിന്നും തൊടുത്ത േലാങ് ക്രോസ് ബോക്സിനുള്ളിലെത്തുേമ്പാൾ വേണ്ടത്ര തയാറെടുെപ്പാന്നുമില്ലാതെ ഇംഗ്ലീഷ് പ്രതിരോധം. ഉൗർന്നിറങ്ങി ഹെഡ്ചെയ്യാനുള്ള കെയ്ൽ വാകറുടെ ശ്രമത്തിനിടെയാണ് ഇവാൻ പെരിസിച് പൊട്ടിവീഴുന്നത്. വാകറുടെ തലക്കുമുകളിലൂടെ കാലുയർത്തി പന്ത് വലയിലേക്ക് തള്ളിയിട്ടു. സ്ഥാനംതെറ്റിയ ഗോളി പിക്ഫോഡിനെയും കബളിപ്പിച്ച് പന്ത് വലയിൽ. ക്രൊയേഷ്യൻ പോരാട്ടവീര്യത്തിന് സമനിലയോടെ പുനർജനി.
109ാം മിനിറ്റ്
മരിയോ മാൻസുകിച് -ക്രൊയേഷ്യ
ഫുൾടൈമിൽ സമനില പിടിച്ച ക്രൊയേഷ്യ അധികസമയത്തെ രണ്ടാം പകുതിയിൽ ലീഡെടുത്തു. തളരാതെ നടത്തിയ പോരാട്ടത്തിനൊടുവിൽ ഇംഗ്ലീഷ് ബോക്സിനുള്ളിൽ സൃഷ്ടിച്ചെടുത്ത മനോഹരമായ അവസരം മാൻസുകിചിന് ഫിനിഷ് ചെയ്യേണ്ട ജോലി മാത്രം. ബോക്സിെൻറ ഇടതു കോർണറിൽ ട്രിപ്പിയറുടെ തലക്ക് മുകളിലൂടെ ചാടി റിവേഴ്സ് ഹെഡ് ചെയ്ത ഇവാൻ പെരിസിചിെൻറ ഹെഡ്റിനു നൽകണം മുഴവൻ മാർക്ക്. ഇംഗ്ലീഷ് പ്രതിരോധത്തെ കബളിപ്പിച്ച് വീണ ഹെഡറിലൂടെ പന്ത് ബോക്സിനടുത്തപ്പോ, മാർക് ചെയ്യാതെ കാത്തിരുന്നു മാൻസുകിചിന് ഡ്രിബിൾ ചെയ്ത് വലയിലേക്ക് കയറ്റേണ്ട ജോലി മാത്രം.
Live Updates
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.