പുണെ: വിജയവുമായി െഎ.എസ്.എൽ അഞ്ചാം സീസണിന് തുടക്കം കുറിച്ച കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം സമനില. പുണെ സിറ്റിക്കെതിരെ പുണെയിൽ നടന്ന മത്സരത്തിലാണ് ഒാരോ ഗോൾ വീതം നേടി ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്. ആതിഥേയർക്കെതിരെ ബ്ലാസ്റ്റേഴ്സിെൻറ തുടർച്ചയായ മുന്നേറ്റങ്ങൾ കണ്ടാണ് പുണെയിൽ ഫുട്ബാൾ മൈതാനം ഉണർന്നത്. വേഗമേറിയ നീക്കങ്ങളും ദീർഘമായ പാസുകളുമായി നിറഞ്ഞുകളിച്ച ബ്ലാസ്റ്റേഴ്സ് മുന്നേറ്റം മൂന്നാം മിനിറ്റിൽ തന്നെ ഗോളിനടുത്തെത്തിയെങ്കിലും മൂർച്ചയില്ലാത്തതിനാൽ ലക്ഷ്യം പിഴച്ചു.
അഞ്ചാം മിനിറ്റിൽ വിനീതും തൊട്ടുടൻ സഹൽ അബ്ദുസ്സമദും നടത്തിയ നീക്കങ്ങളും കേരള ക്യാമ്പിൽ പ്രതീക്ഷ പകർന്ന് പോസ്റ്റിനു മുന്നിൽ വഴിമാറി. വൈകാതെ സ്റ്റൊയാനോവിച്ചും പൊപ്ലാറ്റ്നികും ചേർന്ന് നടത്തിയ ആക്രമണം ഗോളെന്നു തോന്നിച്ചെങ്കിലും ഗോളിയുടെ കൈകളിലൊതുങ്ങി. ഇതിനിടെയാണ് കളിയുടെ ഒഴുക്കിനെതിരെ പുണെ സ്കോർ ചെയ്യുന്നത്. സ്വന്തം ഹാഫിൽ വട്ടമിട്ടുനിന്ന പന്ത് വീണുകിട്ടിയ പുണെ താരങ്ങൾ കൗണ്ടർ അറ്റാക്കിൽ ഗോളാക്കി മാറ്റുകയായിരുന്നു.
പെനാൽറ്റി ബോക്സിനു പുറത്ത് മാർകോ സ്റ്റാൻകോവിച് എടുത്ത ഇടംകാലൻ ഷോട്ട് ബ്ലാസ്റ്റേഴ്സ് കീപ്പർ നവീൻ കുമാറിന് അവസരമൊന്നും നൽകിയില്ല. കളിയുടെ 13ാം മിനിറ്റിൽ തന്നെ ഗോൾ വീണ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ജാംഷഡ്പുരിനോട് വെറുതെ വഴങ്ങിയ സമനിലക്കു സമാനമായ നിർഭാഗ്യം മുന്നിൽക്കണ്ടാണ് കളി വീണ്ടും കൊഴുപ്പിച്ചത്.
അവസരങ്ങൾ പലത് നഷ്ടപ്പെടുത്തിയതിനൊടുവിൽ 41ാം മിനിറ്റിലാണ് ബ്ലാസ്റ്റേസിനെ ആവേശത്തിലാഴ്ത്തി പന്ത് ഗോൾലൈൻ ‘കടന്നത്’.
ഗോൾപോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് അടിച്ചുകയറ്റിയ ക്രമാരവിച് ആഘോഷം തുടങ്ങിയെങ്കിലും റഫറി വിസിൽ മുഴക്കിയിരുന്നില്ല. നിരന്തരം ആവശ്യമുന്നയിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങൾ റഫറിക്കൊപ്പം നിന്നെങ്കിലും ഗോൾ അംഗീകരിക്കപ്പെട്ടില്ല. ഫിഫ പരീക്ഷിച്ച ‘വാർ’ ഉണ്ടായിരുന്നുവെങ്കിലെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൊതിച്ചുപോയ മുഹൂർത്തം.
ഒരു ഗോളിന് പിന്നിൽനിന്ന് ആദ്യ പകുതി പിരിഞ്ഞ കേരളം അടിമുടി മാറിയാണ് രണ്ടാം പകുതിയിൽ വീണ്ടുമിറങ്ങിയത്. 61ാം മിനിറ്റിൽ അതിന് ഫലവും കണ്ടു. ഒരിക്കൽ ഗോളിനരികെയെത്തിയ ക്രമാരവിച് തന്നെയായിരുന്നു ഇത്തവണയും സ്കോർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.