??????????? ??????????????? ????? ??????? ????????????????? ?????? ????????????????????? ??????????

മു​ബൈ എ​ഫ്.​സി​യോട്​ 93ാം മിനിറ്റിൽ സമനില വഴങ്ങി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ (1-1)

കൊച്ചി: ലോങ് വിസിലിന് രണ്ടു മിനിറ്റ് മാത്രം ബാക്കിനിൽക്കെ ബോക്സിന് 38 വാര അകലെനിന്ന്​ പ്രഞ്ജൽ ഭൂമിജ് തൊടുത്തുവിട്ട വെടിയുണ്ടയിൽ മഞ്ഞപ്പടയും ഗാലറിയും നിശ്ശബ്​ദമായി. െഎ.എസ്.എൽ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിൽ കേരള ബ്ലാസ്​റ്റേഴ്സ് ഉറപ്പിച്ച ജയവും കൊത്തിയെടുത്ത്​ മുംബൈ പറന്നകന്നു. പ്രളയത്തെ അതിജയിച്ചും ചുഴലി മുന്നറിയിപ്പിനെ അവഗണിച്ചും കൊച്ചി കലൂർ സ്​റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ കാണികൾ കളിയുടെ 90 മിനിറ്റും വാദ്യമേളങ്ങളോടെ ആഘോഷിച്ചെങ്കിലും ഇഞ്ചുറി സമയം വേദനയുടെ നേരമായി. 24ാം മിനിറ്റിൽ പിറന്ന ഹാളിചരൺ നർസാരിയുടെ ഗോളിലൂടെ ലീഡ്ചെയ്ത ബ്ലാസ്​റ്റേഴ്സ് വലയിലേക്ക്, 93ാം മിനിറ്റിൽ ഭൂമിജി​​​െൻറ ഗോളിലൂടെ മുംബൈയുടെ സമനില. ഇരുടീമുകൾക്കായി അസമിൽനിന്നുള്ള താരങ്ങളാണ് വലകുലുക്കിയത്. ആദ്യപകുതിയിൽ നിറഞ്ഞുകളിച്ച ബ്ലാസ്​റ്റേഴ്സ് രണ്ടാംപകുതിയിൽ ഒാടിത്തളർന്ന് പ്രതിരോധത്തിലേക്ക് വലിഞ്ഞതുതന്നെ വിജയം തട്ടിത്തെറിപ്പിക്കാൻ കാരണമായി.


ബ്ലാസ്​റ്റേഴ്സ്, മെയ്ഡ് ഇൻ ഇന്ത്യ
കൊൽക്കത്തയിൽ വിജയംകണ്ട ലൈനപ്പിൽ വിശ്വാസം ആവർത്തിച്ചായിരുന്നു ഡേവിഡ് ജെയിംസ് മഞ്ഞപ്പടയെ കൊച്ചിയിലും ഇറക്കിയത്. നാലു വിദേശികളും ഏഴ് ഇന്ത്യക്കാരും. അവരിൽ ഏക മലയാളിയായി സഹൽ അബ്​ദുൽ സമദ് മാത്രം. ആദ്യ അങ്കത്തിലെ ഗോൾവേട്ടക്കാരായ മറ്റ്യാ പൊപ്ലാറ്റ്നികും സ്ലാവിസ സ്​റ്റൊയാനോവിചും നയിച്ച മുൻനിരയും മുഹമ്മദ് റാകിപ്​​, സന്ദേശ് ജിങ്കാൻ, നെമാന്യ പെസിച്, ലാൽറുവാതാര എന്നിവരുടെ പ്രതിരോധവുമായി മഞ്ഞപ്പട 4-2-3-1 ഫോർമേഷനിൽ കളി തുടങ്ങി.സ്വന്തംമൈതാനത്ത് ജാംഷഡ്പൂരിനോട് തോറ്റ മുംബൈ പരീക്ഷണങ്ങൾ ആവർത്തിച്ചു. നാലു മാറ്റങ്ങളാണ് കോച്ച് ജോർജ് കോസ്​റ്റ വരുത്തിയത്. മധ്യനിരതാരങ്ങളായ റൈനർ ഫെർണാണ്ടസ്, സ്​നേഹജ് സിങ്, കോംഗോ താരം എൻകുഫോ അർനോൾഡ്, സൗവിക് ഘോഷ് എന്നിവർ െപ്ലയിങ് ഇലവനിൽ ഇടംപിടിച്ചപ്പോൾ മുഹമ്മദ് റഫീഖും ഡിഫൻഡർ മാർകോ ക്ലിസുരയും ബെഞ്ചിലായി.

