ഡേവിഡ് ബെക്കാം. കാൽപന്ത് ലോകം ഏറ്റവും ആഘോഷിച്ച പേരുകളിലൊന്നിന് ഇന്ന് 45ാം പിറന്നാൾ. ഇംഗ്ലീഷ് ഫുട്ബാളിൻെറ അലമാരയിലേക്ക് കിരീടങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെങ്കിലും ബെക്കാം ഇംഗ്ലണ്ടുകാർക്ക് അന്നും ഇന്നും മാനസപുത്രനാണ്. ബെക്കാമിൻെറ കാലിൽനിന്നും തൊടുത്തുവിട്ട പന്തുകൾ അസ്ത്രം കണക്കേ എതിരാളികളുടെ ചങ്കിൽ തറച്ചതിൻെറ ഓർമകൾ ഇപ്പോഴും അവർക്കുണ്ട്.
2001 ഒക്ടോബർ ആറിന് ഓൾഡ് ട്രാഫോഡിലെ സായാഹ്നം മാത്രം മതി ഇംഗ്ലീഷുകാർക്ക് ബെക്കാമിനെ ഇന്നും ഓമനിക്കാൻ. ഗ്രീസിനെതിരെയുള്ള ലോകകപ്പ് യോഗ്യതറൗണ്ടിലെ നിർണായക മത്സരമായിരുന്നു അത്. സ്വന്തം ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് ഗ്രീസ് 36ാം മിനിറ്റിൽ മുന്നിലെത്തി. ടെഡ്ഡി ഷെറിങ്ങാമിൻെറ ഗോളിലൂടെ 68ാം മിനിറ്റിൽ ഇംഗ്ലണ്ട് തിരിച്ചടിച്ചെങ്കിലും ആരവങ്ങൾ അധികം നീണ്ടില്ല. ഒരുമിനിറ്റിന് ശേഷം ഗ്രീസ് ഇംഗ്ലണ്ടിൻെറ വലയിലേക്ക് രണ്ടാം ഗോളും അടിച്ചുകയറ്റി.
മത്സരം ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോഴും ഇംഗ്ലണ്ട് ഒരുഗോളിന് പിന്നിലായിരുന്നു. ഇംഗ്ലീഷ് ആരാധകർ ക്ഷുഭിതരായിത്തുടങ്ങി. അപ്പോഴാണ് പെനൽറ്റി ബോക്സിൽനിന്നും മീറ്ററുകളുടെ അകലത്തിൽ ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക് വീണുകിട്ടുന്നത്. ഗോളിലേക്കെത്താൻ വിദൂരസാധ്യതമാത്രം. ഏഴാം നമ്പർ ജഴ്സിയിൽ ബെക്കാം തൻെറ സ്വതസിദ്ധമായ റണ്ണപ്പോടെ കിക്കെടുത്തു.
മുന്നിൽ പ്രതിരോധമൊരുക്കിയ ഗ്രീക്ക് ഭടൻമാരെ മറികടന്ന് പന്ത് പോസ്റ്റിൻെറ ഇടതുമൂലയിലേക്ക് പരുന്തിനെപ്പോലെ താണിറങ്ങി. ഇംഗ്ലീഷ് ആരാധകർ ആർത്തുവിളിച്ചു. ടെലിവിഷൻ കമേൻററ്റർ എനിക്കിത് വിശ്വസിക്കാനാകുന്നില്ലെന്ന് അലറിവിളിച്ചു. ഗോളിൻെറ പിൻബലത്തിൽ ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യത ഉറപ്പിച്ചു.
അലക്സ് ഫെർഗൂസനൊപ്പമുള്ള മാഞ്ചസ്റ്റർ യുനൈറ്റഡ് കാലമാണ് ക്ലബ് ഫുട്ബാളിൽ ബെക്കാമിൻെറ സുവർണസമയം. 2003ൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറി. സിനദിൽ സിദാൻ, ലൂയിസ് ഫിഗോ, റൊണാൾഡോ, റോബർട്ടോ കാർലോസ് എന്നിവരടങ്ങുന്ന വൻ താരനിരയായിരുന്നു ബെക്കാമിനൊപ്പമുണ്ടായിരുന്നത്. തുടർന്ന് വൻതുകക്ക് അമേരിക്കൻ ക്ലബായ ലാ ഗാലക്സിയിൽ പോയ ബെക്കാം ഇടക്കാലത്ത് എ.സി മിലാനായും പന്തുതട്ടിയിരുന്നു.
മോഡലും ഫാഷൻ ഡിസൈനറുമായ വിക്ടോറിയയാണ് ഭാര്യ. നാലുമക്കളുണ്ട്. മോഡലിങ്ങും യാത്രകളുമായി സമൂഹമാധ്യമങ്ങളിൽ ബെക്കാം ഇപ്പോഴും തരംഗമായിത്തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.