41 ലക്ഷം പേരുടെ കിരീടമോഹം മോഹമായിട്ടവശേഷിപ്പിച്ചുകൊണ്ട് യൂറോപ്പിലെ ഗ്രാൻഡ് നേഷൻ ഫ്രാൻസ് 20 വർഷത്തിനിടയിൽ രണ്ടാംതവണയും ഫിഫ ലോകകപ്പിൽ മുത്തമിട്ടു. നാടകീയമായ നിരവധി നിമിഷങ്ങൾ സമ്മാനിച്ച ഹൃദയത്തുടിപ്പിന് വേഗമേറ്റിയ ഈ മത്സരത്തിെൻറ തുടക്കം ക്രൊയേഷ്യക്കാരുടെ കടന്നുകയറ്റത്തോടെയായിരുന്നു. അതുവരെയുള്ള അവരുടെ കളിയുടെ രീതിതന്നെ മാറ്റിമറിച്ചുകൊണ്ടവർ ആദ്യ ആക്രമണങ്ങൾ ചിട്ടപ്പെടുത്തിയത് മൈതാന മധ്യത്തിൽനിന്നായിരുന്നു.
ആദ്യ മിനിറ്റിൽതന്നെ ആൻഡെ റെബിച് ഇവാൻ റാകിറ്റിച്ചിന് നൽകിയ ക്രോസ് ഫ്രഞ്ച് നായകൻ ഹ്യൂഗോ ലോറിസിനെ മറികടന്ന് വലയിൽ എത്തും മുമ്പ് നാടകീയമായി രക്ഷപ്പെടുത്തിയത് ഫ്രഞ്ചുകാർക്ക് ഗോളടിക്കാൻ നിയോഗിക്കപ്പെട്ട കെയ്ലാൻ എംബാപെയായിരുന്നു. ആദ്യ നിമിഷം മുതൽ ഫ്രഞ്ച് പ്രതിരോധ, മധ്യ നിരകളെ ആശങ്കപ്പെടുത്തി ലൂക മോഡ്രിച്ചും റെബിച്ചും റാകിറ്റിച്ചും പന്തുകൊണ്ടെത്തിച്ചിരുന്നപ്പോൾ മാരിയോ മൻസൂകിച്ചും പെരിസിച്ചും ഏതു നിമിഷവും ഗോൾ നേടുമെന്ന അവസ്ഥയും ഉണ്ടാക്കി. എന്നാൽ, ഇതൊന്നും കാര്യമല്ലെന്ന മട്ടിലുള്ള ബെഞ്ചമിൻ പവാർഡ്, റാഫേൽ വറാനെ, സാമുവൽ ഉംറ്റീറ്റി സഖ്യത്തിെൻറ ശാന്തതയും ഗതിവേഗം കുറച്ചുള്ള കളിനിയന്ത്രണവും ക്രോട്ടുകളുടെ താളലയമുള്ള കടന്നാക്രമണങ്ങളെ തടഞ്ഞിടുകയും ചെയ്തു. അതോടെ ആദ്യ 10 മിനിറ്റ് നേരം ഫ്രഞ്ചുകാർ കളി സെൻട്രൽ കോർട്ടിൽ തളച്ചിട്ടു. അതുവരെ ഒരു ടീമേ രംഗത്തുണ്ടായിരുന്നുള്ളൂ, ക്രൊയേഷ്യ.
ശാന്തമായ അഗ്നിപർവതത്തിെൻറ വിസ്ഫോടനം പോലായിരുന്നു പിന്നീടുള്ള ഫ്രഞ്ച് മുന്നേറ്റങ്ങൾ. ഗ്രീസ്മാനും മത്യൂഡിയും കാെൻറയും ഒത്തിണങ്ങിയപ്പോൾ ആദ്യമായി ക്രൊയേഷ്യൻ പ്രതിരോധനിര ശിഥിലമായി. വലതു വശത്തുകൂടി പറന്നുകയറി പന്തെത്തിച്ച് ഗോളവസരമുണ്ടാക്കാറുള്ള സിമെ വ്രസാൽസ്കോ ആദ്യമായി പിൻനിരയിൽ ഡാനിയേൽ സുബാസിച്ചിന് കൂട്ടായി നിലയുറപ്പിച്ചു. അത്രക്കും തീക്ഷ്ണമായിരുന്നു ഇടക്കിടക്കുള്ള പോഗ്ബയുടെയും എംബാപെയുടെയും മുന്നേറ്റങ്ങൾ.
