മോസ്കോ: റഷ്യയോടുള്ള രാഷ്ട്രീയ-നയതന്ത്ര യുദ്ധം കാരണം ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തവരാണ് ഇംഗ്ലണ്ടുകാർ. ദേശീയ ടീം റഷ്യൻ മണ്ണിലെത്തുന്നതുവരെ തീവ്ര ദേശീയവാദികളും മിതവാദികളും ഫുട്ബാൾ പ്രേമികളും ഭിന്നിച്ചുനിന്ന നാട്. പക്ഷേ, ഇന്ന് ഇംഗ്ലണ്ട് ഒറ്റക്കെട്ടാണ്. 28 വർഷത്തിനുശേഷം സെമിഫൈനലിൽ കടന്നവർ കപ്പുമായി തിരിച്ചുവരുന്നത് സ്വപ്നം കാണാൻ ഒരു രാജ്യം തർക്കങ്ങൾ മറന്ന്, ഉറക്കമിളച്ച് കാത്തിരിക്കുന്നു. അവർക്ക് മുന്നിലുള്ളത് ഇനി രണ്ടു കടമ്പകൾ മാത്രം. ബുധനാഴ്ച രാത്രിയിലെ സെമിഫൈനലിൽ ക്രൊയേഷ്യയെ മറികടന്നാൽ ഞായറാഴ്ച കിരീടപ്പോരാട്ടം. എന്നാൽ, ഇന്നാണ് അവരുടെ യഥാർഥ ഫൈനൽ. യൂറോപ്പിൽ ലാറ്റിനമേരിക്കൻ മനോഹാരിതകൂടി ഉൾക്കൊണ്ട് പന്തുതട്ടുന്ന ക്രൊയേഷ്യയെന്ന വലിയ വെല്ലുവിളി ഹിമാലയൻ ദൗത്യമാണിവർക്ക്.
1990ലാണ് ഇംഗ്ലണ്ട് അവസാനമായി സെമി കളിച്ചത്. അന്ന് ഗാരി ലിനേക്കറും ടെറി ബുച്ചറും നയിച്ച ടീം പടിഞ്ഞാറൻ ജർമനിക്കു മുന്നിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങി. ഫൈനലിൽ കടന്നത് 1966ൽ ബോബിമൂറിെൻറ ഇംഗ്ലീഷ് പടയായിരുന്നു. ജർമനിയെ വീഴ്ത്തി കിരീടമണിഞ്ഞവർ 52 വർഷത്തിനുശേഷം ചരിത്രം ഹാരി കെയ്നിലൂടെ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണിന്ന്. യൂഗോസ്ലാവ്യയുടെ ഫുട്ബാൾ പാരമ്പര്യവുമായി പന്തുതട്ടുന്ന ക്രോട്ടുകൾക്കിത് രണ്ടാം സെമിഫൈനലാണ്. 1998ലെ അരങ്ങേറ്റത്തിൽ മൂന്നാം സ്ഥാനക്കാരായി വിസ്മയിപ്പിച്ചവർക്ക് ലൂക മോഡ്രിചും ഇവാൻ റാകിടിചും ഉൾപ്പെടെയുള്ളവരിലാണ് ഇപ്പോൾ പ്രതീക്ഷകൾ.
സ്റ്റാർ Vs സ്റ്റാർ
ഇംഗ്ലണ്ടും ക്രൊയേഷ്യയും പന്തുതട്ടുേമ്പാൾ കാൽപന്തുകളിയുടെ നക്ഷത്രങ്ങൾ മണ്ണിലിറങ്ങുന്നുവെന്ന് വിശേഷിപ്പിച്ചാൽ അതിശയോക്തിയൊന്നും വേണ്ട. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ താരങ്ങളാണ് സൗത്ത്ഗേറ്റിെൻറ ഇംഗ്ലണ്ട് നിറയെ. ലിവർപൂൾ, ചെൽസി, ടോട്ടൻഹാം, മാഞ്ചസ്റ്റർ യുനൈറ്റഡ്, സിറ്റി, എവർട്ടൻ തുടങ്ങിയ വമ്പൻ ടീമുകളിലെ താരങ്ങളാണ് ഇംഗ്ലണ്ട് ടീം നിറയെ. ക്രൊയേഷ്യൻ നിരയിലാവെട്ട യൂറോപ്യൻ ഫുട്ബാൾ ലീഗുകളുടെ സമ്മിശ്രവും. റയൽ മഡ്രിഡ്, ബാഴ്സലോണ, യുവൻറസ്, ഇൻറർമിലാൻ, അത്ലറ്റികോ മഡ്രിഡ്, ബയർ ലെവർകൂസൻ തുടങ്ങിയ ക്ലബുകളുടെ താരങ്ങളാണ് ക്രോട്ടുകളുടെ അഭിമാനം.
