ദോഹ: റഷ്യൻ ലോകകപ്പിന് കൊടിയിറങ്ങി, ഇനി 2022ൽ ഖത്തറിൽ. ഫുട്ബാൾപ്രേമികൾക്ക് അടുത്ത ലോകകപ്പിലേക്ക് ഇനി നാലു വർഷം കാത്തിരിക്കണമെങ്കിലും ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. ലോകകപ്പ് ചരിത്രത്തിൽതന്നെ ആദ്യമായാണ് ഗൾഫ് മേഖല ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാൻ പോകുന്നത്. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ആണ് ഖത്തർ ലോകകപ്പിെൻറ സംഘാടകർ. 12 ലക്ഷം കാഴ്ചക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 2022 നവംബർ 21ന് ആരംഭിച്ച് ഡിസംബർ 18നാണ് മത്സരങ്ങൾ സമാപിക്കുക. സാധാരണ ജൂൺ-ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് ചാമ്പ്യൻഷിപ് നടക്കുന്നത്. യൂറോപ്പിൽ ലീഗ് മത്സരങ്ങൾ നടക്കുന്ന സമയമായതിനാൽ 2022 ലോകകപ്പിെൻറ സമയക്രമത്തിനെതിരെ നേരേത്തതന്നെ പ്രതിഷേധങ്ങളുയർന്നിരുന്നു. എന്നാൽ, ഇക്കാര്യം സംബന്ധിച്ച് യുവേഫക്കും ലീഗ് അധികൃതർക്കും ഫിഫ മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞദിവസം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഫിഫ പ്രഖ്യാപിക്കുകയും ചെയ്തു.
മോസ്കോയിൽനിന്ന് പഠിച്ച് ദോഹയിലേക്ക് റഷ്യൻ ലോകകപ്പിെൻറ കൂടുതൽ കാര്യങ്ങൾ ആഴത്തിൽ പഠിക്കാനായി നേരത്തേതന്നെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ നേതൃത്വത്തിൽ ഖത്തർ സംഘം മോസ്കോയിൽ എത്തിയിരുന്നു. ‘മജ്ലിസ് ഖത്തർ’ എന്ന പേരിൽ 2022െൻറ ഒരുക്കങ്ങളും പ്രത്യേകതകളും വിവരിക്കുന്ന പ്രത്യേക മേളതന്നെ അവിടെ ഒരുക്കി. റഷ്യൻ സേനയോടൊപ്പം ഖത്തർ പൊലീസ് ഉദ്യോഗസ്ഥരും പ്രവർത്തിച്ചു. സുരക്ഷയടക്കമുള്ള കാര്യങ്ങളിൽ റഷ്യൻ അനുഭവം ഖത്തറിൽ ഏറെ പ്രയോജനകരമാകുമെന്ന് സുരക്ഷാകാര്യങ്ങള്‍ക്കായുള്ള അസിസ്റ്റൻറ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അലി അല്‍അലി പറയുന്നു.
2006ലെ ഏഷ്യൻ ഗെയിംസ് അടക്കം നിരവധി കായികമേളകൾ വിജയകരമായി നടത്തിയ പരിചയം ഖത്തറിനുണ്ട്. 2015ലെ ലോക ഹാൻഡ്ബാൾ, ലോക ബോക്സിങ്, ലോക സൈക്ലിങ് ചാമ്പ്യൻഷിപ്പുകൾ എന്നിവ നടത്തി. 2019ലെ ലോക അത്ലറ്റിക്സ് മീറ്റും ഖത്തറിലാണ് നടക്കുക. അന്താരാഷ്ട്ര ഫുട്ബാൾ ക്ലബുകളുടെ പരിശീലനവേദിയാണ് ദോഹയിലെ ആസ്പെയർ സോൺ. മാഞ്ചസ്റ്റർ യുനൈറ്റഡ്, പി.എസ്.ജി, ബയേൺ മ്യൂണിക്, ഇൻറർ മിലാൻ തുടങ്ങിയ ലോകക്ലബുകൾ അവധിക്കാല പരിശീലനത്തിനായി ഇവിടെയെത്തുന്നു.
