ബ്രസീൽ താരങ്ങൾ കോസ്റ്റാറിക്കയ്ക്കെതിരായ കളി ജയിച്ചതിൻ്റെ ആഹ്ലാദത്തിലായിരുന്നു. പക്ഷേ അവരുടെ പത്താം നമ്പറുകാരൻ ഗ്രൗണ്ടിൽ മുഖംപൊത്തി വിതുമ്പുകയായിരുന്നു.അയാളുടെ ഗോളാണ് ബ്രസീലിൻ്റെ വിജയമാർജിൻ 2-0 എന്ന നിലയിലേക്ക് ഉയർത്തിയത്.ആനന്ദക്കണ്ണീരാകാം.സമ്മർദ്ദമൊഴിഞ്ഞതിൻെറ ആശ്വാസമാകാം.പക്ഷേ പുറത്ത് ട്രോളുകൾ പൊടിപൊടിക്കുകയായിരുന്നു. ''ഇൗ നെയ്മർ എത്ര മികച്ച അഭിനേതാവാണ്.കളി നിർത്തി സിനിമയിൽ അവസരം തേടിയാൽ അയാൾക്ക് ഒാസ്കാർ ലഭിക്കും....! ''
കളി തീരാൻ നിസ്സാരമായ സമയം മാത്രം ബാക്കിയുള്ളപ്പോൾ ഒരു വരംപോലെ ബ്രസീലിന് പെനൽറ്റി ലഭിച്ചിരുന്നു. പ്രഥമദൃഷ്ട്യാ നെയ്മർ ഫൗൾചെയ്യപ്പെട്ടു എന്നു തന്നെയാണ് തോന്നിയത്. കിക്കിനുവേണ്ടി നെയ്മർ പന്തെടുത്തതുമാണ്. പക്ഷേ അപ്പോഴേക്കും റഫറി വീഡിയോ റീപ്ലേകളുടെ സഹായം തേടി. ഇതോടെ പെനൽറ്റി പിൻവലിക്കപ്പെട്ടു. നെയ്മർ നിരാശയോടെ ചിരിച്ചു. അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. സ്വിറ്റ്സ്വർലൻ്റിനെതിരായ മത്സരത്തിലെ നെയ്മറുടെ വീഴ്ച്ചകളും പരിഹസിക്കപ്പെട്ടിരുന്നു.
ബ്രസീലിനുവേണ്ടി 87 മത്സരങ്ങളാണ് നെയ്മർ കളിച്ചിട്ടുള്ളത്. 56 ഗോളുകളും നേടി. ഇനി മുന്നിലുള്ളത് സാക്ഷാൽ പെലെയും റൊണാൾഡോ എന്ന ഗോളടിയന്ത്രവും മാത്രം. നെയ്മറിൻ്റെ പ്രായം കേവലം 26 വയസ്സാണ്. ഈ നിലക്ക് പോയാൽ കരിയർ അവസാനിപ്പിക്കുമ്പോഴേക്കും അയാൾ കൈവരിക്കാൻ പോകുന്ന നേട്ടങ്ങളെക്കുറിച്ച് ആലോചിച്ചുനോക്കൂ !
ഒാൾ ടൈം ഗ്രേറ്റ് എന്ന വിശേഷണത്തിന് ഈ ഇളംപ്രായത്തിൽത്തന്നെ നെയ്മർ അവകാശവാദമുന്നയിച്ചുകഴിഞ്ഞു. ക്ലബ്ബിനു വേണ്ടി മാത്രം നന്നായി കളിക്കുന്ന താരങ്ങൾ ആധുനിക ഫുട്ബോളിലെ പതിവുകാഴ്ച്ചയാണ്. പക്ഷേ നെയ്മർ തൻെറ മികച്ച പ്രകടനങ്ങൾ രാജ്യത്തിനുവേണ്ടി കരുതിവെക്കുന്നു. അതാണ് വ്യത്യാസം !
ഈ മഹാപ്രതിഭയെ പരിഹസിക്കാൻ ഒരു പഴുതും കിട്ടില്ല എന്നതാണ് വാസ്തവം. അപ്പോഴാണ് ഒരു അനുഗ്രഹം പോലെ അതിഭാവുകത്വം നിറഞ്ഞ വീഴ്ച്ചകൾ വരുന്നത്. ട്രോളൻമാരും നെയ്മർ വിരോധികളും അത് ശരിക്കും മുതലെടുത്തു. അടിക്കാൻ വടി കൊടുത്തത് നെയ്മർ തന്നെയാണ്.പക്ഷേ ചിന്തിക്കൂ...ഗ്രൗണ്ടിൽ അഭിനയിച്ചിട്ടുള്ളത് നെയ്മർ മാത്രമാണോ?
