ഫൈനൽ ദിനമായ ഞായറാഴ്ച രാവിലെ ഒരു റഷ്യൻ വാഹനം സ്വന്തമായി ഓടിച്ചു. വേറൊന്നുമല്ല ഇവിടത്തെ വി.ഐ.പി വാഹനമായ സൈക്കിൾ. സൈക്കിൾ ഇവിടത്തെ പ്രധാന വാഹനമാണ്. എത്ര വലിയ സമ്പന്നനും സൈക്കിൾ സവാരി ഒരാനന്ദമാണ്. റഷ്യൻ സുഹൃത്ത് ഇവാെൻറ കൂടെ ഒരു സൈക്കിളുമായി കറങ്ങി. ഇവിടെ വന്നതു മുതൽ കാണുന്നതാണ് ആളുകളുടെ സൈക്കിളിലെ കറക്കം. കാൽ നടക്കാർക്കെന്ന പോലെ ഇവിടെ സൈക്കിൾ യാത്രികർക്കും പ്രത്യേക പാത തന്നെയുണ്ട്. വാടകക്ക് എടുക്കാവുന്നവ നഗരത്തിെൻറ എല്ലാ പ്രധാന ഭാഗങ്ങളിലുമുണ്ട്. എല്ലാം ഇലക്ട്രോണിക് ചിപ്പുമായി ബന്ധപ്പെടുത്തിയത്. മണിക്കൂറിന് 200 റൂബിളിൽ വ്യത്യസ്ത കമ്പനികളുടേതായി.
ഇവിടെ പ്രധാന സിറ്റികളിലെല്ലാം ഖത്തർ എന്നഴുതിയ ഒരു വലിയ ജാലകം കാണാം. അറബിക് ലിപിയുടെ രൂപത്തിൽ ഖത്തർ ലോകകപ്പ് 2022 എന്നെഴുതിയിട്ടുണ്ട്. ഖത്തറിലെ പ്രധാന തെരുവുകളിൽ നിന്നും എയർപോർട്ടിൽ നിന്നുമെല്ലാം ആളുകൾ കൈ വീശിക്കാണിക്കുന്നത് കാണാം. രണ്ടു രാജ്യങ്ങൾക്കിടയിൽ നിന്നുമുള്ള ആളുകൾക്ക് ആശയ വിതരണത്തിനു വേണ്ടി ഒരുക്കിയ ലൈവ് വിഡിയോ സംവിധാനമാണിത്. ആളുകൾക്ക് അടുത്ത ലോകകപ്പ് രാജ്യത്തേക്കുള്ള ഒരെത്തിനോട്ടം. പലരും ആഹ്ലാദത്തോടെ സ്ക്രീനിനടുത്തു വന്ന് ആശ്ലേഷണം വരെ നടത്തിക്കളയുന്നുണ്ട്.
കൃത്യവും കണിശവുമായ സംഘാടനത്തിെൻറ മികവാർന്ന മറ്റൊരു ലോകോത്തര മാതൃക ഇനി റഷ്യക്ക് സ്വന്തം. കളികഴിഞ്ഞ് പുറത്തിറങ്ങിയ രണ്ടു കൊളംബിയൻ ആരാധകർ റഷ്യക്ക് നന്ദിയും ഖത്തറിൽ കാണാമെന്നും മുദ്രാവാക്യവും വിളിക്കുന്നത് കാണാമായിരുന്നു. ഒരു മാസത്തിലധികമായുള്ള റഷ്യൻ ജീവിതത്തിന് തിരശ്ശീല വീഴുന്നു. ഓർമകളിൽ റഷ്യൻ ആതിഥേയത്വത്തിെൻറ മൊത്തം കുത്തക ഏറ്റെടുത്ത സക്കറിയയുടെയും ജുഫിയുടെയും കുടുംബാംഗങ്ങൾ, തിരക്കിനിടയിലും ഒരു നേരമെങ്കിലും ദിവസം ഫോണിൽ ബന്ധപ്പെടാറുള്ള ഡോ. നൗഷാദ്, ഡോ. മുഹമ്മദലി, ദർബാർ ഹോട്ടലും രാജുവേട്ടനും, അവസാന ദിനങ്ങളിൽ പീറ്റേഴ്സ്ബർഗിലെ ദിനരാത്രങ്ങൾ വർണാഭമാക്കിയ ഡോ. പ്രതാപും സുഹൃത്തുക്കളും, തുടങ്ങി നന്മയുടെ പര്യായമായി കൂടെ നിന്ന എല്ലാ സുമനസ്സുകളും ഇനി ഓർമിക്കപ്പെടുന്നത് ഈ ലോക കാൽപന്തുകളി ഉത്സവമാക്കിയ രാജ്യക്കാർ എന്ന നിലയിലായിരിക്കും.
നാട്ടിൽനിന്ന് വിമാനം കയറുമ്പോൾ മനസ്സിലുണ്ടായിരുന്ന റഷ്യയല്ല, അടിസ്ഥാന സൗകര്യങ്ങൾ പൂർണതോതിൽ സുസജ്ജമായ, വിവര സാങ്കേതിക വിദ്യയുടെ എല്ലാ മേഖലയിലും വൻ കുതിച്ചുചാട്ടം നടത്തിയ, പ്രായമായ ആളുകൾക്ക് മാന്യമായ പെൻഷൻ നൽകുന്ന റഷ്യ. ചിരിക്കാൻ മാത്രമറിയുന്ന, സഹായം ആവശ്യപ്പെട്ടാൽ ഒരു മടിയുമില്ലാതെ അറിയുന്ന കാര്യങ്ങൾ ചെയ്ത തരുന്നവർ, ഇന്ത്യക്കാരെ വല്ലാതെ ഇഷ്ടപ്പെടുന്നവർ, ഇങ്ങനെ ഒരുപാട് കാര്യങ്ങൾ മനസ്സിലൂടെ കടന്നുപോകുന്നുണ്ട്. ഈ ജനലക്ഷങ്ങളുടെ ഒഴുക്കിനിടയിലും ഒരു തരത്തിലുള്ള മാലിന്യങ്ങളോ മറ്റ് അസ്വാരസ്യങ്ങളോ എവിടെയുമില്ല. ഇവിടത്തെ അധിക ഡിപ്പാർട്മെൻറ്കളിലും ലോക്കൽ ഓർഗനൈസിങ് കമ്മിറ്റികളിലും സ്ത്രീകളാണ് കൂടുതലായി ജോലിചെയ്യുന്നത്. മേധാവികളും സ്ത്രീകൾ തന്നെ.
വോൾഗയുടെ മണ്ണിലെ വിശേഷങ്ങൾ തീരുന്നില്ല. എങ്കിലും സ്നേഹത്തോടെ വിട ചൊല്ലുന്നു, ‘പൊക്ക പൊക്ക റൂസ്സിയ്യ, ഉവിദ്യം സ്വി ഖാത്തരി’, വിട വിട റഷ്യ, ഇനി ഖത്തറിൽ കാണാം എന്ന ഉറപ്പിൽ ഈ ഭൂമികയിൽനിന്ന് ആഗോള സൗഹൃദം വിട വാങ്ങുന്നു. സ്പസിബ ബോൾ ഷോയ് റസ്സിയ, താങ്ക് യൂ വെരി മച്ച് റഷ്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.