പാഞ്ഞെത്തും ദൂരത്തെ എട്ട് സ്റ്റേഡിയങ്ങൾ കുറഞ്ഞ സമയംകൊണ്ടുതന്നെ ഖത്തർ ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലും എത്താമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അറബ് സംസ്കാരത്തിെൻറ പതിപ്പുകളാണ് സ്റ്റേഡിയങ്ങൾ. ഇവ തമ്മിലുള്ള വലിയ ദൂരം 55 കിലോമീറ്റർ മാത്രം. ചെറിയ ദൂരം വെറും അഞ്ച് കിലോമീറ്ററും. മനസ്സുവെച്ചാൽ ദിവസവും എല്ലാ കളിയും കാണാം. ദോഹ വിമാനത്താവളത്തിൽനിന്ന് 35 കിലോമീറ്ററിനുള്ളിലാണ് എല്ലാമുള്ളത്. വിമാനത്താവളവുമായും സ്റ്റേഡിയങ്ങളുമായും ബന്ധപ്പെടുത്തിയാണ് ദോഹ മെട്രോ തയാറാകുന്നത്. ഇതിനാൽ ഗതാഗതവും കൂടുതൽ സൗകര്യമാവും. ആസ്െപയർ സോണിലെ ‘ഖലീഫ’ രാജ്യാന്തര സ്റ്റേഡിയം ലോകകപ്പിനായി പുനർനിർമിച്ച് ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. ഷിപ്പിങ് കണ്ടെയ്നർ മാതൃകയിലാണ് ‘റാസ് അബൂ അബൂദ്’ സ്റ്റേഡിയം. മറ്റൊരിടത്തേക്ക് പൂർണമായും മാറ്റിസ്ഥാപിക്കാനാകും. ഉദ്ഘാടന മത്സരവും ഫൈനലും നടക്കുന്ന ‘ലുസൈൽ’ സ്റ്റേഡിയം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരമ്പരാഗത തമ്പുകളുടെ രൂപത്തിലാണ് ‘അൽ െബയ്ത്’ സ്റ്റേഡിയം. പായ്കപ്പലുകളുടെ മാതൃകയിലാണ് ‘അൽ വക്റ’ സ്റ്റേഡിയം. അറബ് പുരുഷൻമാരുടെ തൊപ്പിയുടെ മാതൃകയിലാണ് ‘അൽ തുമാമ’ നിർമാണം. മണൽക്കൂനകളുടെ മാതൃകയിലാണ് ‘അൽറയ്യാൻ’ സ്റ്റേഡിയം. ‘എജുക്കേഷൻ സിറ്റി/ഖത്തർ ഫൗണ്ടേഷൻ’ സ്റ്റേഡിയം പണിയും പുരോഗമിക്കുന്നു. പുറത്തെ ചൂട് 40 ഡിഗ്രിവരെയുള്ളപ്പോഴും സ്റ്റേഡിയങ്ങളുടെ അകം 19 ഡിഗ്രിയിലാക്കാനുള്ള ശീതീകരണ സംവിധാനമാണ് സ്റ്റേഡിയങ്ങളിൽ ഒരുങ്ങുന്നത്. ഖലീഫ സ്റ്റേഡിയത്തിൽ ഇവ എപ്പോഴേ റെഡി. അൽ വക്റ, അൽ ഖോർ അൽ ബെയ്ത് എന്നിവയുടെ നിർമാണം ഈ വർഷം പൂർത്തിയാകും.
ഉണ്ടാകുമോ 48 ടീമുകൾ? 2022 ലോകകപ്പിൽ 32 ടീമുകൾക്ക് പകരം 48 ടീമുകൾ ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് കളിയാരാധകർ. റഷ്യൻ ഫൈനലിന് മുന്നോടിയായി ലുഷ്കിനി സ്റ്റേഡിയത്തിൽ നടന്ന ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയുടെ വാർത്തസമ്മേളനത്തിനുശേഷമാണ് ഇക്കാര്യം കൂടുതൽ ചൂടുപിടിച്ചിരിക്കുന്നത്. ഫിഫയുടെ അടുത്ത യോഗങ്ങളിലും ഖത്തറുമായും ഇക്കാര്യം ചർച്ച ചെയ്യുമെന്നും കൂടുതൽ പഠനം നടത്തുമെന്നും ഫിഫ പ്രസിഡൻറ് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഏത് ചർച്ചകൾക്കും മുന്നൊരുക്കങ്ങൾക്കും തയാറാണെന്ന് ഖത്തറും അറിയിച്ചിട്ടുണ്ട്.
2026ൽ മെക്സിക്കോ, അമേരിക്ക, കാനഡ രാജ്യങ്ങൾ സംയുക്തമായി ആതിഥ്യം വഹിക്കുന്ന ലോകകപ്പിൽ 48 ടീമുകളെ പങ്കെടുപ്പിക്കുമെന്ന് ഫിഫ മുേമ്പ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഖത്തറിൽതന്നെ കൂടുതൽ ടീമുകൾ വേണമെന്ന് തെക്കനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമോബോളാണ് ഏപ്രിലിൽ നിർദേശം വെച്ചത്. പിന്നീട് കാര്യമായ ചർച്ചകൾ ഇക്കാര്യത്തിൽ ഇല്ലായിരുന്നു.
മലയാളിക്ക് ഇരട്ടമധുരം എല്ലാ ലോകകപ്പും മലയാളിക്ക് ആഘോഷമാണ്. എന്നാൽ, ഖത്തർ ലോകകപ്പ് ഇരട്ടി മധുരമാണ്. ഖത്തറിലേക്ക് വിസയില്ലാതെതന്നെ ഇന്ത്യക്കാർക്ക് രണ്ടു മാസത്തെ സന്ദർശനത്തിനെത്താമെന്ന സൗകര്യമാണ് പ്രധാനം. പാസ്പോർട്ടും ടിക്കറ്റും താമസസൗകര്യവും മതി. സുഹൃത്തുക്കളും ബന്ധുക്കളുമായി ആയിരക്കണക്കിന് മലയാളികൾ ഖത്തറിൽ ഉള്ളതിനാൽ താമസസൗകര്യം നേരത്തേ ഒരുക്കി കാത്തിരിക്കാം.
ഖത്തർ ദേശീയ ടീം ആതിഥേയരെന്ന നിലയിൽ മാത്രമല്ല നല്ല ടീം എന്നതിനാൽ കൂടിയായിരിക്കും ഖത്തറിെൻറ ദേശീയ ടീം 2022ൽ പന്തുതട്ടാനിറങ്ങുന്നത്. റഷ്യൻ ലോകകപ്പിെൻറ യോഗ്യതാറൗണ്ടിൽ മൂന്നാംറൗണ്ട് വരെയെത്തിയാണ് ഖത്തർ പുറത്താകുന്നത്. ചെറിയ മാർജിനിലായിരുന്നു തോൽവി. സ്പെയിൻകാരനായ ഫെലിക് സാഞ്ചസ് ആണ് കോച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.