'ദൈവത്തിൻെറ കൈ' എന്ന പേരിൽ വിഖ്യാതമായ മാറഡോണയുടെ ഗോളിൻെറ വീഡിയോ കണ്ടുനോക്കൂ.പന്ത് കൈകൊണ്ട് പോസ്റ്റിലേക്ക് തട്ടിയിട്ടതിനുശേഷം ഒരു തെറ്റുകാരനെപ്പോലെ മാറഡോണ മുഖം കുനിച്ചില്ല. അയാൾ ഒരു ജേതാവിനെപ്പോലെ ആഘോഷിക്കുകയാണ് ചെയ്തത്. ഇതിഹാസങ്ങൾ എന്ന് നാം വിശേഷിപ്പിക്കുന്ന മിക്ക താരങ്ങളും ഇൗ കലാപരിപാടി എപ്പോഴെങ്കിലും അവതരിപ്പിച്ചിട്ടുണ്ടാവും. സംശയമുള്ളവർക്കും മറവി ബാധിച്ചവർക്കും യൂട്യൂബ് സഹായത്തിനുണ്ട്. എന്തിന്, ഈ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോലും അനാവശ്യമായി ഡൈവ് ചെയ്തിരുന്നു. ദേഹത്ത് ചെറുതായി സ്പർശിക്കുമ്പോഴേക്കും ഡൈവ് ചെയ്യുന്നത് ഫുട്ബോളർമാരുടെ ഇൻസ്റ്റിങ്റ്റിൻെറ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു എന്നാണ് വിദഗ്ദർ പറയുന്നത്.
നമ്മൾ ആരാധിക്കുന്ന താരങ്ങൾ ചെയ്തതൊക്കെത്തന്നെയേ നെയ്മറും പ്രവർത്തിക്കുന്നുള്ളൂ. ഒരുപക്ഷേ അതിൻെറ അളവ് കുറച്ച് കൂടുതലാകാം എന്ന് മാത്രം. ഈയൊരു പോരായ്മ കൂടി പരിഹരിച്ച് നെയ്മർ ഇറങ്ങുന്നത് കാണാനാണ് ഞാൻ കാത്തിരിക്കുന്നത്. ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരുടെയും ആഗ്രഹം അതുതന്നെയാണെന്ന് തോന്നുന്നു. പിന്നെ അയാളെ കുറ്റം പറയാൻ ഒരാൾക്കും സാധിക്കില്ല.
ഫുട്ബോൾ ഒരു സംഘവിനോദമാണെങ്കിലും കാണികളെ സ്റ്റേഡിയത്തിലെത്തിക്കാനും ടെലിവിഷൻ റേറ്റിങ്ങ് കൂട്ടാനും സൂപ്പർതാരങ്ങൾ വേണം. ഈജിപ്തിൻെറ ആദ്യ കളിയിൽ മുഹമ്മദ് സലാഹ് കളിക്കുമെന്ന് പരിശീലകന് കള്ളം പറയേണ്ടിവന്നത് അതുകൊണ്ടാണ്. ക്രിസ്റ്റ്യാനോ,നെയ്മർ,മെസ്സി എന്നിവരാണ് ഈ ലോകകപ്പിൻ്റെ ആകർഷണകേന്ദ്രങ്ങൾ എന്ന കാര്യം ആർക്കും നിഷേധിക്കാനാവില്ല. ലോകത്തിലെ മികച്ച മൂന്നു ഫുട്ബോളർമാരിൽ ഒരാളാണ് നെയ്മർ എന്ന സത്യം ട്രോളുകൾക്കിടയിൽ മുങ്ങിപ്പോയാൽ അത് അനീതിയാവും.
