ട്രോൾഡ് കപ്പിൽ ‘സുമി ഫൈനൽ’

‘സുമ്യേ ആ തോട്ടിലൊന്നും പോയി ചാടല്ലേ...ട്ടോ...’ കട്ട അർജൻറീന ഫാനായ സാദിഖ് നീട്ടിക്കൽ കാത്തിരുന്നത് ഈയൊരു ദിവസത്തിന് വേണ്ടിയായിരുന്നു. അർജൻറീനയുടെ സമനിലയും തോൽവികളും പുറത്താവലും ആഘോഷിച്ച എന്നെ ട്രോളാൻ കാത്തിരുന്ന് കിട്ടി‍യ അവസരം വിചാരിച്ചതിലും ഉഷാറാക്കി.

ഫേസ്ബുക്കിലും വാട്​സ്​ആപ്പിലും സജീവമായതിന് ശേഷമുള്ള ആദ്യ ലോകകപ്പാണിത്. കളി തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പേ ഞാൻ നയം വ്യക്തമാക്കിയിരുന്നു- ബ്രസീൽ. ‘ഒരു വടക്കൻ വീരഗാഥ’യിലെ മമ്മൂട്ടിയുടെ ഡയലോഗിനെ മനസ്സിൽ ധ്യാനിച്ച് ‘ബ്രസീലിനെ തോൽപിക്കാൻ ഭൂമിയിൽ ആണുങ്ങളാരും ജീവിച്ചിരിപ്പില്ല’ എന്ന് വെച്ച് കാച്ചിയത് അർജൻറീന ഫാൻസാണ് ആദ്യം ഏറ്റെടുത്തത്.

അവരെന്നെ പലവിധത്തിലും ട്രോളി. ഞാനുണ്ടോ വിട്ടുകൊടുക്കുന്നു. ട്രോളുകളുണ്ടാക്കാനറിയാത്ത ഞാൻ ആ വിഷമം അവരിൽതന്നെ ഒരാളോട് പറഞ്ഞു. അർജൻറീനക്കെതിരെ ട്രോളുണ്ടാക്കി എന്നെക്കൊണ്ട് പോസ്​റ്റ്​ ചെയ്യിപ്പിച്ച സ്പോർട്സ്മാൻ സ്പിരിറ്റിനൊരു ബിഗ് സല്യൂട്ട്.

മെസ്സിപ്പടക്കെതിരെ മികച്ച ട്രോളുകളുണ്ടാക്കിത്തന്നത് അർജൻറീന ഫാൻസായ സാദിഖ് നീട്ടിക്കലും തിരൂരങ്ങാടിക്കാരൻ ഇഹ്ജാസ് അസ്​ലമുമാണ്. ബ്രസീലി‍​​​​െൻറ കട്ട ഫാനായ അമീർ താനൂർ കണക്കുകൾ നിരത്തി കളിയാക്കുന്നവർക്ക് ഉരുളക്ക് ഉപ്പേരി കൊടുത്ത് കട്ടക്ക് കൂടെനിന്നു.

അർജൻറീന ആദ്യം തോറ്റ് പുറത്തായതാണ് ആശ്വാസമായത്. കടുത്ത അർജൻറീന ഫാനായ ഭർത്താവിനെ ‘കിടന്നുറങ്ങാതെ, കുറച്ചെന്തെങ്കിലും കഴിക്കൂ’ എന്ന് പറഞ്ഞ് തോണ്ടിയതിന് പകരം കിട്ടിയത് ബ്രസീൽ തോറ്റ അന്ന് രാവിലെ ‘നീ തോട്ടി‍​​​​െൻറ കരയിലൊന്നും കുട്ടികളുമായി പോയി ഓരോന്നാലോചിച്ച് നിക്കണ്ട. മനുഷ്യന് എപ്പഴാ, എന്താ തോന്നാന്ന് പറയാൻ പറ്റില്ലല്ലോ’ എന്നായിരുന്നു. ബ്രസീൽ തോറ്റ അന്ന് ഒരു കല്യാണ മണ്ഡപത്തിൽ വെച്ച് ഞാനിട്ട പോസ്​റ്റിൽ (കല്യാണ മണ്ഡപത്തിലെ പരിചിതരെയെല്ലാം അപരിചിതരായി തോന്നുന്നു) വന്ന കമൻറുകളെല്ലാം പലയാവർത്തി വായിക്കാനും ഓർത്തോർത്ത് ചിരിക്കാനുമുണ്ട്.

‘ബെൽജിയം ജയിച്ചാ മത്യാർന്ന്.. പ്രസവിച്ചപ്പോൾ പോലും ഈ വേദന നിനക്കുണ്ടായിട്ടാവില്ല, പടച്ചോനെ ഈ പെണ്ണിനെ കാത്തോണേ’ എന്നും ‘വിഷമം രണ്ടീസം കാണും, പിന്നെയതങ്ങ് ശീലമായിക്കോളും. എനിക്കങ്ങനെയാ...’ എന്നുമൊക്കെ. സെവനപ്പും നെയ്മീനും കോഴിക്കൂടും മഞ്ഞയുമെല്ലാം ചേരുവയായി. ചുരുക്കിപ്പറഞ്ഞാൽ മനസ്സ് നിറഞ്ഞ്, അറിഞ്ഞാസ്വദിച്ച ഒരു ലോകകപ്പായിരുന്നു ഇത്. സെമിഫൈനലിൽ ക്രൊയേഷ്യക്കൊപ്പമാണ്. ദൈവം തുണച്ചാൽ അടുത്ത തവണ ഖത്തറിൽ പോയി കളി കാണണം.

Tags:    
News Summary - fifa world cup fan zone-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.