ബ്ലാസ്റ്റേഴ്സി​​െൻറ ഒന്നാം പകുതി
എതിരാളിയെ അറിഞ്ഞുള്ള ഗെയിം പ്ലാനായിരുന്നു ഡേവിഡ് ജെയിംസി​​​​െൻറത്​. ജാംഷഡ്പൂരിനെതിരെ തോറ്റെങ്കിലും രണ്ട് ഒാഫ്സൈഡ് ഗോളുകൾ അടിച്ചിരുന്ന മുംബൈ മുന്നേറ്റത്തെ പിടിച്ചുനിർത്താൻ ബോക്സിനു മുന്നിൽ ജിങ്കാനെയും പെസിചിനെയും കുറ്റിയടിച്ചുനിർത്തി. വിങ്ങുകളിൽ റാകിപും ലാൽറുവാതാരയും ചേർന്ന് പന്തി​​െൻറ ഒഴുക്കിന് തുടക്കമിട്ട​േപ്പാൾ ഹാളിചരൺ നർസാരിയും സിമൻലെൻ ഡുംഗലും ‘ബാൾക്കൻ’ എൻജിനിലേക്കുള്ള സൈപ്ല ഇടമുറിയാതെ നിലനിർത്തി. നാലാം മിനിറ്റിൽ തന്നെ മഞ്ഞപ്പട പ്രതീക്ഷക്കുള്ള വകനൽകി. റാകിപും നർസാരിയും നടത്തിയ നീക്കം ഡംഗൽ പോസ്​റ്റിലേക്ക് തിരിച്ചുവി​െട്ടങ്കിലും അമരീന്ദർ രക്ഷകനായി. ആദ്യ 20 മിനിറ്റിനുള്ളിൽ സമാനമായ നാല് ആക്രമണമെങ്കിലും ബ്ലാസ്​റ്റേഴ്സ് നടത്തി. ഇതിനിടെയായിരുന്നു 24ാം മിനിറ്റിലെ ഗോൾ പിറവി. നർസാരിയും ഡംഗലും നടത്തിയ മുന്നേറ്റങ്ങൾക്ക് ഫലംപിറന്ന നിമിഷം.
ആദ്യ ഗോളിനു പിന്നാലെയും കളംഭരിച്ചത് ബ്ലാസ്​റ്റേഴ്സ് തന്നെ. ഇതിനിടെ, ഒറ്റപ്പെട്ട ചില നീക്കങ്ങളിലൂടെ മുംബൈയുടെ സെനഗൽ സ്ട്രൈക്കർ മുഡോ സൗഗുവും റൈനർ ഫെർണാണ്ടസും ചേർന്ന് നിർണായക മുന്നേറ്റങ്ങൾ നടത്തി. പക്ഷേ, കേരള പ്രതിരോധത്തിൽ തട്ടിമടങ്ങാനായിരുന്നു വിധി. മതിൽ പിളർന്നുപറക്കുന്ന പന്തുകളെ ധീരജ് സിങ് മനോഹരമായി കൈപ്പിടിയിലൊതുക്കി. 17ാം മിനിറ്റിൽ മുംബൈയുടെ ഒരു ഷോട്ടിനെ ഫ്ലയിങ് ഹെഡറിലൂടെ തട്ടിയകറ്റിയ ധീരജിനെ ഗാലറിയും കൈയടികളോടെ അഭിവാദ്യം ചെയ്തു.

