റഷ്യയിൽ കെട്ടിടങ്ങൾക്കൊക്കെ സമാനമായ സ്വഭാവങ്ങളുള്ളതിനാൽ വഴിതെറ്റി പോവുക സ്വാഭാവികം. കടയിൽ പോയി തിരിച്ചുവരുമ്പോഴേക്കും രണ്ടു തവണ വഴിതെറ്റി. വഴിയിൽ കണ്ട രണ്ടു പേരിലൊരാൾ ഒറ്റക്കാഴ്ചയിൽ ‘യൂ ഇഞ്ച്യ’ (ഇന്ത്യയെന്നാൽ ഇവിടെ ഇഞ്ച്യയാണ്) എന്നും പറഞ്ഞ് സഹായിക്കാനെത്തി. നമസ്തേ പറഞ്ഞും പഴയ ഹിന്ദി സിനിമ ഗാനങ്ങളുടെ വരികൾ പാടിയും സൗഹൃദം ഉൗഷ്മളമാക്കി. കൂടെ നടന്ന് അവർ എെൻറ റൂം കാണിച്ചുതന്നു.
ഹെർമിറ്റേജ് എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മ്യൂസിയമായിരുന്നു കളിയില്ലാത്ത ദിനത്തിൽ എെൻറ ലക്ഷ്യസ്ഥാനം. അവിടെ എത്തുമ്പോഴേക്കു ടിക്കറ്റ് എടുക്കാനുള്ള സ്ഥലം ജനനിബിഡം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരു ജനസാഗരംതന്നെ ഇവിടെ തടിച്ചുകൂടിയിട്ടുണ്ട്. വേൾഡ് കപ്പ് ഫുട്ബാൾ നടക്കുന്നതുപോലും അറിയാത്ത തിബത്തിൽനിന്നുള്ള ഒരു വലിയ ഗ്രൂപ് എെൻറ മുന്നിലുണ്ട്. ഇവർ കൂട്ടമായി നടക്കുന്നത് കാണാൻ നല്ല രസമാണ്. മുന്നിലെ ആൾ ഒരു വലിയ കൊടി ഉയർത്തിപ്പിടിച്ച് സംഘത്തെ നയിക്കും. പിന്നാലെ വരിവരിയായി ഓരോരുത്തരും.
1764ൽ സെൻറ് കാതറിനാണ് ഈ മ്യൂസിയം സ്ഥാപിച്ചത്. ആദ്യം സ്വകാര്യ ശേഖരമായിരുന്നു. 1852ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മൂന്നു ലക്ഷത്തിൽപരം വ്യത്യസ്ത ശേഖരങ്ങളിൽ ലോകത്തിലെ ഏറ്റവും കൂടുതൽ തരം പെയിൻറിങ്ങുകളുടെ കലക്ഷൻ ഇവിടെയാണുള്ളത്. ആറു പ്രധാന ചരിത്ര സ്മാരകങ്ങളായി നിലകൊള്ളുന്ന ശേഖരങ്ങൾ പ്രധാനമായും പഴയ സാർ ചക്രവർത്തിമാരുടെ ആസ്ഥാനമന്ദിരമായ വിൻറർ പാലസ്, മെൻഷികോവ് പാലസ് തുടങ്ങിയവയിലാണ് ഉള്ളത്.
ഒരു ഐറ്റം ഒരു സെക്കൻഡ് എന്ന തോതിൽ കാണുകയാണെങ്കിൽ ഏകദേശം ആറു ദിനരാത്രങ്ങൾ വേണ്ടിവരുന്ന ഈ മഹാസൗധങ്ങളിൽ ഒരു ഓട്ടപ്രദക്ഷിണത്തിനുശേഷം നേരെ വെള്ളിയാഴ്ച പ്രാർഥനക്കായി യൂറോപ്പിൽ തുർക്കിക്ക് പുറത്തെ ഏറ്റവും വലിയ പള്ളിയായ സെൻറ് പീറ്റേഴ്സ്ബർഗ് മോസ്ക്കിലേക്ക്്. രണ്ടു വലിയ മിനാരങ്ങളും മൊസൈക്ക് പാകിയ മസ്ജിദിെൻറ ചുമരുകൾ ഗ്രാനൈറ്റ് കൊണ്ടുള്ളതുമാണ്.
അകത്തുകയറിയ ഉടനെ കേട്ടത് മനോഹരമായി ഖുർആൻ പാരായണം ചെയ്യുന്ന ഇമാമിനെയാണ്. പ്രാർഥനക്കുശേഷം പരസ്പര ഹസ്തദാനത്തിനു ശേഷമാണ് എല്ലാവരും പിരിയുന്നത്. പുറത്തിറങ്ങിയ ശേഷം വിശപ്പുകാരണം പള്ളിക്ക് മുന്നിൽ കച്ചവടം നടത്തുന്ന ഉസ്ബക് പൗരനിൽനിന്ന് രണ്ടു ചൂടുള്ള സമൂസ വാങ്ങി. ‘സംസ’ എന്നാണിതിെൻറ പേര്. ആട്ടിറച്ചി മസാല ചൂടോടെ അകത്തുണ്ടാവും, എണ്ണ വളരെ കുറവും. ആസ്വദിച്ചു തിന്നുകൊണ്ടിരിക്കെയാണ് മലയാളം സംഭാഷണം കേട്ട് തിരിഞ്ഞുനോക്കിയത്. ഒരു സംഘം തന്നെയുണ്ട്. മിക്കവരും ദുൈബയിൽനിന്ന് വന്നവരാണ്. മോസ്കോയും സോചിയും കറങ്ങി ഇവിടെയെത്തിയിരിക്കുകയാണ് മലപ്പുറം, എറണാകുളം സ്വദേശികളായ സംഘം.
പൊതുവെ നല്ല തണുപ്പാണ് കാലാവസ്ഥ. പക്ഷേ, ഇന്ന് പൊരിവെയിലാണ്. പുറമെ ജോലിക്ക് പോകുന്ന ആളുകൾ രാവിലെ തന്നെ അടുത്ത മണിക്കൂറുകളിലെ കാലാവസ്ഥ ചാർട്ട് നോക്കിയാണ് അവക്കനുസരിച്ചു വസ്ത്രംപോലും ധരിക്കുന്നത്. രാത്രി റഷ്യൻ ഹോട്ടലിൽനിന്ന് തദ്ദേശീയരുടെ പ്രധാന ഭക്ഷണമായ ഗ്രേജ്ക്ക (നാട്ടിലെ റാഗി പോലുള്ള ഒരുതരം തടിച്ച ധാന്യമാണിത്) കഴിച്ച ശേഷം റൂമിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.