ദോഹ: സ്വർണത്തിൽ കുറഞ്ഞതൊന്നും അയാളെ തൃപ്തനാക്കുമായിരുന്നില്ല; കാണികളെയും. പരിക്കുകളുടെ തിരമാലകളെ പിടിച്ചുനിർത്തി ഉയരത്തിലേക്ക് മെയ്യും മനസ്സും പാകപ്പെടുത്തിയത് ഇൗയൊരു ദിനത്തിലേക്കായിരുന്നു. ഇടതു കാലിൽ കുതിച്ചുയർന്ന് ജംപിങ് ബാറിനു മുകളിൽ വായുവിൽ ശരീരം വില്ലുപോലെ അയാൾ വളച്ചുവെച്ചു, വിഖ്യാത അമേരിക്കൻ ഹൈജംപർ ഡിക്ക് ഫോസ്ബെറിയുടെ ‘ഫോസ്ബെറി േഫ്ലാപ്’ ശൈലിയിൽ. 2.37 മീറ്റർ മറികടന്ന് വായു വിട്ട് ഭൂമിയിൽ മെയ്യ് തൊട്ടപ്പോൾ വീണ്ടും അയാൾ ഉയരത്തിെൻറ വിശ്വചാമ്പ്യനിലേക്ക് പിറവിയെടുത്തു. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിെൻറ മുഅ്തസ് ഇൗസ ബർഷിം ഹൈജംപിൽ വീണ്ടും ആഗോള ചക്രവർത്തിയായി. വെള്ളിയാഴ്ച രാത്രി ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിെൻറ വാതിലുകൾ തുറന്നപ്പോൾതന്നെ ഇരച്ചുകയറിയ 40,000 വരുന്ന കാണികളുടെ ഇരമ്പങ്ങളുടെ അകമ്പടിയോടെയാണ് ബർഷിം ഫൈനൽ പോരാട്ടത്തിനിറങ്ങിയത്.
2.19 മുതൽ 2.30 വരെയുള്ള ഉയരങ്ങൾ ആദ്യ ശ്രമത്തിൽതന്നെ മറികടന്നു. 2.33 മീറ്ററിൽ അടുത്ത രണ്ടു ശ്രമങ്ങളും പരാജയം. ഒന്നുകൂടി പിഴവ് ആവർത്തിച്ചാൽ പുറത്താവുമെന്ന അവസ്ഥ. ഗാലറികൾ മൂകമായി. പക്ഷേ, ആറടി നാലിഞ്ച് പൊക്കമുള്ള അയാളുടെ മുഖത്തു മാത്രം നിശ്ചയദാർഢ്യം കാണാമായിരുന്നു. അത്യാധുനിക കാമറകൾ അയാളുടെ ആത്മവിശ്വാസത്തിെൻറ ചലനങ്ങൾ ലോകത്തെ കാണിച്ചു. കാണികളോട് കൈയടിക്കാൻ ആംഗ്യം കാട്ടി. പതിനായിരങ്ങളുടെ ൈകയടിയിൽ ബർഷിമിെൻറ 70 കിലോ ഭാരമുള്ള ശരീരം 2.35 മീറ്ററും 2.37 മീറ്ററും ഉയരത്തിലുള്ള ബാറിെൻറ മുകളിലൂടെ വളഞ്ഞു മനോഹരചിത്രം വരച്ച് സ്വർണം ഉറപ്പിക്കുകയായിരുന്നു. ആദ്യറൗണ്ട് മുതൽ റഷ്യക്കാരായ ന്യൂട്രൽ അത്ലറ്റുകളായ അക്മൻകോയിൽനിന്നും ഇവാൻയുകിൽനിന്നും കനത്ത വെല്ലുവിളിയാണ് നേരിട്ടത്. എന്നാൽ, 2.37 മീറ്ററെന്ന ജേതാവിെൻറ ഉയരം തൊടാൻ പിന്നീടിവർക്കായില്ല. 2.35 മീറ്റർ കടന്ന അക്മൻ കോ വെള്ളിയും ഇവാൻ യുക് വെങ്കലവും നേടി.