എന്നാൽ, ക്രോട്ടുകളുടെ മുഖമുദ്രയായ പ്രത്യാക്രമണങ്ങൾ അവർ അതുപോലെ പ്രയോഗിച്ചപ്പോൾ വറാനെയും പവാർഡും ലോറിസിന് കാവലായി നിലയുറപ്പിച്ചു. ഈ നേരവും ക്രോട്ടുകളുടെ ഗോളായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പെരിസിച്ചിെൻറ അളന്നുമുറിച്ചുള്ള ക്രോസിനുവേണ്ടി ചാടിയ മൻസൂകിച്ചിെൻറ കാലിൽനിന്ന് പോഗ്ബ തട്ടിയെടുത്ത പന്ത് മത്യൂഡിയുടെ ത്രൂപാസ് സ്വീകരിച്ച് മുന്നേറിയ ഗ്രീസ്മാൻ പെനാൽറ്റി മേഖലക്ക് തൊട്ടുമുമ്പ് ലോവ്റനുമായി കൂട്ടിയിടിച്ച് നിലത്തുവീണു. ഒരു ഡൈവിെൻറ എല്ലാ ലക്ഷണവും ഉണ്ടായിരുന്ന ഗ്രീസ്മാെൻറ ആ വീഴ്ചയാണ് ഇന്നത്തെ കളിയാകെ മാറ്റിമറിച്ചത്. വാർ പരിശോധന കൂടാതെ അർജൻറീനക്കാരൻ റഫറി പിറ്റാന ഫൗൾ വിധിച്ചു.
സെറ്റ്പീസ് അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ വിരുതന്മാരായ ഫ്രഞ്ച് മധ്യ, ആക്രമണ നിരകൾ ക്രൊയേഷ്യൻ പിൻനിരയിൽ ഒത്തുകൂടിയപ്പോഴേക്കും ഗ്രീസ്മാൻ തന്നെ ആ കിക്കെടുത്തു. പന്ത് ഉയർന്ന് സുബാസിച്ചിനെ ലക്ഷ്യമാക്കി വളഞ്ഞുനീങ്ങിയപ്പോൾ ഗോളിനായി വറാനെയും തടുക്കാൻ മൻസൂകിച്ചും ഉയർന്നുചാടി. ഉയരംകൂടിയ ക്രൊയേഷ്യൻ താരത്തിെൻറ തലയിൽനിന്നത് ചെന്നുവീണത് സ്വന്തം വലയിലും. പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ചു വിജയം നേടാറുള്ള ക്രൊയേഷ്യക്കാർ സ്ഥിരം രീതിയിലേക്കുതന്നെ തിരിച്ചുപോയി. എല്ലാ മുന്നേറ്റങ്ങളും തന്ത്രജ്ഞനായ മോഡ്രിച്ചിെൻറ കാലിൽനിന്നുതന്നെ രൂപംകൊള്ളുകയും ചെയ്തു. 28ാം മിനിറ്റിൽ ഫൈനലിലെ ഏറ്റവും മനോഹര ഗോൾ പിറന്നു. കാെൻറ പെരിസിച്ചിനെ ഫൗൾ ചെയ്തതിനെ തുടർന്ന് കിട്ടിയ ഫ്രീകിക്കിൽനിന്ന് കിട്ടിയ പന്ത് കൗശലക്കാരനായ പെരിസിച് കാലുമാറ്റി അടിച്ചപ്പോൾ ഹൃദയത്തിൽ പതിഞ്ഞ ഒരു ഗോളായിട്ടത് മാറി.
ക്രൊയേഷ്യക്ക് പ്രാണവായു പകർന്നുകൊടുത്ത ഗോൾ നേടിയ പെരിസിച് തന്നെ 10 മിനിറ്റിനിടയിൽ വില്ലനായി. മത്യൂഡിയുടെ ഗോൾ ശ്രമം നിർഭാഗ്യവശാൽ പെരിസിച്ചിെൻറ കൈയിൽ തട്ടുകയായിരുന്നു. ദീർഘനേരത്തെ വാർ പരിശോധനക്കുശേഷം ഫ്രാൻസിന് അനുകൂലമായ പെനാൽറ്റി. ഗ്രീസ്മാൻ സുബാസിച്ചിന് ഒരവസരവും നൽകാതെ ഗോൾ നേടി വീണ്ടും ടീമിനെ മുന്നിലെത്തിച്ചു. അതോടെ ശിഥിലമായ ക്രോട്ടുകളുടെ പ്രതിരോധനിരയുടെ മറ്റൊരു പിഴവ് മുതലെടുത്ത് 59ാം മിനിറ്റിൽ പോഗ്ബ ലെസ് ബ്ലൂസിെൻറ മൂന്നാം ഗോളും നേടി. അപ്പോഴേക്കും ആത്മവിശ്വാസം കൈവിട്ട മട്ടിലായി ക്രൊയേഷ്യൻ പിൻനിര. ഈ അവസരം മുതലെടുത്ത് എംബാപെ പായിച്ച തകർപ്പൻ ഷോട്ട് വലയിൽ കയറിയപ്പോൾ പാരിസ് തെരുവുകളിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. ഉംറ്റീറ്റിയുടെ മൈനസ് പാസിൽ ലോറിസിെൻറ അബദ്ധം മൻസൂകിച്ചിന് തെൻറ പിഴവിന് പ്രായശ്ചിത്തം ചെയ്യാൻ അവസരമൊരുക്കി.
