നേപ്ൾസ്: ഇറ്റാലിയൻ നഗരമായ നേപ്ൾസിെൻറ മണ്ണിലും കാറ്റിലുമുണ്ട് ഡീഗോ മറഡോണ. കാൽപന്തിലെ കുലപതി ഏഴു വർഷക്കാലം നാപോളിക്കായി കളിച്ചതും നേപ്ൾസ് എന്ന തീരനഗരം ലോകപ്രശസ്തിയിലേക്കുയർന്നതും ഒരു മുത്തശ്ശിക്കഥപോലെ ഇവിടത്തെ യുവാക്കളും കുട്ടികളും ഇന്നും കേൾക്കുന്നു. ഡീഗോയുടെ കളി നേരിട്ടുകണ്ട തലമുറയാണ് ഭൂമിയിൽ ഏറ്റവും ഭാഗ്യം ലഭിച്ചവരെന്ന് അവർ തീർത്തുപറയുന്നു.
നാപോളിയിൽ കളിച്ച് ഡീഗോ അർജൻറീനയിലേക്ക് മടങ്ങി 28 വർഷം കഴിയുേമ്പാൾ നേപ്ൾസിെൻറ വിശുദ്ധനാണ് അദ്ദേഹം. വിശുദ്ധരുടെ അൾത്താരപോലെ ഡീഗോയുടെ സ്പർശവും വിയർപ്പുമുള്ള ഒരുപിടി വസ്തുക്കളുമായി ഒരു മ്യൂസിയമുണ്ട് ഇവിടെ. പന്തിൽ മാന്ത്രികസ്പർശം പകർന്ന ബൂട്ടുകൾ, ലോകം കണ്ണുമിഴിച്ച ഗോളുകൾ പിറക്കുേമ്പാൾ അണിഞ്ഞ ജഴ്സികൾ, അദ്ദേഹം ഉപയോഗിച്ച ഇരിപ്പിടങ്ങൾ, ചെരിപ്പുകൾ, ചിത്രങ്ങൾ, ഓട്ടോഗ്രാഫുകൾ... ഇങ്ങനെ നീളുന്നു നേപ്ൾസിൽ ഡീഗോയെ ജ്വലിപ്പിക്കുന്ന സ്മരണികകൾ.
ഇനി ഈ അമൂല്യനിധിയുടെ കാവൽക്കാരനെ അറിയേണ്ടേ. പേര് മാസിമോ വിഗ്നാറ്റി. ഇറ്റലിക്കാർ ഡീഗോയുടെ ദേവാലയമെന്നു വിളിക്കുന്ന മ്യൂസിയത്തിെൻറ ഉടമയും കാവൽക്കാരനുമാണ് മാസിമോ. നേപ്ൾസിെൻറ ടൂറിസ്റ്റ് മാപ്പിലോ ട്രാവൽ ഗൈഡിലോ ഈ വിശുദ്ധ സ്ഥലം കാണില്ല. പക്ഷേ, പ്രവേശനം സൗജന്യമായ ഇവിടം സഞ്ചാരികൾ ഒഴിഞ്ഞ നേരമില്ല. തെൻറ കുടുംബസ്വത്തായാണ് മാസിമോക്ക് ഇതെല്ലാം കിട്ടിയത്.
1986 മുതൽ 1991 വരെ ഡീഗോ നാപോളിയിൽ കളിച്ചപ്പോൾ മാസിമോയുടെ അച്ഛനും അമ്മയുമായിരുന്നു അദ്ദേഹത്തിെൻറ എല്ലാം. സാൻ പൗളോ സ്റ്റേഡിയത്തിെൻറ കാവൽക്കാരനായിരുന്നു അച്ഛൻ. അമ്മയാവട്ടെ, മറഡോണയുടെ വീട്ടുവേലക്കാരിയും ഇഷ്ട പാചകക്കാരിയും. ഡീഗോയുടെ രണ്ടു മക്കളായ ഡൽമയെയും ജിയാനിെയയും നോക്കലായിരുന്നു സഹോദരിയുടെ ജോലി.
അങ്ങനെ തിങ്കൾ മുതൽ ഞായർ വരെ എല്ലാ ദിവസവും ഞങ്ങൾ ഡീഗോയുടെ കുടുംബത്തിനൊപ്പമായിരുന്നുവെന്ന് മാസിമോ പറയുന്നു. തെൻറ രണ്ടാം വീടാണ് നേപ്ൾസ് എന്ന് വിശേഷിപ്പിച്ച ഡീഗോ, 2017ൽ ഇവിടെ എത്തിയപ്പോൾ അമ്മയെ കാണാനെത്തിയതും ‘നപ്പോളിറ്റൻ മാമാ’ എന്നുവിളിച്ച് കെട്ടിപ്പിടിച്ചതും മാസിമോ ഓർക്കുന്നു. ‘‘ആറു പെൺമക്കൾ ഉൾപ്പെടെ 11 പേരുള്ള ഞങ്ങളുടെ ദാരിദ്ര്യം അറിഞ്ഞ് ഡീഗോ സാമ്പത്തികമായും സഹായിക്കുമായിരുന്നു. ശരിക്കും ഞങ്ങളുടെ 12ാമത്തെ സഹോദരനായിരുന്നു അദ്ദേഹം’’ -മാസിമോ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.