നിഴൽപോലെ പക
ഇംഗ്ലണ്ട്-ക്രൊയേഷ്യ പോരാട്ടങ്ങൾക്ക് ചരിത്ര പാരമ്പര്യമൊന്നുമില്ലെങ്കിലും കഴിഞ്ഞ രണ്ടു ദശാബ്ദമായി നിഴൽപോലെ പിന്തുടരുന്ന പകയുടെ കണക്കുകളുണ്ട്.ഏഴു തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. സുപ്രധാന ടൂർണമെൻറിൽ ഒരു തവണ മാത്രമേ കൊമ്പുകോർത്തിട്ടുള്ളൂ. 2004 യൂറോ കപ്പിലായിരുന്നു അത്. വെയ്ൻ റൂണിയുടെ ഇരട്ട ഗോളിൽ ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു. എന്നാൽ, അടുത്ത യൂറോ കപ്പിൽ ഇംഗ്ലണ്ടിെൻറ അന്നംമുടക്കിയത് ഇൗ പുതു രാജ്യമായിരുന്നു. നിർണായക മത്സരത്തിൽ 3-2ന് തോറ്റ ഇംഗ്ലണ്ട് യൂറോ പോരാട്ടത്തിൽനിന്ന് പുറത്തായി. ഇൗ നാണക്കേടിന് ഇംഗ്ലണ്ട് കണക്കുതീർത്തത് 2010 ലോകകപ്പിനുള്ള യോഗ്യത റൗണ്ടിലായിരുന്നു. ഹോം (5-1), എവേ (4-1) മത്സരങ്ങളിൽ ക്രൊയേഷ്യയെ തരിപ്പണമാക്കിയ ഇംഗ്ലണ്ട് അവരുടെ യോഗ്യതപോലും നഷ്ടമാക്കി.
വിജയം തുടർന്ന് ക്രൊയേഷ്യ
ഒരു കളിയും തോൽക്കാതെ 100 ശതമാനം വിജയമാർജിനുമായാണ് ക്രോട്ടുകളുടെ ജൈത്രയാത്ര. മോഡ്രിചും റാകിടിചും അടങ്ങിയ ലോകോത്തര മധ്യനിരയും ദെജാൻ ലോവ്റൻ, വിദ എന്നിവരുടെ പ്രതിരോധവും സുബാസിച് എന്ന ഗോളിയുടെ സാന്നിധ്യവും അവരുടെ മികവാണ്. എന്നാൽ, നോക്കൗട്ടിൽ രണ്ടു കളിയും പെനാൽറ്റി ഭാഗ്യപരീക്ഷണം കടന്നാണ് വരവ്. ഇത് ഫുൾടൈമിൽ ഗോളടിക്കാനുള്ള പോരായ്മ തുറന്നുകാണിക്കുന്നതാണ്.
സന്തുലിതം ഇംഗ്ലണ്ട്
ബെൽജിയത്തിനെതിരായ തോൽവി ഒഴിവാക്കിയാൽ മിന്നുന്ന ഫോമിലാണ് ഇംഗ്ലണ്ട്. ബെൽജിയത്തിനെതിരെ മുൻനിരക്കാരെ ഒഴിവാക്കിയാണ് കോച്ച് സൗത്ത്േഗറ്റ് ടീമിനെ ഇറക്കിയത്. കെയ്ൻ, സ്റ്റർലിങ്, ലിൻഗാഡ്, ഡെലെ അലി തുടങ്ങിയ താരങ്ങളെല്ലാം ഗോളടിക്കാൻ മിടുക്കർ. പകരക്കാരുടെ ബെഞ്ചും സുശക്തം. അതേസമയം, ജോർഡൻ ജോൺസെൻറ പരിക്ക് ടീമിനെ അലട്ടുന്നുണ്ട്. പകരക്കാരെ തേടുകയാണെങ്കിൽ എറിക് ഡീർ, ഫാബിയൻ ഡെൽഫ് എന്നിവരിൽ ഒരാളാവും കളത്തിലെത്തുക.
