വളരെയേറെ വിവാദം സൃഷ്ടിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റിൻ്റെ സ്ക്രീൻഷോട്ടാണിത്. ഇപ്പോൾ പോസ്റ്റ് മുക്കിയിട്ടുണ്ട്. മുസ്ലീങ്ങൾ മതാന്ധത ബാധിച്ചവരാണെന്ന് നൈസായി പറഞ്ഞുവെച്ചിരിക്കുന്നു. ലോകകപ്പിൻറെ ഉദ്ഘാടനമത്സരം കഴിഞ്ഞപ്പോൾ ഏതെങ്കിലും മുസ്ലീം മതപരമായ കാരണങ്ങളാൽ സൗദി അറേബ്യയെ പിന്തുണച്ചിരുന്നോ? ഇല്ല. അവർ റഷ്യയുടെ യൂറി ഗസിൻസ്കിയേയും ഡെന്നീസ് ചെറിഷേവിനെയും ആൻ്റം സ്യൂബയേയും അലക്സാണ്ടർ ഗോളോവിനെയും അഭിനന്ദിക്കുകയാണ് ചെയ്തത്.
കുറേ മുസ്ലീം താരങ്ങളുള്ള മൊറോക്കോ പോർച്ചുഗലുമായി മത്സരിച്ചപ്പോൾ ഏതെങ്കിലും മുസ്ലീം 'ഞമ്മൻ്റെ ടീം' എന്ന ന്യായം പറഞ്ഞ് മൊറോക്കോയുടെ കൂടെ നിന്നോ? ഇല്ല. അന്ന് ആഘോഷിക്കപ്പെട്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. സ്പോർട്സിന് അതിരുകളില്ല.എല്ലാ മതിൽക്കെട്ടുകളെയും തകർത്ത് മനുഷ്യരെ കുറച്ചുനേരത്തേക്കെങ്കിലും ഒന്നിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം കൂടി അതിനുണ്ട്. സുനിൽ ഛേത്രിയെ നാം പിന്തുണയ്ക്കുന്നത് അയാളുടെ പേര് നോക്കിയിട്ടാണോ? ജോസഫെന്നോ തോമസ്സെന്നോ പേരുള്ളവർ ലയണൽ മെസ്സിയെ ആരാധിച്ചാൽ അതിനു കാരണം മതമാണോ?
ബ്രസീലും സൗദി അറേബ്യയും തമ്മിൽ മത്സരം വരുമ്പോൾ മലപ്പുറത്തുകാർ സൗദിയെ പിന്തുണച്ചാൽ തന്നെ എന്താണ് കുഴപ്പം? അങ്ങനെയൊരു മാച്ച് വന്നാൽ ഞാൻ ചിലപ്പോൾ സൗദിയെ പിന്തുണച്ചെന്നിരിക്കും. കാരണം ബ്രസീൽ ജയിച്ചാൽ ഫുട്ബോളിന് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. നേരെമറിച്ച് സൗദിയ്ക്ക് എന്തെങ്കിലും ചലനമുണ്ടാക്കാനായാൽ ഫുട്ബോൾ എന്ന ഗെയിം കൂടി ജയിക്കും. എൻ്റെ പേര് സന്ദീപ് എന്നായതുകൊണ്ട് ഞാൻ സൗദിയെ പിന്തുണച്ചാൽ ദുർവ്യാഖ്യാനങ്ങളൊന്നും ഉണ്ടാവില്ല.ഒരു മുഹമ്മദോ നിഷാദോ അത് ചെയ്താൽ കളി മാറും.എന്തിന്?
മൊഹമ്മദ് സലാഹ് എന്ന പ്രതിഭാധനൻറെ ഈജിപ്ത് ടീം എങ്ങുമെത്താതെ പോയപ്പോൾ മിക്ക ഫുട്ബോൾ പ്രേമികളും ദുഃഖിച്ചിരുന്നു. അതിൽ ഹിന്ദുവുണ്ട്, ക്രിസ്ത്യാനിയുണ്ട്, മുസ്ലീമുമുണ്ട്, മതമില്ലാത്തവരുമുണ്ട്...പക്ഷേ ഒരു മുസ്ലീം മൊഹമ്മദ് സലാഹിനെ പിന്തുണക്കുമ്പോൾ മാത്രം ഉണ്ടാവുന്ന ആ ചൊറിച്ചിൽ ഉണ്ടല്ലോ. അതിന് മരുന്നില്ല. ക്രിസ്തുമത വിശ്വാസിയായ കെയ്ലർ നവാസ് ചിലർക്ക് 'നവാസിക്ക'യാണ്. ഹ്യൂം നമുക്ക് ഹ്യൂമേട്ടനും. ഹിന്ദുവായാൽ ഏട്ടനും ക്രിസ്ത്യാനിയായാൽ അച്ചായനും മുസ്ലീമായാൽ ഇക്കയും ആവണമെന്ന അലിഖിതനിയമം പോലും സ്പോർട്സിൽ പാലിക്കപ്പെടുന്നില്ല. അതിലാണ് വർഗ്ഗീയതയുടെ വിഷം കൊണ്ടുവന്ന് കലർത്തുന്നത് !
