ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ. ആ ഗോളിെൻറ മികവിൽ പോർചുഗൽ ജയിക്കുകയും ചെയ്തു. അത് അക്കാദമിക യാഥാർഥ്യം. എന്നാൽ, ഈ കളി എങ്ങനെ മൊറോക്കോ കൈവിട്ടുകളഞ്ഞുവെന്നും ഇതേ നിലവാരത്തിൽ റൊണാൾഡോക്കും കൂട്ടുകാർക്കും ഏതുവരെ ചെന്നെത്താനാകും എന്നതുമാണ് ഈ കളി വിശകലനം ചെയ്യുമ്പോൾ കണക്കിലെടുക്കേണ്ടത്. ഇറാനോട് ആകസ്മികമായി പരാജയം ഏറ്റുവാങ്ങിയ മൊറോക്കോയെ ആയിരുന്നില്ല പോർചുഗലിനെതിരെ കണ്ടത്. ഒന്നാം മിനിറ്റിൽത്തന്നെ ഞങ്ങളെ എഴുതിത്തള്ളാനാവില്ല എന്ന് പെപെക്കും കൂട്ടർക്കും മുന്നറിയിപ്പുനൽകിയായിരുന്നു അവരുടെ തുടക്കം. എന്നാൽ, നാലാം മിനിറ്റിൽ അവരുടെ ഡിഫൻസിന് പിഴവ് പറ്റി. അതിന് കനത്ത വിലയും നൽകേണ്ടിവന്നു. ജാവോ മോടീന്യോയുടെ വളഞ്ഞുവന്ന പന്ത് റൊണാൾഡോ അന്തരീക്ഷത്തിലൂടെ ഊളിയിട്ടു തലകൊണ്ടത് കൗശലപൂർവം വലയിൽ എത്തിച്ചപ്പോൾ മൊറോക്കോ ഗോളി പതറിപ്പോയി.
എന്നാൽ, ഇതിനുശേഷം റൊണാൾഡോയും പോർചുഗലും ചിത്രത്തിലേ ഇല്ലായിരുന്നു. അളന്നുതൂക്കിയ പാസുകളുമായി പിൻനിരയിൽനിന്ന് നായകൻ ബെനേഷ്യയും മധ്യനിരയിലെ നൂറുദ്ദീൻ അംറബാറ്റും ഹാകിം സിയാകും താളലയത്തോടെ പോർചുഗീസ് ഗോൾമുഖം വളഞ്ഞാക്രമിച്ചുകൊണ്ടിരുന്നു. ഗോൾ എന്ന് ഉറപ്പിച്ച അഞ്ചിലധികം അവസരങ്ങളാണ് ബെനേഷ്യ കളഞ്ഞുകുളിച്ചത്. വലതുവശത്ത് ഭീഷണിയായി മുന്നേറിയ അംറാബാറ്റിനെ റാഫേൽ ഗ്വരേരോ നിരവധിതവണ ഫൗൾ ചെയ്തു. ഒരിക്കൽ അംറാബാറ്റിനെ പെനാൽറ്റി ബോക്സിനുള്ളിൽ വീഴ്ത്തിയിട്ടും റഫറി കണ്ടതായിപ്പോലും ഭാവിച്ചില്ല. എന്നാൽ, ആകർഷകമായ മുന്നേറ്റങ്ങൾ കാഴ്ചെവച്ചപ്പോഴും ഒരു ഷാർപ്പ് ഷൂട്ടറുടെ അഭാവം മൊറോക്കോയെ തളർത്തി. ഒപ്പം പോർചുഗീസ് ഗോളി റൂയി പാട്രീഷ്യോ അവസരത്തിനൊത്തുയരുകയും ചെയ്തു. ജയിച്ചെങ്കിലും ആശങ്ക ഉണർത്തുന്ന പ്രകടനമായിരുന്നു യൂറോപ്യൻ ചാമ്പ്യന്മാരുടേത്. ഇത്തരം ഒരു പ്രതിരോധനിരയുമായി അവർക്ക് എങ്ങനെ മുന്നേറാൻ കഴിയും എന്നതാണ് ഇൗ മത്സരം ഉണർത്തുന്ന ചോദ്യം.