സമനില ഗോൾ നേടിയ മുംബൈ താരങ്ങളുടെ ആഹ്ലാദം


പ്രതിരോധം, സമനില
ലീഡുയർത്താനുള്ള ശ്രമങ്ങളെല്ലാം പിഴച്ചതോടെ അടിച്ച ഗോളിനെ പ്രതിരോധിക്കാനായി ബ്ലാസ്​റ്റേഴ്സ് ശ്രമങ്ങൾ. ബ്ലാസ്​റ്റേഴ്സ് ബോക്സിനുള്ളിൽ നങ്കൂരമിട്ട് നിന്ന മൊഡു സൗഗോയെയും റാഫേൽ ബാസ്​റ്റോസിെനയും പിടിച്ചുകെട്ടാൻ ജിങ്കാനും പെസിചും നന്നായി പാടുപെട്ടു. അവസാന മിനിറ്റുകളിൽ ഏതുനിമിഷവും സമനില ഗോൾ വീഴാമെന്ന നിലയിലായിരുന്നു മുബൈ മുന്നേറ്റം. പകരക്കാരായെത്തിയ പ്രഞ്ജൽ ഭൂമിജും സഞ്ജു പ്രധാനും മത്യാസും നിരന്തരം ആക്രമിച്ചു. ഇതിന് അപ്രതീക്ഷിതമായിത്തന്നെ ഫലവും ലഭിച്ചു. പൊപ്ലാറ്റ്നികിനും സ്​റ്റൊയാനോവിചും രണ്ടാം പകുതിയിൽ മൂർച്ചകുറഞ്ഞപ്പോൾ കറേജ് പെകൂസൻ, സി.കെ. വിനീത്, കെസിറോൺ കിസീറ്റോ എന്നിവർ എത്തിയെങ്കിലും ഫലമുണ്ടായില്ല.

ഗോൾ 1-0
പലകുറി ഗോളിനരികിലെത്തിയ ബ്ലാസ്​റ്റേഴ്സ് ലക്ഷ്യംകണ്ട നിമിഷം. വലതുവിങ്ങിൽ മുംബൈ ബോക്സിനരികെ ബാക് ഹീൽ ക്രോസ് നൽകിയ നികോള ക്രമാരെവിചി​​െൻറ നീക്കത്തിനാണ് കൈയടി. പന്ത് നേരെ സിമെൻ ഡെൻഗലി​​െൻറ കാലിലേക്ക്. പോസ്​റ്റി​ലേക്ക് ഷൂട്ട്ചെയ്യാതെ പന്ത് ഇടതുവിങ്ങിൽ ഒാടിയെത്തിയ ഹാളിചരൺ നർസാരിയിലേക്ക്. സ്​റ്റോപ്പ് ചെയ്ത്, രണ്ടാം ടച്ചിൽ ഉഗ്രൻ ഷോട്ട്. അമരീന്ദറി​​െൻറ വലകുലുങ്ങിയ നിമിഷം.

ഗോൾ 1-1
അവസാന ശ്വാസംവരെ പോരാടാനുള്ള മുംബൈയുടെ തീരുമാനം വിജയത്തിലെത്തി. നിരന്തര ആക്രമണങ്ങളിൽ തളർന്ന ബ്ലാസ്​റ്റേഴ്സ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഇഞ്ചുറി ടൈമി​​െൻറ മൂന്നാം മിനിറ്റിൽ പ്രഞ്ജൽ ഭൂമിജ് തൊടുത്ത ലോങ്റേഞ്ചർ ഗാലറിയെ നിശ്ശബ്​ദമാക്കി.

Tags:    
News Summary - indian super league 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.