കുടുംബാംഗങ്ങളുടെ മുഖങ്ങൾ വരച്ച സ്വർണ്ണനിറമുള്ള ബാഗുമായി നെയ്മർ സോച്ചിയിൽ വിമാനമിറങ്ങിയത് മുതൽ ലോകം അയാളെ പ്രതീക്ഷയോടെ വീക്ഷിച്ചിരുന്നു. സന്നാഹമത്സരങ്ങളിലെ മികവ് വിശ്വവേദിയിലേക്ക് അയാൾ പറിച്ചുനടണമെന്ന് മോഹിച്ചിരുന്നു.സ്വിറ്റ്സർലൻ്റിനെതിരെ പതിമൂന്നാം മിനുട്ടിൽ നെയ്മർ കാലിൽ മുറുകെപ്പിടിച്ച് അലറിയപ്പോൾ നാം നെഞ്ചിൽ കൈവെച്ചിരുന്നു. ആങ്കിൾ ഇഞ്ച്വറി മൂലം നെയ്മർ മുടന്തിയപ്പോഴും പരിശീലനം അവസാനിപ്പിച്ചപ്പോഴും നാം ആശങ്കപ്പെട്ടിരുന്നു. അയാൾ നന്നായി കളിക്കേണ്ടത് ഈ ലോകകപ്പിൻെറ കൂടി ആവശ്യമാണ്. കണ്ണിനു വിരുന്നാവുന്ന ഒട്ടേറെ കാഴ്ച്ചകൾ അപ്പോഴുണ്ടാവും.
സ്വിറ്റ്സർലൻറിനെതിരെ നെയ്മർ ആവശ്യത്തിനും അനാവശ്യത്തിനും വീണതുകൊണ്ട് ശ്രദ്ധയിൽപ്പെടാതെ പോയ ചില കാര്യങ്ങളുണ്ട്. ചില ഫൗളുകൾ വളരെ ഗുരുതരമായിരുന്നു. നെയ്മറെ കഴുത്തിനു പിടിച്ച് വീഴ്ത്തുന്നതും കാലിൽ ശക്തിയായി ചവിട്ടുന്നതും ജഴ്സിയിൽപിടിച്ച് നിർത്തുന്നതുമെല്ലാം കണ്ടിരുന്നു. സ്റ്റീഫൻ,ഫാബിയൻ,ബെറാമി തുടങ്ങിയ സ്വിസ് താരങ്ങൾക്ക് മഞ്ഞക്കാർഡ് കിട്ടിയത് വെറുതെയായിരുന്നില്ല. ഈ പരുക്കൻ ഗെയിം നെയ്മറെ എതിരാളികൾ എത്രത്തോളം ഭയക്കുന്നു എന്നതിന് തെളിവാണ്. കോസ്റ്റാറിക്കക്കെതിരെ നാലുതവണ ഫൗൾ ചെയ്യപ്പെട്ടു.
ഷോട്ടുകൾ മിക്കതും പാളിപ്പോയെങ്കിലും നെയ്മർ കോസ്റ്റാറിക്കയ്ക്കെതിരെ തൻെറ അത്ഭുത സിദ്ധികൾ പ്രദർശനത്തിനുവെച്ചിരുന്നു. കോർണർഫ്ലാഗിനടുത്ത് വെച്ച് പുറത്തെടുത്ത റെയിൻബോ ഫ്ലിക് മനസ്സിൽ നിന്ന് മായുന്നില്ല. കൂടാതെ നല്ല ഡ്രിബ്ലിങ്ങ് സ്കിൽസും. ഇതെല്ലാം ഒരു സൂചനയാണെങ്കിൽ ഈ ലോകകപ്പിലെ നല്ല നാളുകൾ വരാനിരിക്കുന്നതേയുള്ളൂ ! പന്ത് ദേഷ്യത്തോടെ നിലത്തെറിഞ്ഞ് മഞ്ഞക്കാർഡ് വാങ്ങിയതുപോലുള്ള നീക്കങ്ങളിൽ നിന്ന് അയാൾ അകന്നുനിൽക്കുമെന്ന് പ്രതീക്ഷിക്കാം. ആ കാലുകൾ ആരോഗ്യത്തോടെയിരിക്കട്ടെ !
ബ്രസീലുകാർക്ക് ഫുട്ബോളെന്നാൽ എല്ലാമാണ്. അവിടത്തെ ഒാരോ കുട്ടിക്കും പ്രസവമുറിയിൽ നിന്ന് ആരംഭിക്കുന്നതാണ് ഫുട്ബോളിനോടുള്ള ബന്ധം. കാലാകാലങ്ങളായി അവർ ലോകത്തെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിന് മോടികൂട്ടാൻ നെയ്മർമാർ അവതരിച്ചേ മതിയാകൂ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.