ദോഹ: 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംബന്ധിച്ച് പൂർണ ആത്മവിശ്വാസമുണ്ടെന്നും നിലവിലെ ഗൾഫ് നയതന്ത്ര പ്രതിസന്ധിക്ക് അയവ് വരുമെന്നും ലോകകപ്പിന് ഭീഷണിയാകില്ലെന്നും രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ 'ഫിഫ' പ്രസിഡൻറ് ഗിയാനി ഇൻഫൻറീനോ പറഞ്ഞു. നമ്മൾ നയതന്ത്ര പ്രതിസന്ധി നേരിടുകയാണെന്നും എന്നാൽ കാര്യങ്ങൾ കലങ്ങിത്തെളിയുകയും മേഖല സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നും ആത്മവിശ്വാസമുണ്ടെന്നും ലെ മാറ്റിൻ ഡിമാൻഷെ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഫിഫ ബോസ് പ്രത്യാശ പ്രകടിപ്പിച്ചു. ഗൾഫ് മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട മുഴുവൻ സാഹചര്യങ്ങളും വളരെ അടുത്തറിഞ്ഞ് വീക്ഷിക്കുന്നുണ്ടെന്നും ഖത്തറിലെ ഉന്നത അധികാര സമിതികളുമായി പതിവ് ബന്ധം തുടരുന്നുണ്ടെന്നും ഇൻഫൻറീനോ കൂട്ടിച്ചേർത്തു. അഞ്ച് വർഷം കഴിഞ്ഞാണ് ഖത്തർ ലോകകപ്പ് നടക്കുകയെന്ന് അദ്ദേഹം പ്രത്യേകം ഈന്നിപ്പറഞ്ഞു.
നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഫുട്ബോളിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അതിന് മടിച്ചു നിൽക്കുകയില്ലെന്നും ഇൻഫൻറീനോ പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രതിസന്ധിക്കിടെ ഇതാദ്യമായാണ് ഫിഫ പ്രസിഡൻറ് ലോകകപ്പുമായി ബന്ധപ്പെട്ട് ആശാവഹമായ പ്രസ്താവന നടത്തിയിരിക്കുന്നത്. ഖത്തറുമായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഗൾഫ്, അറബ് രാഷ്ട്രങ്ങൾ നയതന്ത്രബന്ധം വിഛേദിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ലോകകപ്പ് സംബന്ധിച്ച് ഫുട്ബോൾ നിരീക്ഷകർ ആശങ്ക ഉന്നയിച്ചിരുന്നു. പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ലോകകപ്പുമായി ബന്ധപ്പെട്ട് ഫിഫ ഇതുവരെ വ്യക്തമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.