ജൂൺ 30നു പുറത്തിറങ്ങിയ ഒരു പ്രമുഖ ഇംഗ്ലിഷ് പത്രത്തിൻെറ സ്പോർട്സ് പേജിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു-'ബാലൺ ഡി വാർ ! '.ആ യുദ്ധം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലായിരുന്നു. മെസ്സിയും ക്രിസ്റ്റ്യാനോയും ജയിച്ചുകയറുമെന്നും ക്വാർട്ടർഫൈനലിൽ ഇരുവരും മുഖാമുഖം വരുമെന്നും ആരാധകർ വെറുതെ മോഹിച്ചു.അങ്ങനെയെങ്കിൽ ഫൈനലിനു മുമ്പുള്ള ഫൈനലാകുമായിരുന്നു അത്.
പക്ഷേ ഇപ്പോൾ റൊണാൾഡോയും മെസ്സിയും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.ഈ തലമുറയിലെ ഏറ്റവും മികച്ച രണ്ടു ഫുട്ബോളർമാർക്ക് ലോകകിരീടം സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. ഒരർത്ഥത്തിൽ വളരെ ഭാഗ്യവാനാണ് ക്രിസ്റ്റ്യാനോ. വളരെ കഴിവുള്ള ഒരു ഫുട്ബോളറായി ജനിച്ചു. അതിനനുസരിച്ച് കഠിനാദ്ധ്വാനവും ചെയ്തു. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ അയാൾ നിർഭാഗ്യവാനുമാണ്. കഴിവിനൊത്ത ടീം ക്രിസ്റ്റ്യാനോയ്ക്ക് ലഭിച്ചില്ല.
പ്രീക്വാർട്ടർ വരെ ഏതാണ്ട് ഒറ്റയ്ക്കാണ് അയാൾ ടീമിനെ ചുമലിലേറ്റിയത്. പലപ്പോഴും പ്രതിരോധ ജോലി പോലും സി.ആർ.സെവൻ നിർവ്വഹിക്കുന്നതുകണ്ടു ! സ്കോറിങ്ങ് ചുമതലകൾ പങ്കുവെയ്ക്കാൻ കാര്യമായി ആരെയും ലഭിച്ചില്ല. വൺമാൻഷോ കൊണ്ട് ഒരു ലോകകപ്പ് ജയിക്കാനാവില്ല. അതുകൊണ്ട് ഇന്നല്ലെങ്കിൽ നാളെ പോർച്ചുഗലിൻെറ തോൽവിയ്ക്ക് സാദ്ധ്യതയുണ്ടായിരുന്നു.
കവാനി-സുവാരസ് സഖ്യത്തിനെതിരെ പോർച്ചുഗലിനുള്ള മറുപടി ക്രിസ്റ്റ്യാനോ മാത്രമായിരുന്നു. പലതവണ അയാൾ ശ്രമിച്ചു. ഫ്രീകിക്കുകൾ മതിലിൽ തട്ടിത്തെറിച്ചു. ഹെഡ്ഡറുകൾ പിഴച്ചു. ഷോട്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടു. പെപ്പെയുടെ ഗോളിനും പോർച്ചുഗലിനെ രക്ഷപ്പെടുത്താനായില്ല. ഏതുവിധേനയും ടീമിനെ ജയിപ്പിക്കാനുള്ള ശ്രമത്തിനിടെ ക്രിസ്റ്റ്യാനോ ടൂർണ്ണമെൻറിലെ രണ്ടാമത്തെ മഞ്ഞക്കാർഡും ഏറ്റുവാങ്ങി. ഫ്രീകിക്ക് നേടിയെടുക്കാൻ റഫറിയോട് തർക്കിച്ചതിനായിരുന്നു നടപടി.
പക്ഷേ ഇതേ ക്രിസ്റ്റ്യാനോയാണ് പരിക്കേറ്റ് മുടന്തി നടന്ന കവാനിയെ തോളിൽ താങ്ങി ലൈൻ കടത്തിവിട്ടത്.രണ്ടു ഗോളുകളോടെ തൻ്റെ ലോകകപ്പ് സ്വപ്നങ്ങൾ തകർത്ത അതേ കവാനിയെ! റോണോ ഹൃദയങ്ങൾ ജയിച്ച നിമിഷമായിരുന്നു അത്....നന്ദി റോണോ. നിങ്ങളുടെ ഒറ്റയാൾ പോരാട്ടങ്ങൾക്ക് നന്ദി.സ്പെയിനിനെതിരെ നിങ്ങൾ കാഴ്ച്ചവെച്ച കളിയെക്കുറിച്ച് ഞങ്ങൾ പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുക്കും. നിങ്ങളില്ലാത്ത ലോകകപ്പ് ഒരിക്കലും പഴയതുപോലെ ആയിരിക്കില്ല...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.