മിന്നും താരങ്ങൾ
കളത്തിലും പുറത്തും ക്രൊയേഷ്യയുടെ നായകനാണ് ഇൗ റയൽ മഡ്രിഡ് താരം. പോർക്കളത്തിൽ ടീം തളരുേമ്പാൾ ഉൗർജം പകരുന്ന എനർജി ടോണിക്കാണ് മോഡ്രിച്. ഗോളടിക്കാനും അടിപ്പിക്കാനും കളിയിൽ മേധാവിത്വം സ്ഥാപിക്കാനും മിടുക്കൻ. ഡ്രിബ്ലിങ് പാടവവും പാസിങ് കൃത്യതയും അപാരം. റയൽ മഡ്രിഡിെൻറ മധ്യനിരയിലെ ചാലകശക്തിയായ മോഡ്രിച് തന്നെയാണ് ക്രൊയേഷ്യയുടെ അപരാജിത കുതിപ്പിെൻറ നെടുന്തൂണും. ഗ്രൂപ് റൗണ്ടിൽ അർജൻറീനയെയും നോക്കൗട്ട് റൗണ്ടിൽ ഡെന്മാർക്കിനെയും റഷ്യയെയും വീഴ്ത്തുേമ്പാൾ കളിച്ചും സ്വയം പ്രേചാദകനായും ഇൗ പത്താം നമ്പറുകാരൻ നിറഞ്ഞുനിന്നു. ഡെന്മാർക്കിനെതിരെ പെനാൽറ്റി നഷ്ടപ്പെടുത്തി ദുരന്തനായകനാവുമെന്ന് പ്രതീക്ഷിച്ചപ്പോൾ, ഷൂട്ടൗട്ടിൽ കിക്കെടുക്കാനും അത് ലക്ഷ്യത്തിലെത്തിക്കാനും കാണിച്ച മനോവീര്യം സഹതാരങ്ങൾക്ക് ചില്ലറയൊന്നുമല്ല ഉൗർജം പകർന്നത്. ക്രൊയേഷ്യൻ മധ്യനിരക്കും സ്ട്രൈക്കർ മാൻസുകിചിനുമിടയിലെ വിലപ്പെട്ട കണ്ണികൂടിയാണ് മോഡ്രിച്.
ഹാരി കെയ്ൻ
റഷ്യ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുന്നിലുള്ള ഹാരി കെയ്ൻ തന്നെയാണ് ഇംഗ്ലണ്ടിെൻറ പടക്കുതിര. മധ്യനിര കടന്നു വീണുകിട്ടുന്ന പന്തുകൾ, അതിവേഗ നീക്കങ്ങളിലൂടെ എതിർബോക്സിലെത്തിച്ച് ഗോളാക്കാനുള്ള കൗശലമാണ് ഹാരി കെയ്നെ താരമാക്കുന്നത്. ഒപ്പം, പെനാൽറ്റി സ്പോട് കിക്കുകൾ മനോഹരമായി വലയിലെത്തിക്കാനുള്ള മിടുക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനായി ഗോളടിച്ചുകൂട്ടിയ കെയ്ൻ, ക്ലബ് മികവ് ദേശീയ ടീമിനൊപ്പവും നിലനിർത്തിയ അപൂർവതാരങ്ങളിൽ ഒരാൾകൂടിയാണ്. എതിരാളികൾ, ഫൗൾ ചെയ്ത് വീഴ്ത്തുേമ്പാൾ പെനാൽറ്റി അവസരങ്ങൾ സൃഷ്ടിക്കാനുള്ള മിടുക്കുകൂടിയാണ് കെയ്നിെൻറ മികവ്. റഹിം സ്റ്റർലിങ്ങിനൊപ്പം മുൻനിരയിൽ പന്തുതട്ടുന്ന കെയ്ൻ, ഡെലെ അലി, ലിൻഗാഡ്, ആഷ്ലി യങ് എന്നിവരുടെ മുന്നേറ്റങ്ങൾ ഗോളാക്കിമാറ്റുന്നതിലും മിടുക്ക് കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.