ലണ്ടൻ: ഫുട്ബാൾ ആരാധകരുടെ നെഞ്ചുപിടയ്ക്കുന്ന കാഴ്ചക്കായിരുന്നു കഴിഞ്ഞ രാത്രിയി ൽ ഇംഗ്ലണ്ടിലെ ഗൂഡിസൺ പാർക്ക് സാക്ഷിയായത്. നെഞ്ചുപിടയ്ക്കുന്ന വേദനയും നൊമ്പരപ് പെടുത്തുന്ന കണ്ണീരും കണ്ട് ആരാധകരും കാഴ്ചക്കാരുമെല്ലാം ഞെട്ടിയ നിമിഷം. പ്രീമിയർ ലീഗിൽ എവർട്ടനും ടോട്ടൻഹാമും തമ്മിലെ മത്സരം ബഹളമൊന്നുമില്ലാതെ പുരോഗമിക്കവെ കളിയുടെ 79ാം മിനിറ്റിലായിരുന്നു അത്.
63ാം മിനിറ്റിൽ ദിലെ അലി നേടിയ ഗോളിൽ ടോട്ടൻഹാം ലീഡ് നേടിയതിെൻറ ആവേശത്തിൽ കളിമുറുകവെ, ആദ്യ ഗോളിന് വഴിയൊരുക്കിയ ദക്ഷിണ കൊറിയൻ താരം ഹ്യൂങ് മിൻ സണ്ണിെൻറ ഫൗൾ. മറുപടി ഗോളിനായി എവർട്ടൻ പൊരുതവെ ഇടതു വിങ്ങിലൂടെ പന്തുമായി കുതിച്ച ആന്ദ്രെ ഗോമസിനെ ലക്ഷ്യമിട്ടായിരുന്നു സണിെൻറ ൈസ്ലഡിങ് ടാക്ലിങ്. ബാലൻസ് തെറ്റിയ ഗോമസ്, മറ്റൊരു ടോട്ടൻഹാം താരം സെർജി ഓറിയറുമായി ഇടിച്ച് നിലത്തുവീഴുന്നു. സ്വാഭാവിക ഫൗളെന്ന് തോന്നിയെങ്കിലും നിമിഷങ്ങൾക്കകം കാര്യങ്ങൾ മാറിമറിഞ്ഞു.
വേദനകൊണ്ട് അലറിയ ഗോമസിനരികിലേക്ക് സഹതാരങ്ങൾ ഒാടിയെത്തിയപ്പോൾ കണ്ടത് ഒടിഞ്ഞുതൂങ്ങിയ കണങ്കാൽ. വലതുകാൽ മടങ്ങി വീണപ്പോൾ ശരീരത്തിനടിയിൽ കുരുങ്ങി ഗുരുതര പരിക്കേൽക്കുകയായിരുന്നു. വീഴ്ച ഗൗരവതരമെന്ന് ബോധ്യപ്പെട്ടതോടെ ടോട്ടൻഹാം താരം ഹ്യൂങ് മിൻ സണ്ണിനും നിയന്ത്രണം നഷ്ടമായി. പൊട്ടിക്കരഞ്ഞ് ഗ്രൗണ്ടിൽ തലതാഴ്ത്തിയിരുന്ന സണ്ണിനെ ഇരുടീമുകളുടെയും താരങ്ങളും ഒഫീഷ്യലുകളും ആശ്വസിപ്പിക്കാനെത്തിയെങ്കിലും ഫലമുണ്ടായില്ല. റഫറി ചുവപ്പുകാർഡുയർത്തിയപ്പോഴും താൻ മൂലം എതിരാളിക്ക് സംഭവിച്ച ദുരന്തത്തിെൻറ വിങ്ങലിൽ പൊട്ടിക്കരഞ്ഞാണ് കൊറിയൻ താരം ഗ്രൗണ്ട് വിട്ടത്.
പ്രാഥമിക ചികിത്സക്കുശേഷം സ്ട്രെച്ചറിൽ മൈതാനത്തിന് പുറത്തെത്തിച്ച ആന്ദ്രെ ഗോമസിനെ ഉടൻ ലിവർപൂളിലെ എയ്ട്രീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണങ്കാൽ പൊട്ടി സ്ഥാനംതെറ്റിയ നിലയിലാണുള്ളത്. തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയമായതായി എവർട്ടൻ അധികൃതർ അറിയിച്ചു. പരിക്കു മാറി കളത്തിൽ തിരിച്ചെത്താൻ ദീർഘകാലം വേണ്ടിവരുമെന്നാണ് ആദ്യ റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്നു സീസണിൽ ബാഴ്സലോണക്കായി കളിച്ച പോർചുഗൽ താരം ഗോമസ് ഈ സീസണിലാണ് ടോട്ടൻഹാമിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.