ആകർഷകമായി പന്തുകളിക്കുന്നതിലല്ല വിജയിക്കുന്നതിലാണ് എല്ലാമെല്ലാം എന്ന തന്ത്രമായിരുന്നു ഫ്രഞ്ചുകാർ പ്രായോഗികമാക്കിയത്. അതാകട്ടെ അത്യാകർഷകമായി കളിച്ച് ആരാധകരുടെ ഹൃദയത്തിലിടംകണ്ട ക്രൊയേഷ്യക്കാരുടെ ഹൃദയം തകർത്തുകൊണ്ടുള്ളതുമായി. ഫ്രഞ്ചുകാരുടെ വിജയരഹസ്യം ഒരു ടീമെന്ന നിലയിലുള്ള അവരുടെ ഒരുമയും ത്രീ മാസ്കറ്റിയേഴ്സിെൻറ മുദ്രാവാക്യമായ ‘ഒരാൾ എല്ലാവർക്കും, എല്ലാവരും ഒരാൾക്ക്’ എന്ന മട്ടിലുള്ള ഐക്യദാർഢ്യവും സാർവദേശീയ മത്സരങ്ങളിലെ പരിചയവും മിനിമം ഫുട്ബാളും മാക്സിമം വിജയവും എന്ന ദിദിയർ ദെഷാംപ്സിെൻറ തത്ത്വശാസ്ത്രവും തന്നെയാണ്. പിന്നെ ക്രൊയേഷ്യക്കാരുടെ പരിചയക്കുറവും. അവിചാരിതമായി അവരുടെ പ്രതിരോധനിരക്കു നിരന്തരം സംഭവിച്ച പിഴവുകളും തുരുതുരാ ലഭിച്ച കോർണറുകളും ഫ്രീകിക്കുകളും പ്രയോജനപ്പെടുത്താൻ അവർക്ക് കഴിയാതെപോയതുമാണ്. ഒപ്പം പ്രതിയോഗികളെ നിസ്സാരവത്കരിച്ചുകൊണ്ടുള്ള ആദ്യ പകുതിയിലെ അവരുടെ മുന്നേറ്റങ്ങളും.
കാൽപന്തുകളിയുടെ വിജയം നിർണയിക്കുന്നത് തന്ത്രങ്ങളുടെ അകമ്പടിയോടെ ഏറ്റവും സങ്കീർണമായ അവസരങ്ങളിൽ വിജയകരമായ വിനിയോഗം ആണെന്ന് ഫ്രഞ്ചുകാർ ഒരിക്കൽകൂടി കാണിച്ചുതന്നു. അതോടെ മാരിയോ സഗാലോക്കും ഫ്രാൻസ് ബക്കൻേബാവർക്കും ഒപ്പം കളിക്കാരനായും പരിശീലകനായും കപ്പുനേടിയ മൂന്നാമനായി ദെഷാംപ്സ്. അതുപോലെ ലോകകപ്പ് കലാശക്കളിയിൽ ഗോൾ നേടുന്ന രണ്ടാമത്തെ ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായി എംബാപെ. ഒന്നാമൻ ബ്രസീൽ ഇതിഹാസം പെലെ. മറ്റൊരു റെക്കോഡ് കൂടി ഫൈനലിേൻറതായിട്ടുണ്ട്. 1958ൽ സ്വീഡനിൽ നടന്ന ബ്രസീൽ-സ്വീഡൻ മത്സരത്തിലെ 5-3 കഴിഞ്ഞാൽ ഗോൾ സമ്പന്നമായ ഫൈനലായി ഇൗ 4-2 വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.