ഏതാണ്ട് ഇൗ കളിയുടെ മറ്റൊരു പകർപ്പായിരുന്നു ഉറുഗ്വായും സൗദി അറേബ്യയും തമ്മിലുള്ള മത്സരം. ലൂയി സുവാരസിെൻറയും എഡിൻസൺ കവാനിയുടെയും സംഘത്തിൽനിന്ന് പ്രതീക്ഷിക്കുന്ന കളിയുടെ ഒരു മികവും ഉറുഗ്വായ്ക്ക് സൗദിക്കെതിരെ അവകാശപ്പെടാനുണ്ടായിരുന്നില്ല. 100ാം മത്സരത്തിൽ ഗോൾ നേടിയെന്ന് മാത്രം സുവാരസിന് ആശ്വസിക്കാം. എന്നാൽ, ആദ്യ കളിയിൽ റഷ്യയോട് തകർന്ന സൗദി ഉറുഗ്വായ്ക്കെതിരെ മികച്ച കളി കെട്ടഴിച്ചു. ആദ്യാവസാനം സൗദി കൃത്യമായ പാസുകളുമായി മുന്നേറിയപ്പോൾ ലാറ്റിനമേരിക്കൻ വൻമതിലിന് കുലുക്കമുണ്ടായി. ഉറുഗ്വായുടെ പ്രതിരോധനിര കടന്ന് കൊണ്ടെത്തിച്ച പന്തുകൾ വലയിലെത്തിക്കാൻ യാസർ അൽഅത്താനിയെപ്പോലെയോ മജീദ് അബ്ദുല്ലയെപ്പോലെയോ സഇൗദ് ഒവൈറാനെപ്പോലെയോ ഉള്ള സ്കോറിങ് ബൂട്ട് ഇല്ലാതെപോയതാണ് അവർക്ക് വിനയായത്. ഒരു ഗോൾ നിക്ഷേപം അതേപടി സംരക്ഷിക്കുക എന്ന തന്ത്രമായിരുന്നു ഡീഗോ ഗോഡിൻ കാത്ത ഉറുഗ്വായ് പ്രതിരോധനിര സ്വീകരിച്ചത്. അതിലവർ വിജയിക്കുയും ചെയ്തു.
കസാൻ അറീനയിൽ കണ്ടത് അസാധാരണ മത്സരമായിരുന്നു. മുൻ ലോകകപ്പ് വിജയികളും ജനഹൃദയങ്ങളിൽ പന്തുകളിയുടെ കാൽപനിക ഭാവം കൊണ്ടെത്തിച്ചവരുമായ സ്പെയിനും ശരാശരിയിലും താഴെ പന്തുകളിക്കുന്നവർ എന്ന വിശേഷണമുള്ള ഇറാനും തമ്മിലുള്ള മത്സരം. 70 ശതമാനത്തിലധികം ബാൾ പൊസഷൻ, പോസ്റ്റിലേക്ക് നിറയൊഴിച്ചത് 18 തവണ, ഇറാനെക്കാൾ 11തവണ അധികം. അവരെക്കാൾ മൂന്നിരട്ടിയിൽ അധികം കോർണറുകളും ഫ്രീകിക്കുകളും. എന്നിട്ടും റഫറി ലോങ് വിസിൽ മുഴക്കിയപ്പോൾ ലോക ഫുട്ബാളിലെ വിലയേറിയ താരങ്ങളൊക്കെ കെട്ടിപ്പിടിച്ച് വിജയം ആഘോഷിച്ചത് ലോകകപ്പ് കൈയിൽ കിട്ടിയതുപോലായിരുന്നു. അത്രത്തോളമായിരുന്നു 90 മിനിറ്റ് അവരെ ഇറാൻ സമ്മർദത്തിെൻറ മുൾമുനയിൽ നിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.