ചില 'നിഷ്കളങ്കർ' ചോദിക്കുന്നത് കണ്ടു- ''ഈ ചോദ്യത്തിൽ എന്താണ് തെറ്റ്? ബ്രസീലും അർജൻ്റീനയും തമ്മിലുള്ള കളി വരുമ്പോൾ ആർക്കാണ് സപ്പോർട്ട് എന്ന് നമ്മൾ ചോദിക്കാറില്ലേ? ശ്രീമതി ഇന്ദിരയുടെ ചോദ്യത്തെയും അങ്ങനെ കണ്ടാൽ പോരേ? " ഇത്തരം നിഷ്കൂസ് മറുപടി അർഹിക്കുന്നില്ല.ആ ചോദ്യത്തിലെ ദുഃസ്സൂചന ചോറു തിന്നുന്ന എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. അത്തരക്കാരോട് തർക്കിച്ച് സമയം കളയാതിരിക്കുക. കണ്ട മാത്രയിൽ ബ്ലോക്ക് ചെയ്യുക!
മലപ്പുറത്തെപ്പറ്റി പതിറ്റാണ്ടുകൾ കൊണ്ട് ഉണ്ടാക്കിയെടുത്ത ചില മിഥ്യാധാരണകളുണ്ട് .മലപ്പുറത്ത് എളുപ്പത്തിൽ ബോംബ് കിട്ടുമെന്ന അശ്ശീല വാചകം നമുക്ക് ഇപ്പോഴും മാസ് ഡയലോഗാണ്. നന്മയുടെ നിറകുടമായ സത്യൻ അന്തിക്കാടിൻ്റെ 'വിനോദയാത്ര'യിൽ പോലും വാക്കത്തിയുമായി വരുന്നത് പച്ചബെൽറ്റിട്ട ആളാണ്. രണ്ടും മൂന്നും കെട്ടിയ ഒരു മുസ്ലീമിനെയും ഇന്നുവരെ ഞാൻ കണ്ടുമുട്ടിയിട്ടില്ല. എന്നാലും സിനിമയിൽ ഹാജ്യാർക്ക് മിനിമം രണ്ടു ബീവിമാർ ഇപ്പോഴും നിർബന്ധമാണ്. മലപ്പുറത്തെ ഒരു കുടുബം ജീവൻ തിരിച്ചുകിട്ടുമെന്ന് വിശ്വസിച്ച് ഒരു മൃതദേഹം മാസങ്ങളോളം സൂക്ഷിച്ചപ്പോൾ ആ ജില്ലക്കാർക്ക് വിവരമില്ല എന്ന സാമാന്യവത്കരണം നടത്തി. അതുപോലുള്ള മണ്ടത്തരങ്ങൾ വേറെ ജില്ലകളിൽ നടന്നാൽ ആർക്കും ഒരു പ്രശ്നവുമില്ല. ഒരു മലപ്പുറത്തുകാരൻ/മുസ്ലീം പിന്തുണക്കുന്ന എന്തിലും ഏതിലും മതത്തിൻ്റെ വേരുകൾ ചികയുന്ന കണ്ണുകൾക്കാണ് യഥാർത്ഥ വർഗ്ഗീയത.
ഫുട്ബോൾ പ്രേമികളായ ഒട്ടേറെ മലപ്പുറത്തുകാരെ ഞാൻ കണ്ടിട്ടുണ്ട്. മിക്കവരും ബ്രസീലിൻ്റെയും അർജൻ്റീനയുടെയും ആരാധകർ. പെലെയേയും മാറഡോണയേയും ആരാധിക്കുന്നവർ. ഇപ്പോൾ മെസ്സിയേയും നെയ്മറിനെയും ഇഷ്ടപ്പെടുന്നവർ. മതം നോക്കി ആരാധിച്ചിരുന്നുവെങ്കിൽ മലപ്പുറത്ത് ഇവരുടെയൊന്നും ഫ്ലെക്സുകൾ ഉയരില്ലായിരുന്നു. ചിലപ്പോൾ പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള വിലകുറഞ്ഞ തന്ത്രമാവാം ഈ മഹതി ഇറക്കിയത്.ഇതെല്ലാം ശക്തമായി എതിർക്കപ്പെടണം. മതഭ്രാന്തനാകാതെ മനുഷ്യനായി ജീവിക്കാൻ പറ്റുന്ന ഒരിടമാണ് നമ്മുടെ കൊച്ചു കേരളം. അതങ്ങനെ തന്നെയിരിക്കട്ടെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.