ആലുവ: സർക്കസിൽനിന്ന് രക്ഷപ്പെട്ട് ജനസേവ ശിശുഭവനിലെത്തുകയും എറണാകുളം ജില്ല ഫുട്ബാൾ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയരുകയും ചെയ്ത ഗായത്രി സുമംഗലിയാകുന്നു. തെരുവുസർക്കസ് സംഘത്തിൽനിന്ന് ജനസേവ ശിശുഭവനിലെത്തിയ ഗായത്രിക്കാണ് മംഗല്യം. കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിൽ കരുവാരപ്പറ്റ വീട്ടിൽ കുമാരൻ നായരുടെയും സുമതിയുടെയും മൂത്തമകൻ ഷിബുവാണ് വരൻ. 26ന് കോഴിക്കോട് മാക്കൂട്ടം എ.എം യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 11നും 12നും ഇടയിലാണ് വിവാഹം. 2010ൽ ആലപ്പുഴയിൽ തെരുവുസർക്കസ് നടത്തുന്നതിനിടെയാണ് രക്ഷപ്പെട്ട് ഗായത്രി ജനസേവയിലെത്തിയത്. മൈസൂരു സ്വദേശിനിയായ ഗായത്രിയുടെ പിതാവ് വർഷങ്ങൾക്കുമുമ്പ് മരണപ്പെട്ടു. രണ്ടാനച്ഛനാണ് സർക്കസ് സംഘത്തിൽ എത്തിച്ചത്. മർദിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഗായത്രിയെ സർക്കസ് അഭ്യാസത്തിന് ഉപയോഗിച്ചിരുന്നത്. സ്കൂളിൽ പോകാൻ അനുവദിച്ചില്ല. രാത്രി രക്ഷിതാക്കൾ ഉറങ്ങിയപ്പോൾ ഗായത്രി സർക്കസ് സംഘത്തിൽപെട്ട രണ്ട് കൂട്ടുകാരോടൊപ്പം ട്രെയിനിൽ ആലുവയിലെത്തി.ഓട്ടോ ഡ്രൈവർമാർ ജനസേവയിൽ എത്തിക്കുകയായിരുന്നു. ജനസേവ സ്പോർട്സ് അക്കാദമിയിലൂടെയാണ് കായികരംഗത്ത് പ്രവേശിക്കുന്നത്.ജില്ല ഫുട്ബാൾ ക്യാപ്റ്റനാണ്. മാത്രമല്ല, ജൂഡോ, ബാസ്കറ്റ്ബാൾ എന്നിവയിലും ഗായത്രി മികവ് പുലർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.