ലണ്ടനിൽ 2017 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 2.35 മീറ്റർ ചാടി സ്വന്തമാക്കിയ സ്വർണം സ്വന്തം നാട്ടിലും ബർഷിം നിലനിർത്തുകയായിരുന്നു. 2017ലെ ലോകത്തെ മികച്ച അത്ലറ്റായി ബർഷിമിനെ രാജ്യാന്തര അത്ലറ്റിക് ഫെഡറേഷൻ തെരഞ്ഞെടുത്തിരുന്നു. പുരുഷ വിഭാഗത്തിൽ ലോക അത്ലറ്റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹൈജംപ് താരവും മിഡിലീസ്റ്റിൽനിന്നുള്ള ആദ്യ താരവും ബർഷിംതന്നെയാണ്. പിന്നീട് പരിക്കുമൂലം ദീർഘകാലം വിട്ടുനിൽക്കേണ്ടിവന്നു. എന്നും വിട്ടുമാറാതെ കൂടെയുണ്ടായിരുന്ന പുറംേവദനയെ പടിക്കു പുറത്തുനിർത്തിയാണ് ബർഷിം വീണ്ടും ലോക ചാമ്പ്യനാകുന്നത്. അതും ഹൈജംപിെൻറ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഉയരവും താണ്ടി. ക്യൂബയുടെ യാവിയർ സോട്ടോമേയറുടെ 2.45 മീറ്ററാണ് നിലവിലെ ലോക റെക്കോഡ്.
ലോകമീറ്റുകളുടെ ചരിത്രത്തിൽ ഖത്തറിെൻറ ഒമ്പതാമത് മെഡൽകൂടിയാണ് ബർഷിം ചേർത്തത്. ദോഹ മീറ്റിൽ നേരത്തേ അബ്ദുറഹ്മാൻ സാംബ 400 മീറ്റർ ഹർഡ്ൽസിൽ വെങ്കലം നേടിയിരുന്നു.
ആസ്പെയറിൽനിന്ന്
വിശ്വ ചാമ്പ്യനിലേക്ക്
ദോഹയിൽ ഒരു സുഡാനി കുടുംബത്തിൽ 1991 ജൂൺ 24നാണ് ബർഷിം ജനിക്കുന്നത്. നല്ലൊരു അത്ലറ്റായ പിതാവുതന്നെയായിരുന്നു പ്രചോദനം. ദോഹയിലെ പ്രാദേശിക ക്ലബിൽ പരിശീലകനായിരുന്ന പിതാവിെൻറ ൈകപിടിച്ച് കുട്ടിക്കാലത്ത് പരിശീലനത്തിന് പോകുമായിരുന്നു. ഒാട്ടത്തിലും ലോങ്ജംപിലുമായിരുന്നു ആദ്യം പ്രിയം. ഹൈജംപ് കൂടുതൽ രസകരമായി തോന്നിയതിനാൽ 15ാം വയസ്സിൽ ഉയരങ്ങളിലേക്ക് കണ്ണയക്കാൻ തുടങ്ങി. ഖത്തറിെൻറ ദേശീയ കായിക പരിശീലനകേന്ദ്രമായ ആസ്പെയർ സോണിൽ ചേർന്നതോടെയാണ് വിശ്വ ചാമ്പ്യനിലേക്കുള്ള വിജയകഥ തുടങ്ങുന്നത്. അന്താരാഷ്ട്രതലത്തിലെ ആദ്യനേട്ടം 2010ലെ ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ സ്വർണമെഡലാണ്. 2.43 മീറ്റർ ചാടി നിലവിലെ ഏഷ്യൻ റെക്കോഡിെൻറ ഉടമയാണ്. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടി. അടുത്ത റിയോ ഒളിമ്പിക്സിൽ 2.36 മീറ്റർ ചാടി ഖത്തറിെൻറ ആദ്യ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവായി. 2011ലെ ഏഷ്യൻ അത്ലറ്റിക്സിലും 2011ലെ മിലിട്ടറി ലോക ഗെയിംസിലും സ്വർണം കൊയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.